Today: 26 Mar 2017 GMT   Tell Your Friend
Advertisements
ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന വെടിക്കെട്ട് അനിവാര്യമോ?
Photo #1 - America - Samakaalikam - an_article_by_fr_johnson_punchakonam
Photo #2 - America - Samakaalikam - an_article_by_fr_johnson_punchakonam
മനുഷ്യന്‍ ഉള്‍പ്പടെ ജീവനുള്ളവയുടെയെല്ലാം ശ്രവണം, കാഴ്ച എന്നിവയ്ക്ക് അതിശക്തമായ പ്രഹരം ഏല്‍പ്പിക്കുന്ന ഉഗ്രശേഷിയുള്ള ബോംബുകളും അമിട്ടുകളുമാണു നമ്മുടെ പെരുന്നാളുകളുടെയും ആഘോഷങ്ങളുടെയും പേരില്‍ പൊട്ടി അമരുന്നത്. വെടിക്കെട്ടുകള്‍ നമുക്ക് എക്കാലവും മനോഹരകാഴ്ചകള്‍ സമ്മാനിക്കുമ്പോള്‍ അതിനുപിന്നിലെ സ്ഫോടനശേഷിയുള്ള രാസവസ്തുക്കളെക്കുറിച്ച് നാം ചിന്തിക്കാറേ ഇല്ല.

അമിട്ടുകള്‍, കതിനകള്‍, പടക്കങ്ങള്‍ എന്നിവ ഉണ്ടാക്കുവാന്‍ സാധാരണ ഗണ്‍പൗഡറാണ് ഉപയോഗിക്കുന്നത്. വിവിധ രാസവസ്തുക്കളുടെ സമ്മിശ്രമാണ് ഈ ഗണ്‍പൗഡര്‍ എന്ന് നമുക്കറിയാം. കാഴ്ചകള്‍ മനോഹരമാക്കുവാന്‍ വിവിധ വര്‍ണങ്ങള്‍ പൊഴിക്കുന്ന വെടിക്കെട്ടുകള്‍ ആഘോഷങ്ങളിലെ മത്സരങ്ങള്‍ക്ക് വഴി മാറുമ്പോള്‍ നിയമങ്ങളും ചട്ടങ്ങളും ഇവിടെ നോക്കുകുത്തികളായി മാറുന്നു.

ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിന് എകദേശം 200 വര്‍ഷത്തെ ചരിത്രപാരമ്പര്യം മാത്രമേ ഉള്ളൂ. തൃശൂര്‍ പൂരത്തിന്റെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഇനങ്ങളായ വെടിക്കെട്ടും കുടമാറ്റവും പൂരച്ചമയപ്രദര്‍ശനവും മേളവും ഇത്രയും വിപുലമായി തുടങ്ങിയിട്ട് അധിക വര്‍ഷങ്ങളായിട്ടില്ല. ഓരോ വര്‍ഷവും ചെലവഴിക്കുന്ന തുകയുടെ വലിപ്പവും കൂടികൊണ്ടിരിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്നതും അതേസമയം ഹൃദയം തകര്‍ക്കുന്നതുമായ വെടിക്കെട്ട്, ഓലപ്പടക്കം, ഗുണ്ട്, കുഴിമിന്നല്‍, ഡൈന എന്നിവ ചേര്‍ന്നുള്ള വെടിക്കെട്ട് പൂരത്തിന്റെ സവിശേഷതയാണ് എന്നതില്‍ തര്‍ക്കമില്ല. ഈ വെടിക്കോപ്പുകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ എന്തൊക്കെയെന്നു നാം അറിഞ്ഞിരിക്കണം. അപ്പോഴാണ് ഇത് നിരോധിക്കേണ്ടതാണോ എന്ന ബോധ്യം നമുക്കുണ്ടാവുക.

ചുവപ്പുനിറം കിട്ടാന്‍ സ്ട്രോന്റിയം കാര്‍ബണൈറ്റ് : (SrCO3 (strontium carbonate) Li2CO3 (lithium carbonate) LiCl (lithium chloride)

ഓറഞ്ച് നിറത്തിനു കാല്‍സിയം ക്ളോറൈഡ്, (CaCl2 (calcium chloride)

മഞ്ഞനിറത്തിനു സോഡിയം നൈട്രേറ്റ്, (NaNO3 (sodium ntirate)

പച്ചനിറം കിട്ടാന്‍ ബറിയം ക്ളോറൈഡ്, (BaCl2 (barium chloride)

നീലനിറത്തിനു കോപ്പര്‍ ക്ളോറൈഡ്, (CuCl2 (copper chloride), at low temperature)

ഇന്‍ഡിഗോ നിറത്തിനു സിസിയം നൈട്രേറ്റ്, (CsNO3 (cesium ntirate)

വയലറ്റ് നിറത്തിനു പൊട്ടാസ്യം നൈട്രേറ്റ്, റുബീഡിയം നൈട്രേറ്റ് (KNO3 (potassium ntirate), RbNO3 (rubidium ntirate) എന്നിവയും

സ്വര്‍ണനിറത്തിനു ചാര്‍ക്കോള്‍ (കരി), (Charcoal, iron, or lampblack)

വെള്ളനിറത്തിനു ടൈറ്റാനിയം, അലൂമിനിയം (Titanium, aluminium, beryllium, or magnesium powders) എന്നിവയുമാണ് ഗണ്‍പൗഡറില്‍ സാധാരണ ഉപയോഗിക്കാറുള്ളത്.

സംസ്ഥാനത്തെ കോളജുകളിലെ ലാബുകളില്‍പ്പോലും അമോണിയം നൈട്രേറ്റ് പോലുള്ള രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദമില്ല എന്നിരിക്കേയാണ് ഈ പദാര്‍ഥങ്ങള്‍ എന്താണെന്നുപോലും അറിയാത്തവരായ അക്ഷരാഭ്യാസം പോലും ഇല്ലാത്ത കൂലിപ്പണിക്കാരാണ് ഇവ കൈകാര്യം ചെയ്യുന്നത് എന്നോര്‍ക്കണം. വെടിക്കെട്ടുകള്‍ കാഴ്ചയ്ക്കും കേള്‍വിക്കും താല്ക്കാലികസുഖം നല്‍കുമെന്നതുകൊണ്ടാണ് ജനം ഇത്തരം സ്ഥലങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. എന്നാല്‍ ഇതിന്റെ അനന്തര ഫലങ്ങള്‍ നാം അറിയുന്നുപോലുമില്ല.

പരിസ്ഥിതിമലിനീകരണം

അമിട്ടുകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന പ്ളാസ്ററിക്കിലെ ടോക്സിക് വസ്തുക്കള്‍ അന്തരീക്ഷത്തില്‍ കത്തിയമരുമ്പോള്‍ ഡയോക്സിന്‍ എന്ന ഏറ്റവും അപകടകാരിയായ വസ്തു അന്തരീക്ഷത്തിലും ഭൂമിയിലും വ്യാപിക്കും. കൂടാതെ അമിട്ടുകള്‍, കതിനകള്‍, പടക്കങ്ങള്‍ എന്നിവ പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന അധിക താപോര്‍ജ വിസര്‍ജനം മൂലം സൂര്യതാപത്തില്‍ വര്‍ധനയുണ്ടാകും. ഈ വര്‍ധന പ്രാദേശിക കാലാവസ്ഥയില്‍ വരുത്തുന്ന മാറ്റങ്ങള്‍ പോലും ഭൂമിയുടെ ഭൗതിക പരിസ്ഥിതിയില്‍ ഗുരുതരമായ വ്യതിയാനങ്ങള്‍ വരുത്താന്‍ ഉതകുന്നതാണ്. ഇതുമൂലം സമീപ പ്രദേശങ്ങളിലെ ജലം മലിനീകരിക്കപ്പെടും. ചിതറി വീഴുന്ന പാഴ് വസ്തുക്കള്‍ മണ്ണിനെ മലിനമാക്കും. റേഡിയോ ആക്ടീവ് മലിനീകരണം, വായു മലിനീകരണം, അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വ്യത്യാസം എന്നിവ പാര്‍ശ്വഫലങ്ങളാണ്. ഹരിതഗൃഹവാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വര്‍ധിക്കുന്നതും അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവില്‍ ഗണ്യമായ വര്‍ധനയുമുണ്ടാകും. ഭൂമിയിലെ ജൈവ പ്രക്രിയയില്‍ പ്രധാനപ്പെട്ട സ്ഥാനമാണ് ബാക്ടീരിയക്കുള്ളത്. ജലസ്രോതസുകളുടെ ശുചീകരണപ്രക്രിയ സാധ്യമാക്കുന്നത് ഇതാണ്. ഈ ബാക്ടീരിയകളെപ്പോലും ഇല്ലാതാക്കുന്നതാണു നാം പൊട്ടിക്കുന്ന അമിട്ടുകള്‍ എന്ന് നാം ഓര്‍ക്കുന്നില്ല.

ശബ്ദമലിനീകരണം

ഒരു മനുഷ്യന് താങ്ങാന്‍ പറ്റുന്ന പരമാവധി ശബ്ദം 80 ഡെസിബല്‍ ആണ്. നൂറു ഡെസിബലില്‍ അധികമുള്ള ശബ്ദം ബധിരത സൃഷ്ടിക്കുവാന്‍ കാരണമാകും. തലച്ചോറിനെ ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നതും ശബ്ദമലിനീകരണം തന്നെയാണ്. ശബ്ദമലിനീകരണം ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവനുപോലും ഭീഷണിയാണ്. മനുഷ്യന്റെയോ മറ്റുജീവജാലങ്ങളുടെയോ സൈ്വര്യജീവിതത്തെ അഥവാ സന്തുലനാവസ്ഥയെ താളംതെറ്റിക്കുന്ന അമിതവും അസഹ്യവുമായ ശബ്ദമാണ് ഓരോ ആഘോഷങ്ങളിലും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്. ഇത് ജീവനുള്ളവയുടെയെല്ലാം ആരോഗ്യത്തെ സാരമായി ബാധിക്കും. നാഡീഞരമ്പുകള്‍, ഹൃദയം തുടങ്ങിയ മനുഷ്യാവയവങ്ങള്‍ക്ക് ക്ഷതംമേല്‍ക്കുന്നതിനും മാനസിക പിരിമുറുക്കത്തിനും കേള്‍വിശേഷി നഷ്ടപ്പെടലിനും കാരണമാകും. അത്യുച്ചത്തിലുള്ള 120 ഡെസിബല്‍ കൂടുതലുള്ള ശബ്ദം അരമണിക്കൂറിലേറെ സമയം തുടര്‍ച്ചയായി കേട്ടാല്‍ അതു മനുഷ്യന്റെയും ജന്തുക്കളുടെയും കാതിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ശബ്ദമലിനീകരണം മൂലം പിരിമുറുക്കം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കേള്‍വിക്കുറവ്, മറവിരോഗം തുടങ്ങി മാനസികവും ശാരീരികവുമായ പ്രശനങ്ങള്‍ക്ക് കാരണമാകും. നമ്മുടെ ആഘോഷങ്ങളിലെ പടക്കങ്ങളും വെടിക്കെട്ടുകളും പൂത്തിരികളും മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം ഇന്നത്തെ നിയമമനുശാസിക്കുന്നതിലും എത്രയോ പതിന്മടങ്ങാണ്.

ജലമലിനീകരണം

പടക്കങ്ങളും വെടിക്കെട്ടുകളും പൂത്തിരികളും പൊട്ടി ചിതറി സമീപ പ്രദേശങ്ങളിലെ കിണറുകള്‍, ജലാശയങ്ങള്‍, നദികള്‍ എന്നിവകളിലേക്കു പതിക്കുമ്പോള്‍ ഉണ്ടാകുന്ന ജലമലിനീകരണത്തിന് കാര്‍ബണികമോ അകാര്‍ബണികമോ ആയ പദാര്‍ഥങ്ങള്‍ കാരണമാകുന്നു എന്നു നമുക്കറിയാം. ജലം മികച്ച ഒരു ലായകമായതിനാല്‍ ചെറിയ അളവിലും അതിലേക്കു വീഴുന്ന പദാര്‍ഥങ്ങളെ ലയിപ്പിക്കും. ജൈവവിഘടനത്തിനു വിധേയമാകുന്ന കാര്‍ബണികവസ്തുക്കള്‍ ശുദ്ധീകരണപ്രക്രിയയില്‍ സങ്കീര്‍ണങ്ങളായ കാര്‍ബണികതന്മാത്രകളെ സൂക്ഷ്മാണുക്കള്‍ വിഘടിച്ച് ഹാനികരമായ പദാര്‍ഥങ്ങളാക്കി മാറ്റുന്നു. ജലത്തില്‍ ലയിച്ചുചേര്‍ന്ന പദാര്‍ഥങ്ങളുടെ അളവ് കൂടുന്നതിനനുസരിച്ച് ഓക്സിജന്റെ അളവ് ഗണ്യമായി കുറയുന്നു. ഈ ജലം ഉപയോഗിക്കുന്ന ജീവനുള്ളവക്കെല്ലാം ശ്വാസകോശാര്‍ബുദം, ആസ്തമ, അലര്‍ജി, ശ്വാസസംബന്ധമായ മറ്റു രോഗങ്ങള്‍ എന്നിവ ബാധിക്കും. സമീപ പ്രദേശങ്ങളിലെ വൃക്ഷങ്ങളും ചെടികളും വരെ ഉണങ്ങി കരിഞ്ഞുപോകും.

പുകപടലങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം

സമീപപ്രദേശത്തൊക്കെയും ചിതറി വീഴുന്ന മാലിന്യങ്ങള്‍മൂലം ഉണ്ടാകുന്ന ദുരന്തങ്ങള്‍ മനുഷ്യനും മറ്റു ജീവികളും കാലങ്ങളോളം അനുഭവിക്കേണ്ടി വരുന്നു. ഇതുമൂലം ജീവനുള്ളവയുടെയെല്ലാം കേള്‍വിക്കും കാഴ്ചശക്തിക്കും അപാരമായ കോട്ടം സംഭവിക്കുന്നു. മനുഷ്യനു ചികിത്സ തേടാം. സമീപ പ്രദേശങ്ങളിലെ മൃഗങ്ങളും പക്ഷിമൃഗാദികളും ജീവജാലങ്ങളും എവിടേക്ക് ചികിത്സതേടി പോകും? പെട്ടന്നുണ്ടാകുന്ന കാതടപ്പിക്കുന്ന കഠോരശബ്ദം മൂലം വളര്‍ത്തു മൃഗങ്ങളും വന്യമൃഗങ്ങളും അവയുടെ കൂട് വിട്ട് ഓടി പോകേണ്ടിവരും. വേലികെട്ടുകളും മുള്‍പടര്‍പ്പുകളും താണ്ടി ഓടുമ്പോള്‍ അവകള്‍ക്കൊക്കെ സാരമായ പരിക്കു പറ്റും. ചിലതിനു മരണം തന്നെ സംഭവിക്കും. അവയുടെ വേദനയും കണക്കുകളും നാം അന്വേഷിക്കാറില്ല. സമീപ നീര്‍ചാലുകലിലെ മത്സ്യങ്ങള്‍ പോലും ചത്തു പൊങ്ങും എന്നാണ് ആധികാരിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. വെടിക്കെട്ടുകള്‍ക്ക് ഉപയോഗിക്കുന്ന പ്ളാസ്ററിക് തുടങ്ങിയ സാധനങ്ങള്‍ സമീപ ദേശങ്ങളിലോക്കെയും ചിതറിവീഴും. മലീമസമാകുന്ന കിണറുകളിലെ ജലം, സമീപ പ്രദേശങ്ങളില്‍ കൃഷിചെയ്യുന്ന പച്ചക്കറികള്‍ എന്നിവ ഉപയോഗിക്കുന്നതുമൂലം തൈറോയിഡ് ഗ്ളാന്‍ഡിന് ഉണ്ടാകാവുന്ന അസുഖങ്ങള്‍, ആസ്മാ രോഗികള്‍ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ ഉള്‍പ്പെടെ നിരവധി തീരാവ്യാധികള്‍ പില്‍ക്കാലത്ത് ഉണ്ടാകുമെന്നുള്ളതും ഗവേഷക പഠനങ്ങള്‍ സാക്ഷീകരിക്കുന്നു.

ഏഴാം നൂറ്റാണ്ടില്‍ ടാങ്ക് ടൈനസ്ററിയുടെ കാലത്ത് കരിമരുന്ന് പ്രയോഗം കണ്ടു പിടിച്ചു എന്നാണ് ചരിത്രം സാക്ഷിക്കുന്നത്. ദുഷ്ടാത്മ ശക്തികളെ ഓടിക്കുവാനെന്നപേരില്‍ 12~ാം നൂറ്റാണ്ടിലാണ് ചൈനക്കാര്‍ ഇത് ഉപയോഗിക്കാന്‍ തുടങ്ങിയത്. പിന്നീട് 18~ാം നൂറ്റാണ്ടായപ്പോഴേക്കും ചൈനാക്കാര്‍ കെട്ടിയെഴുന്നള്ളിച്ച വെടിക്കെട്ട് ഭാരതത്തിലെയും പ്രത്യേകിച്ച് കേരളത്തിലെയും ദേവാലയങ്ങളുടെയും അമ്പലങ്ങളുടെയും പാരമ്പര്യ ആചാരമാണെന്ന് സാധാരണ മനുഷ്യനെ തെറ്റിദ്ധരിപ്പിച്ച് ഭക്തിയും വിശ്വാസവും ആവശ്യത്തിന് മേമ്പൊടി കൂട്ടികലര്‍ത്തി ഉപയോഗിക്കുവാന്‍ തുടങ്ങി. ആദ്യ കാലങ്ങളില്‍ വളരെ കുറച്ചു മാത്രമേ ഇവയുടെ ഉപയോഗം ഉണ്ടായിരുന്നുള്ളൂ.

ഇവിടെ ആധുനികകാലഘട്ടത്തിലെ സമ്പന്നതയുടെ സ്പോന്‍സര്‍മാര്‍ വിസ്മരിച്ചു പോകുന്ന ചില യാഥാര്‍ത്യങ്ങളുണ്ട്. അറിഞ്ഞോ അറിയാതെയോ നിങ്ങള്‍ കൊന്നൊടുക്കുവാന്‍ കൂട്ടുനില്‍ക്കുന്നത് നിങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു ജനതതിയുടെ ആവാസവ്യവസ്ഥയാണ്. ഇന്നലകളില്‍ ചിതറിവീണ മാംസകഷണങ്ങളുടെ ഭീഭല്‍സ ചിത്രങ്ങള്‍ ഇനിയെങ്കിലും അധികാരികള്‍ക്കും ചുമതലക്കാര്‍ക്കും ഒരു വീണ്ടുവിചാരത്തിനു കാരണമാകുന്നില്ലെങ്കില്‍ നമ്മിലെ മൃഗീയത ഇനിയും അവശേഷിക്കുന്നു എന്നതാണുസത്യം. ദേശീയദുരന്തത്തിനു സമാനമായ ദുഃഖം ഇന്ന് കേരളജനത അനുഭവിക്കുന്ന ഈ സാഹചര്യത്തിലെങ്കിലും എന്റെ സഹോദരന്റെ ജീവനെ സ്നേഹിക്കുവാന്‍ ഉതകുന്ന തീരുമാനങ്ങളെടുക്കുവാന്‍ ദേവാലയങ്ങളുടെയും അമ്പലങ്ങളുടെയും ഭരണകര്‍ത്താക്കള്‍ക്കു സാധിക്കണം. ഓരോ ജീവനും വിലയേറിയതാണ്. ഓരോ അപകടങ്ങളും നമ്മുടെ മുന്‍പില്‍ സംഭവിക്കുമ്പോള്‍ അതില്‍നിന്നു നാം ഇനിയും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും വീണ്ടും അത് ആവര്‍ത്തിക്കാതിരിക്കാനും ആവശ്യമായ നിലപാടുകളും തീരുമാനങ്ങളും എടുത്ത് പ്രാവര്‍ത്തികമാക്കാന്‍ നമുക്കു സാധിക്കണം.

"ഭൂമി മനുഷ്യന്റേതല്ല, മനുഷ്യന്‍ ഭൂമിയുടേതാണ്. രക്തം മനുഷ്യശരീരത്തെ യോജിപ്പിക്കുന്നത് പോലെ പ്രകൃതിയിലെ ഓരോ ആവാസവ്യവസ്ഥകളും പരസ്പരപൂരകങ്ങളാണ്. ഇവിടെ നാം ജീവന്റെ വലയിലെ കണ്ണികള്‍ നെയ്യുന്നില്ല, ഓരോരുത്തരും ഒരിഴ മാത്രമാണ്. ആ വലയോട് നാം ചെയ്യുന്നത് എന്തും നമ്മോട് ചെയ്യുന്നതാകുന്നു' എന്ന് ചീഫ് സിയാറ്റിന്‍ പറയുന്നതുപോലെ പ്രകൃതിയുടെ ജീവന്റെ നിലനില്‍പ്പിനുവേണ്ടി നമുക്കും ഒരുമിക്കാം. വരും തലമുറകള്‍ക്കുവേണ്ടി ഈ പ്രപഞ്ചത്തിന്റെ ഐശ്വര്യം നമുക്ക് പകര്‍ന്നു നല്‍കാം.

ഇന്നലെ കൊഴിഞ്ഞു വീണ എന്റെ സഹോദരങ്ങളുടെ ജീവനുമുമ്പില്‍ ഒരു തുള്ളി കണ്ണുനീരെങ്കിലും പൊഴിക്കുവാന്‍ ബാക്കി ഉണ്ടെങ്കില്‍ നമ്മുടെ നിയതനിയമങ്ങളും രാഷ്ട്രീയവും ജാതിയും മതവും വിഭാഗവും പണവും കൂട്ടുകെട്ടുകളും ഒന്നും വിലങ്ങുതടിയാകാതെ ഞാന്‍ എന്റെ ആരാധന സ്ഥലത്ത് സ്ഫോടക വസ്തുക്കള്‍ ഒഴിവാക്കും എന്ന തീരുമാനം എടുത്തുകൊണ്ട് സ്വയപ്രഖ്യാപിത നിരോധനം നടപ്പാക്കാം.
- dated 15 Apr 2016


Comments:
Keywords: America - Samakaalikam - an_article_by_fr_johnson_punchakonam America - Samakaalikam - an_article_by_fr_johnson_punchakonam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us