Today: 16 Sep 2019 GMT   Tell Your Friend
Advertisements
മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ യാത്ര
ജനീവ:രണ്ടാഴ്ചയോളം നീണ്ടുനിന്ന വിദേശയാത്ര കഴിഞ്ഞ് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇന്ന് കേരളത്തില്‍ തിരിച്ചെത്തി. മുഖ്യമന്ത്രി യാത്രയില്‍ ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ വേഷത്തെ പറ്റി വരെ ചര്‍ച്ച ഉണ്ടായി. പക്ഷെ യാത്രക്ക് ശേഷം ഇന്ന് മുഖ്യമന്ത്രി ഒരു മണിക്കൂര്‍ നേരം അദ്ദേഹത്തിന്റെ യാത്രകളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചു, അദ്ദേഹം കണ്ടതും കേട്ടതും ആയ പുതിയ ആശയങ്ങള്‍ പങ്കുവച്ചു. എന്നിട്ടും അതിനെ പറ്റി ഒരു ചോദ്യവും ഉണ്ടായില്ല. എന്തും വിവാദമാക്കാന്‍ മാത്രം ആഗ്രഹമുള്ള ആളുകള്‍ കുറേ ഉള്ള ലോകത്ത് ഇത്തരം യാത്രകളുടെ യഥാര്‍ത്ഥ ഉദ്ദേശ്യവും പ്രയോജനവും അറിയാന്‍ ആഗ്രഹമുള്ള ബഹുഭൂരിപക്ഷം മലയാളികള്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്.

യാത്രയുടെ ഉദ്ദേശ്യം: ഈ വര്‍ഷം ഒന്നാം തിയതി ഞാന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. സിദ്ധാര്‍ത്ഥിന്റെ കലണ്ടര്‍ നല്‍കാനാണ് പോയതെന്നാണ് അന്നു പറഞ്ഞതെങ്കിലും അതിനൊരു പ്രത്യേക ലക്ഷ്യമുണ്ടായിരുന്നു. മേയ് മാസത്തില്‍ ജനീവയില്‍ നടക്കുന്ന ലോക പുനര്‍ നിര്‍മ്മാണ സമ്മേളനത്തില്‍ (ണീൃഹറ ഞലരീിേെൃൗരശേീി ഇീിളലൃലിരല) പങ്കെടുക്കാനുള്ള മുഖ്യമന്ത്രിയുടെ താല്പര്യവും ലഭ്യതയും അറിയുക എന്നതായിരുന്നു അത്. നാലാമത്തെ ലോക പുനര്‍നിര്‍മ്മാണ കോണ്‍ഫറന്‍സ് ആണിത്. ആ സമ്മേളനത്തിന്റെ വിവരങ്ങളും ലക്ഷ്യങ്ങളും ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. മേയ് മാസത്തില്‍ തിരഞ്ഞെടുപ്പാണെന്നും, സാധാരണഗതിയില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് മേയ് പതിമൂന്നിന് മുന്‍പ് കഴിയുമെന്നും, അതിനാല്‍ തന്നെ പങ്കെടുക്കുവാന്‍ പരമാവധി ശ്രമിക്കാമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

ലോകബാങ്കും ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ കമ്മീഷനും സംയുക്തമായിട്ടാണ് ലോക പുനര്‍ നിര്‍മാണ സമ്മേളനങ്ങള്‍ നടത്തുന്നത്. സമ്മേളനം തുടങ്ങുന്ന ഓപ്പണിങ് പ്ളീനറി, സമ്മേളന ദിവസങ്ങളിലുള്ള മൂന്നോ നാലോ പ്ളീനറി സെഷന്‍, ഒരേ സമയം പല ഹാളുകളില്‍ നടക്കുന്ന സമാന്തര സാങ്കേതിക സമ്മേളനങ്ങള്‍ ഇങ്ങനെയാണ് സമ്മേളനത്തിന്റെ രീതി. ഇതുവരെയുള്ള ഓരോ ലോക പുനര്‍ നിര്‍മ്മാണ സമ്മേളനത്തിലും പരിസ്ഥിതിയും പുനര്‍ നിര്‍മ്മാണവും എന്ന വിഷയത്തില്‍ ഒരു സമാന്തര സെഷന്‍ സംഘടിപ്പിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. ഈ തവണ പരിസ്ഥിതി സെഷനില്‍ കേരളം ചര്‍ച്ചാവിഷയം ആക്കാമെന്നും അതിലേക്ക് മുഖ്യമന്ത്രിയെ പ്രധാന സംഭാഷണം നടത്താന്‍ വിളിക്കാമെന്നുമായിരുന്നു എന്റെ പദ്ധതി. മുഖ്യമന്ത്രി സമ്മേളനത്തിന് വരാമെന്ന് സമ്മതിച്ചെന്ന് ഞാന്‍ സംഘാടകരോട് പറഞ്ഞ ഉടന്‍ തന്നെ അദ്ദേഹത്തിന് ഒരു പ്ളീനറി സമ്മേളനത്തില്‍ സംസാരിക്കാനുള്ള സമയം അവര്‍ വാഗ്ദാനം ചെയ്തു. ഒരാഴ്ചക്ക് ശേഷം ആദ്യത്തെ പ്ളീനറിയില്‍ (ഓപ്പണിങ് പ്ളീനറി) മുഖ്യ പ്രഭാഷണം നടത്താന്‍ തന്നെ അദ്ദേഹത്തെ ക്ഷണിക്കുകയാണെന്ന് ഐക്യരാഷ്ട്ര വികസന പദ്ധതി (ഡചഉജ) യുടെ അസിസ്ററന്റ്റ് സെക്രട്ടറി ജനറലിന്റെ ഓഫീസ് എന്നെ അറിയിച്ചു. ഇതുവരെ ഇന്ത്യയിലെ ഒരു മന്ത്രിക്കോ മുഖ്യമന്ത്രിക്കോ ലഭിക്കാത്ത ഒരു അവസരമാണിത്.

സ്വിറ്റ്സര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ പാലായില്‍ നിന്നുള്ള ശ്രീ സിബി ജോര്‍ജ്ജ് ആണ്. കേരളത്തിന്റെ മുഖ്യമന്ത്രി സ്വിറ്റ്സര്‍ലണ്ടില്‍ വരുന്നു എന്നത് അദ്ദേഹത്തിന് ഏറെ സന്തോഷം ഉണ്ടാക്കി. മുഖ്യമന്ത്രിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വിഷയം മാലിന്യ നിര്‍മ്മാര്‍ജ്ജനം ആണ്.
ജനീവയിലേയും ബേണിലെയും മാലിന്യനിര്‍മ്മാജ്ജന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹം മുഖ്യമന്ത്രിക്ക് അവസരം ഒരുക്കി. അത് കൂടാതെ സ്വിസ് പാര്ലിമെന്റ്റ് അംഗങ്ങള്‍, നിക്ഷേപകര്‍, കേന്ദ്ര മന്ത്രി എന്നിങ്ങനെ സാധാരണ ഗതിയില്‍ ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് ലഭിക്കാത്ത തരത്തില്‍ ഉള്ള മീറ്റിംഗ് അവസരങ്ങള്‍ ആണ് മുഖ്യമന്ത്രിക്ക് സ്വിറ്റ്സര്‍ലന്‍ഡില്‍ ലഭിച്ചത്.

നെതര്‍ലാന്‍ഡ്സിലെ സന്ദര്‍ശനം: പ്രളയങ്ങള്‍ ഏറെ അതിജീവിച്ച, വെള്ളത്തോടൊപ്പം ജീവിക്കാന്‍ പഠിച്ച ഒരു രാജ്യമാണ് നെതര്‍ലാന്‍ഡ്സ്. കേരളത്തിലെ പ്രളയകാലത്ത് അവിടെ നിന്നും വിദഗ്ധര്‍ കേരളത്തിലെത്തിയിരുന്നു. പുനര്‍നിര്‍മ്മാണ പദ്ധതികള്‍ തയ്യാറാക്കുന്നതിലെ നെതര്‍ലാന്‍സിലെ വിദഗ്ദ്ധര്‍ കേരളത്തോടൊപ്പമുണ്ട്. ഇതൊക്കെ സാധ്യമാക്കുന്നത് നെതര്‍ലാന്‍സിലെ ഇന്ത്യന്‍ അംബാസഡറും എറണാകുളംകാരനായ ശ്രീ വേണു രാജാമണിയാണ്. ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ ജോലി കിട്ടിയതിനു ശേഷം അനവധി പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മുന്‍ പ്രസിഡന്റ് പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മാധ്യമ ഉപദേശകനായിരുന്നു. പോരാത്തതിന് ചിന്തകനും എഴുത്തുകാരനുമാണ്. കേരളത്തിലെ പ്രളയത്തിന് നെതര്‍ലണ്ടിലെ വിദഗ്ധരുടെ സഹായം നല്‍കുക മാത്രമല്ല, ' ണവമേ ണല ഇമി ഘലമൃി എൃീാ ഠവല ഊരേവ ഞലയൗശഹറശിഴ ഗലൃമഹമ ുീേെ 2018 എഹീീറെ' എന്നൊരു പുസ്തകം കൂടി എഴുതി അദ്ദേഹം. മുഖ്യമന്ത്രി യൂറോപ്പിലെത്തുന്നു എന്ന അവസരമുപയോഗിച്ച് മുഖ്യമന്ത്രിയെ നെതര്‍ലാന്‍സിലെ മന്ത്രിമാരുള്‍പ്പടെ ഉള്ള ആളുകളും ആയി ചര്‍ച്ച നടത്താനും പരമാവധി നല്ല ഉദാഹരണങ്ങള്‍ ഉള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ഒക്കെ ശ്രീ വേണു രാജാമണി അവസരമൊരുക്കി.

ലണ്ടന്‍ സന്ദര്‍ശനം: കിഫ്ബി ഇറക്കിയ മസാല ബോണ്ടുകള്‍ ലണ്ടന്‍ സ്റേറാക്ക് എക്സ്ചേഞ്ചില്‍ ട്രേഡ് ചെയ്തു തുടങ്ങിയിട്ട് കുറച്ചു നാളായി. സാധാരണ ഇത്തരം പുതിയ സംരംഭങ്ങള്‍ വരുന്പോള്‍ ആ സ്ഥാപനത്തിന്റെ മേധാവിക്ക് ഒരു ദിവസം ലണ്ടന്‍ സ്റേറാക്ക് എക്സ്ചേഞ്ചിലെ ട്രേഡിങ് ഉദ്ഘാടനം ചെയ്യാനുള്ള അവസരം നല്‍കുന്ന പതിവുണ്ട്. മുഖ്യമന്ത്രി യൂറോപ്പിലുള്ള സ്ഥിതിക്ക് ഈ അവസരം ഉപയോഗിക്കാമെന്ന് കിഫ്ബി ചെയര്‍മാനായ കെ എം എബ്രഹാമും ധനകാര്യമന്ത്രി തോമസ് ഐസക്കും ചിന്തിച്ചു. അങ്ങനെ യാത്ര ലണ്ടനിലേക്കും നീണ്ടു.

പാരീസില്‍ ഒരു ദിവസം: ആഗോള സാന്പത്തിക ശാസ്ത്ര രംഗത്ത് ഇപ്പോള്‍ പ്രസക്തമായ ഒരു ശബ്ദമാണ് പ്രൊഫസര്‍ തോമസ് പിക്കറ്റിയുടേത്. സമൂഹത്തിലെ സാന്പത്തിക അസമത്വങ്ങളെപ്പറ്റി അദ്ദേഹം നടത്തിയ പഠനം ഏറെ ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ 'ന്യായ്' പദ്ധതിയുടെ ഡിസൈനിലും അദ്ദേഹത്തിന്റെ അഭിപ്രായം ചോദിച്ചിരുന്നു എന്നാണറിയുന്നത്. മുഖ്യമന്ത്രിക്ക് അദ്ദേഹത്തോട് ആശയവിനിമയം നടത്താനുള്ള ഒരു സാഹചര്യം പാരീസില്‍ ഒത്തുവന്നതിനാല്‍ ജനീവക്കും ലണ്ടനുമിടയില്‍ ഏതാനും മണിക്കൂറുകള്‍ പാരീസില്‍ ചെലവഴിക്കാമെന്നും മുഖ്യമന്ത്രി സമ്മതിച്ചു.

മുഖ്യമന്ത്രിയുടെ കൂടെ ചീഫ് സെക്രട്ടറി ഉള്‍പ്പടെ ഉള്ള ഉദ്യോഗസ്ഥരും എത്തിയിരുന്നു. ഔദ്യോഗിക സംഘത്തിന്റെ ഭാഗം അല്ലെങ്കിലും മേയ് എട്ടാം തിയതി നെതര്‍ലാന്റ്സില്‍ എത്തിയത് മുതല്‍ പത്തൊന്‍പതാം തിയതി പാരീസില്‍ നിന്നും തിരിച്ചു പോകുന്നതുവരെ മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളെപ്പറ്റിയും അറിയാനും, ഏറെ മീറ്റിങ്ങുകളില്‍ പങ്കാളിയാകാനും എനിക്ക് സാധിച്ചു. അതേ യാത്രയെപ്പറ്റിയും മീറ്റിങ്ങുകളെപ്പറ്റിയും നാട്ടില്‍ നടക്കുന്ന ചര്‍ച്ചകളും കമന്റുകളും ട്രോളുകളും ശ്രദ്ധിക്കാനും എനിക്കവസരം കിട്ടി. ഓരോ രാജ്യത്തും കണ്ട കാര്യങ്ങള്‍ തന്നെ ഏറെ എഴുതാനുണ്ട്, സമയം കിട്ടിയാല്‍ എഴുതാം. ഇതൊരു സമ്പൂര്‍ണ്ണ വിവരണം അല്ല, മറിച്ചു ഇത്തരം യാത്രകളെ നമ്മള്‍ എങ്ങനെ ആണ് കാണേണ്ടത്, വിലയിരുത്തേണ്ടത് എന്ന് കാണിക്കാനുള്ള ചില ഉദാഹരണങ്ങള്‍ മാത്രം.

മുഖ്യമന്ത്രിയുടെ വേഷം: ഒരാള്‍ എന്ത് ധരിക്കണമെന്നത് അയാളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായിട്ടാണ് അന്താരാഷ്ട്രമായി കരുതപ്പെടുന്നത്. അന്താരാഷ്ട്രമായ സമ്മേളനങ്ങളിലും മീറ്റിങ്ങുകളിലുമൊക്കെ വേഷത്തെ സംബന്ധിച്ച് ഔപചാരികവും അനൗപചാരികവുമായ ചില പ്രോട്ടോക്കോളുകള്‍ വേറെയുമുണ്ട്. ഇതെല്ലാം പാലിച്ച വേഷധാരണമായിരുന്നു നമ്മുടെ മുഖ്യമന്ത്രിയുടേത്. വസ്ത്രധാരണത്തെ ഒക്കെ പറ്റി അഭിപ്രായം പറയുന്നത് തെറ്റാണെന്ന് ഏതു കാലത്താണ് നമ്മുടെ നാട്ടിലെ കുറേയാളുകള്‍ മനസിലാക്കുന്നത്? . ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയാക്കുന്നവരോട് എനിക്കൊന്നും തന്നെ പറയാനില്ല.

മുഖ്യമന്ത്രിയുടെ ഭാഷ: വിദേശ സന്ദര്‍ശനത്തിന് പോകാനും അവരോട് സംസാരിക്കാനും ഒക്കെ മുഖ്യമന്ത്രിക്ക് ഇംഗ്ളീഷ് അറിയുമോ എന്ന് പലരും ചോദിച്ചിരുന്നു.
സത്യത്തില്‍ ഇതൊട്ടും പ്രധാനമായ കാര്യമല്ല. 193 അംഗരാജ്യങ്ങളുള്ള ഐക്യരാഷ്ട്ര സഭയില്‍ മൂന്നിലൊന്നു രാജ്യങ്ങളില്‍ പോലും ഇംഗ്ളീഷ് ഔദ്യോഗിക ഭാഷയല്ല. ലോക ജനസംഖ്യയില്‍ നാലിലൊന്നു പോലും ആളുകള്‍ ഇംഗ്ളീഷ് സംസാരിക്കുന്നില്ല. ഇംഗ്ളീഷ് അറിയാവുന്ന ഏറെ രാഷ്ട്രത്തലവന്മാര്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇംഗ്ളീഷ് സംസാരിക്കാറില്ല. ഇംഗ്ളീഷ് സംസാരിക്കുക, മനസിലാക്കുക എന്നത് ഔദ്യോഗിക വിദേശ സന്ദര്‍ശനത്തിന് ഒട്ടും ആവശ്യമുള്ള കാര്യമല്ല. ലോകരാജ്യങ്ങളുമായി ദിനം പ്രതി ബന്ധപ്പെടുന്ന ഞങ്ങളെല്ലാം ഒരു നേതാവിന്റെ അറിവും കഴിവും ഇംഗ്ളീഷ് ഭാഷയിലെ പ്രാവീണ്യവുമായി ബന്ധപ്പെടുത്താറേയില്ല. വേണമെങ്കില്‍ പരിഭാഷകരെ അറേഞ്ച് ചെയ്യും, അതിന് വേണ്ടി തന്നെ ആളുകള്‍ ഐക്യരാഷ്ട്ര സഭയില്‍ ഉണ്ട്.

പക്ഷെ, ഒരു വര്‍ഷം മുന്‍പ് മുഖ്യമന്ത്രിയുടെ ഇംഗ്ളീഷ് ഭാഷയെപ്പറ്റി ഞാന്‍ അന്വേഷിച്ചിരുന്നു. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കേരളത്തില്‍ വരുന്നുണ്ട്. അദ്ദേഹവും മുഖ്യമന്ത്രിയുമായി ഒരു മീറ്റിങ് അറേഞ്ച് ചെയ്യണം. അതിന് പരിഭാഷകരുടെ ആവശ്യമുണ്ടോ എന്ന് യു എന്‍ ഓഫീസ് എന്നോട് അന്വേഷിച്ചു. ഇക്കാര്യം ഞാന്‍ തിരക്കുകയായിരുന്നു അന്ന്.

"ചേട്ടാ, അതിന്റെ ഒരാവശ്യവുമില്ല. മുഖ്യമന്ത്രിക്ക് നന്നായി ഇംഗ്ളീഷ് മനസിലാകും. സംസാരിക്കുകയും ചെയ്യും"

എന്ന് പറഞ്ഞത് എന്റെ സുഹൃത്ത് ബിനോയിയാണ്. ഇന്ത്യയിലെ ബംഗ്ളാദേശ് കോണ്‍സുലറും ആയി മുഖ്യമന്ത്രിയെ കാണാന്‍ പോയ പരിചയമുണ്ട് അദ്ദേഹത്തിന്. കഴിഞ്ഞ മേയ് മാസത്തില്‍ തൃശൂര്‍ ഗസ്ററ് ഹൗസില്‍ വെച്ചാണ് മുഖ്യമന്ത്രി ഞങ്ങളുടെ എക്സിക്യൂട്ടീവ് ഡയറക്ടറെ കാണുന്നത്. ചര്‍ച്ചയിലുടനീളം ഞാന്‍ കൂടെയുണ്ടായിരുന്നുവെങ്കിലും ഭാഷയുടെ കാര്യത്തില്‍ ഒരിടപെടലും നടത്തേണ്ടി വന്നില്ല. അതുകൊണ്ടു തന്നെ ഈ യൂറോപ്പ് സന്ദര്‍ശനത്തില്‍ പരിഭാഷകരുടെ ഒരാവശ്യം ഞങ്ങള്‍ ഉന്നയിച്ചിരുന്നില്ല.

ഒന്ന് കൂടി പറയാം. വിവിധ രാജ്യങ്ങളിലെ ആളുകള്‍ ഇംഗ്ളീഷ് പറയുന്നത് പല രീതിയിലാണ്. അത് പലപ്പോഴും പരസ്പരം മനസിലാകണമെന്നില്ല. അന്താരാഷ്ട്ര സാഹചര്യങ്ങളില്‍ ഇംഗ്ളീഷ് സംസാരിക്കുന്പോള്‍ ആളുകള്‍ക്ക് രണ്ടാമത് പറയേണ്ടി വരുന്നതും പരസ്പരം സഹായിക്കേണ്ടി വരുന്നതും സാധാരണയാണ്. മുപ്പത് വര്‍ഷം കേരളത്തിന് പുറത്ത് ജീവിക്കുകയും എല്ലാ ദിവസവും ഇംഗ്ളീഷില്‍ ലോകത്തെന്പാടും ഉള്ളവരുമായി സംസാരിക്കുകയും ചെയ്യുന്ന ഞാന്‍ ഇംഗ്ളീഷ് പറയുന്പോള്‍ മറ്റുള്ളവര്‍ക്ക് മനസിലാവാത്തത് സര്‍വസാധാരണമാണ്. രണ്ടു പ്രാവശ്യം പറഞ്ഞിട്ടും മനസ്സിലായില്ലെങ്കില്‍ അത് ഫോണില്‍ എഴുതിക്കാണിക്കാന്‍ എനിക്ക് ഒരു മടിയുമില്ല. മലയാളം മീഡിയത്തില്‍ പഠിച്ചാല്‍ എനിക്കിപ്പോഴും ഹാസും ഹാവും തമ്മില്‍ തിരിഞ്ഞു പോകും. ഞാന്‍ എഴുതുന്ന റിപ്പോര്‍ട്ടുകള്‍ കോപ്പി എഡിറ്റ് ചെയ്യാന്‍ വേണ്ടി മാത്രം വേറെ ആളുകള്‍ ഇവിടെ ഉണ്ട്. ഇംഗ്ളീഷ് ഭാഷ അറിയാമോ, അറിയുന്ന ഭാഷ കുറ്റമറ്റതാണോ എന്നതൊന്നുമല്ല പ്രധാനം. ചിന്തിക്കുന്ന മനസ്സുണ്ടോ ചിന്തകള്‍ക്ക് മിഴിവുണ്ടോ എന്നതാണ്. ഞാന്‍ പറഞ്ഞുവരുന്നത്
മുഖ്യമന്ത്രിയുടെ ഭാഷയെക്കുറിച്ചുള്ള ചര്‍ച്ച അനാവശ്യമാണെന്ന് മാത്രമല്ല, അത്തരം ചര്‍ച്ചകള്‍ നടത്തുന്നവരുടെ ലോകവിവരം എത്ര കുറവാണെന്നും അപകര്‍ഷതാബോധം എത്ര കൂടുതലാണെന്നുമാണ്.

എഴുതി വായിക്കുന്ന പ്രസംഗങ്ങള്‍: നമ്മുടെ മുഖ്യമന്ത്രിയുടെ പ്രസംഗം 'മറ്റാരെങ്കിലും' എഴുതിക്കൊടുക്കുന്നത് ആണെന്ന് പല കമന്റുകളും കണ്ടു. ഇതെന്തോ മോശം കാര്യമാണെന്നാണ് ആളുകള്‍ മനസിലാക്കുന്നത്. സത്യം നേരെ തിരിച്ചാണ്. അന്താരാഷ്ട്ര വേദികളില്‍ സംസാരിക്കുന്പോള്‍ എന്താണ് സംസാരിക്കേണ്ടത് എന്നത് മുന്‍കൂര്‍ ചിന്തിക്കണം. പരമാവധി പത്തു മിനിട്ടാണ് സംസാരിക്കാന്‍ കിട്ടുന്നത്. അതിനുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ പറയണം. ഇതിനൊക്കെയായി രാഷ്ട്രത്തലവന്മാര്‍ക്കൊക്കെ ുെലലരവ ംൃശലേെ എന്ന് പേരുള്ളവരുടെ സംഘം തന്നെയുണ്ട്. (രീാാൗിശരമശേീി റശൃലരീേൃ, മറ്ശീെൃ എന്നൊക്കെയുള്ള പേരിലായിരിക്കും ചിലപ്പോള്‍ അറിയപ്പെടുന്നത്). അവര്‍ സ്വന്തം നിലയില്‍ പ്രസംഗം എഴുതുകയല്ല. ഒരു ദിവസം തന്നെ ഒരു രാജ്യത്തലവന് എണ്ണ കയറ്റുമതി മുതല്‍ നിര്‍മിതബുദ്ധി വരെയുള്ള വിഷയങ്ങളെ പറ്റി സംസാരിക്കേണ്ടി വരും. അപ്പോള്‍ ആ വിഷയത്തിലെ വിദഗ്ധരുമായി ആദ്യം ചര്‍ച്ച ചെയ്ത് അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കണം. ഓരോ വിഷയത്തിനും രാജ്യതാല്പര്യത്തിന് അനുസരിച്ച ഒരു പാര്‍ട്ടി ലൈന്‍ ഉണ്ട്. അത് വിദേശകാര്യ മന്ത്രാലയമാണ് ഉറപ്പാക്കേണ്ടത്. രാഷ്ട്രത്തലവന് ചില പ്രത്യേക താല്പര്യമുണ്ടാകും. അക്കാര്യം അവര്‍ നേരിട്ട് സ്പീച്ച് റൈറ്ററോട് പറയും. ഓരോ രാഷ്ട്രത്തലവന്മാരും സംസാരിക്കുന്ന രീതികളുണ്ട്. ചിലര്‍ തമാശ കൂട്ടി, ചിലര്‍ സീരിയസായി, ചിലര്‍ തത്വശാസ്ത്രം പറഞ്ഞ് ചിലര്‍ ലളിതമായ പദങ്ങളുപയോഗിച്ച്, ചിലര്‍ തരൂരിയന്‍ ഭാഷയില്‍, ഇതൊക്കെ അറിഞ്ഞിട്ടാണ് നേതാക്കളുടെ പ്രസംഗം തയ്യാറാക്കുന്നത്. ഇതാണ് പ്രൊഫഷണലായ ശരിയായ രീതി. ജനസാഗരത്തിന്റെ മുന്നില്‍ ചെന്നുനിന്ന് '1957 ല്‍ ഇവിടെ എന്ത് സംഭവിച്ചു' എന്ന മട്ടില്‍ "ഊന്നിയൂന്നി"യുള്ള കാളമൂത്ര പ്രസംഗങ്ങള്‍ കേട്ട് വളര്‍ന്നവര്‍ക്കാണ് മുന്‍കൂട്ടി ചിന്തിച്ച് എഴുതി തയ്യാറാക്കിയ പ്രസംഗങ്ങള്‍ വായിക്കുന്നത് കേള്‍ക്കുന്പോള്‍ അതൊരു തെറ്റായി തോന്നുന്നത്. കാലം മാറി സുഹൃത്തേ...ഇതാണ് ശരിയായ രീതി !

ഈ യാത്ര കൊണ്ടൊക്കെ എന്തെങ്കിലും ഗുണമുണ്ടോ?

മുഖ്യമന്ത്രി യാത്ര ചെയ്തതുകൊണ്ട് സമൂഹത്തിന് എന്തെങ്കിലും ഗുണമുണ്ടോ എന്നതാണ് പ്രധാനം ചോദ്യം. 'തിര്‍ച്ചയായും' എന്ന് തന്നെയാണ് ഉത്തരം. ഇത്തരം യാത്ര കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. ചിലത് ഇപ്പോഴേ സംഭവിച്ചു കഴിഞ്ഞു. ചിലത് വരാനിരിക്കുന്നു. നമ്മുടെ മുഖ്യമന്ത്രി മാത്രമല്ല മറ്റു മന്ത്രിമാരും എം എല്‍ എ മാരും ഉദ്യോഗസ്ഥരും ഒക്കെ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വിദേശ യാത്രകള്‍ ചെയ്യണം എന്ന് ഞാന്‍ പല വട്ടം പറഞ്ഞിട്ടുണ്ട്. അതൊന്നും ആഡംബരം അല്ല, അനാവശ്യവും അല്ല. അതിന് ചിലവാക്കുന്ന പണത്തെ പല മടങ്ങായി സമൂഹത്തിന് തിരിച്ചു തരുന്ന ഒന്നാണ്.

യാത്ര എന്ന വിദ്യാഭ്യാസം: മുഖ്യമന്ത്രി ആയാലും ടാക്സി ൈ്രഡവറായാലും യാത്ര വലിയ വിദ്യാഭ്യാസം തന്നെയാണ്. കണ്ണും ചെവിയും തുറന്ന് അനുഭവങ്ങള്‍ ശ്രദ്ധിക്കാന്‍ നമ്മള്‍ തയ്യാറായാല്‍ നമ്മുടെ ചിന്താരീതികള്‍ യാത്രകള്‍ മാറ്റിമറിക്കും. കാണുന്നതിലും കേള്‍ക്കുന്നതിലും ചോദ്യങ്ങള്‍ ചോദിച്ചു കാര്യങ്ങള്‍ മനസിലാക്കുന്നതിലും നന്പര്‍ വണ്‍ ആണ് നമ്മുടെ മുഖ്യമന്ത്രി. കണ്ടതും കേട്ടതും ആയ ധാരാളം വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് മാറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. തല്‍ക്കാലം ഒരു കാര്യം മാത്രം പറയാം.

യാത്രക്കിടയില്‍ ആംസ്ററര്‍ഡാമിലെ കനാലുകള്‍ അദ്ദേഹം കണ്ടു. ഇപ്പോള്‍ അതില്‍ തെളിനീരാണ് ഒഴുകുന്നത്. പക്ഷെ ഒരു കാലത്ത് ഇപ്പോള്‍ എറണാകുളത്തെ കനലുകള്‍ പോലെ മലിനജലം ഒഴുകുന്ന ഓടകള്‍ ആയിരുന്നു. പണ്ട് എങ്ങനെയായിരുന്നു ആ കനാല്‍, ഇന്നത് എങ്ങനെയെല്ലാം മാറി, എത്തരത്തിലാണ് ആ മാറ്റങ്ങള്‍ സാധ്യമായത് എന്നെല്ലാം അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. പാരീസിലും ലണ്ടനിലുമുള്ള സമ്മേളനത്തില്‍ ഇക്കാര്യം അദ്ദേഹം പറഞ്ഞു. എറണാകുളത്തും ആലപ്പുഴയിലും ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഓടകളായി മാറിയിരിക്കുന്ന നമ്മുടെ കനാലുകള്‍ ഉള്‍പ്പെടെയുള്ള ജലപാതകളും സ്രോതസുകളും മനുഷ്യപ്രയത്നം കൊണ്ട് ആളുകള്‍ക്ക് കുളിക്കാനും വേണമെങ്കില്‍ കുടിക്കാനും പറ്റുന്ന രീതിയില്‍ ആക്കിത്തീര്‍ക്കാന്‍ പറ്റുമെന്ന വിശ്വാസം അദ്ദേഹത്തിന് ഇപ്പോളുണ്ട്. ഇതിനു വേണ്ട നയങ്ങള്‍ രൂപീകരിക്കാന്‍ ജനങ്ങളും പദ്ധതികള്‍ നടപ്പിലാക്കാന്‍ എന്‍ജിനീയര്‍മാരും ഒപ്പമുണ്ടാകുമോ എന്നതാകും ഇനിയുള്ള വെല്ലുവിളി. കാത്തിരുന്ന് കാണാം.

ആഗോള ബന്ധങ്ങള്‍: അന്താരാഷ്ട്ര യാത്രകളുടെ ഒരു പ്രധാന ലക്ഷ്യവും ലാഭവും അവയുണ്ടാക്കുന്ന വ്യക്തിബന്ധങ്ങളാണ്. ഐക്യരാഷ്ട്രസഭയിലെ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ തോമസ് പിക്കറ്റി വരെ ഹോളണ്ടിലെ ജലവിഭവ വിദഗ്ധര്‍ മുതല്‍ ലണ്ടനിലെ മേയര്‍ വരെയുള്ളവരുമായി അദ്ദേഹത്തിന് ഇപ്പോള്‍ പരിചയമുണ്ട്. ചിലരെയെല്ലാം അദ്ദേഹം നാട്ടിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ സംഘത്തിലുള്ള ഉദ്യോഗസ്ഥര്‍ മറ്റുള്ള രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇനിയുള്ള ലോകത്ത് ഇത്തരം നെറ്റ്വര്‍ക്കുകളാണ് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ പോകുന്നത്.

ആഗോള മലയാളികളുടെ ശക്തി: ശ്രീ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തോടൊപ്പം പാരീസ് സന്ദര്‍ശിച്ച കഥ മുഖ്യമന്ത്രി പാരീസിലെ മലയാളികളോട് പറഞ്ഞു. നയനാര്‍ക്ക് നാടന്‍ വിഭവങ്ങള്‍ ലഭിക്കാന്‍ മലയാളി കുടുംബത്തെ കണ്ടെത്താന്‍ അന്ന് ബുദ്ധിമുട്ടി. ഇന്നിപ്പോള്‍ പാരീസിലും ലണ്ടനിലും മീറ്റിംഗിന് ആളുകളെ നിയന്ത്രിക്കേണ്ടി വന്നു. മലയാളികളുടെ എണ്ണം മാത്രമല്ല, അവര്‍ ചെയ്യുന്ന തൊഴിലുകളും മാറിയിരിക്കുന്നു. സ്വിട്സസര്‍ലന്റിലെ ഒന്നാം കിട ശാസ്ത്ര സ്ഥാപനങ്ങളില്‍, ലണ്ടന്‍ സ്റേറാക്ക് എക്സ്ചേഞ്ചില്‍, താജ് ഹോട്ടലിലെ ഉയര്‍ന്ന ജോലികളില്‍ നെതെര്‍ലാന്‍ഡ്സിലെയും സ്വിട്സര്ലാണ്ടിലെയും അംബാസ്സഡര്‍മാര്‍ ഒക്കെ ആയി മലയാളികള്‍ ഉണ്ട്. അത് മാത്രമല്ല, പണ്ടൊക്കെ തൊഴില്‍ എടുക്കാന്‍ മാത്രം വിദേശത്ത് എത്തിയിരുന്ന കാലം മാറി സ്വന്തമായി കമ്പനി നടത്തുന്ന തന്നാട്ടുകാര്‍ക്കും മറു നാട്ടുകാര്‍ക്കും തൊഴില്‍ കൊടുക്കുന്ന നിക്ഷേപകര്‍ ആയി ഒക്കെ ഉള്ള മലയാളികളെ ആണ് ഇത്തവണ മുഖ്യമന്ത്രി കണ്ടത്. നാട്ടില്‍ നിന്ന് പോന്നിട്ട് പതിറ്റാണ്ടുകളായിട്ടും മറുനാട്ടിലെ പൗരത്വം സ്വീകരിച്ചിട്ടും കേരളം എന്ന പേരു കേട്ടാല്‍ അഭിമാന പൂരിതമാകുന്ന അന്തരംഗവുമായി എല്ലായിടത്തും അവരെത്തി. അവരുടെ അറിവുകള്‍, ബന്ധങ്ങള്‍ കേരളത്തോടുള്ള സ്നേഹം ഇവയൊക്കെ എങ്ങനെയാണ് കേരളം വികസനത്തിന് ഉപയോഗിക്കാവുന്നത് എന്നതാണ് ഇനി അദ്ദേഹത്തിന്റെ മുന്നിലുള്ള വെല്ലുവിളി.

കേരളം എന്ന ബ്രാന്‍ഡ്: ലോക പുനര്‍ നിര്‍മ്മാണ സമ്മേളനം മുതല്‍ ലണ്ടന്‍ സ്റേറാക്ക് എക്സ്ചേഞ്ച് വരെ ഇന്ത്യയിലെ മറ്റൊരു മുഖ്യമന്തിക്കും ലഭിച്ചിട്ടില്ലാത്ത അവസരങ്ങളാണ് ഇത്തവണ നമ്മുടെ മുഖ്യമന്ത്രിക്ക് ലഭിച്ചത്. ഇതൊന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ മാത്രമല്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മാറി, മുന്‍ നിരയില്‍ നില്‍ക്കുന്ന കേരളത്തെ ലോകം ശ്രദ്ധിക്കുന്നു എന്നത് കൂടിയാണ് ഇത് കാണിക്കുന്നത്. ഒരു സമൂഹം എന്ന രീതിയില്‍ കേരളം ദുരന്തങ്ങളെ എങ്ങനെ നേരിട്ടു, ആധുനിക സാന്പത്തിക ഉപകരണങ്ങള്‍ എങ്ങനെ സംസ്ഥാനം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു എന്നെല്ലാം ലോകം ശ്രദ്ധിക്കുകയാണ്. 'ഏീറ'െ ീംി രീൗിേൃ്യ' എന്നും ആനയുടെയും ആയുര്‍വേദത്തിന്റെയും നാട് എന്ന തരത്തിലുള്ള റൊമാന്റിക് ചിത്രീകരണത്തില്‍ നിന്നും ആധുനികമായ ഒരു സമൂഹത്തിലേക്കുള്ള വേഷപ്പകര്‍ച്ചയുടെ തുടക്കമാണിത്. ഈ കേരളത്തെയാണ് നമ്മള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത്.

ചെളിയില്‍ പൂണ്ട കാലുകള്‍: കേരളം എത്ര പുരോഗതിയുള്ള പുരോഗമിക്കുന്ന സ്ഥലമാണെന്ന് സംശയമുള്ള ആരെങ്കിലും എന്റെ വായനക്കാരില്‍ ഉണ്ടെങ്കില്‍ അവര്‍ ഇന്ത്യയില്‍ മറ്റു സംസ്ഥാനത്തുള്ളവരോട് കൂടുതല്‍ സംസാരിക്കണം. നേരിട്ട് കണ്ടിട്ടുള്ളവര്‍ക്കും വായിച്ച് അറിഞ്ഞിട്ടുള്ളവര്‍ക്കും കേരളം ഒരു അതിശയമാണ്. അത് സന്പൂര്‍ണ്ണ സാക്ഷരതയും ഹൗസ് ബോട്ടും കണ്ടിട്ടല്ല, മറിച്ച് ജനാധിപത്യം എത്ര ആഴത്തില്‍ വേരൂന്നിയ ഒരു സംസ്ഥാനമാണെന്ന രീതിയിലാണ്. രാജാക്കന്മാരെ പോലെ പെരുമാറുന്ന മന്ത്രിമാരല്ല നമുക്കുള്ളത്. മുന്നണികള്‍ മാറിവരുന്പോഴും പൊതുവെ വെല്‍ഫെയര്‍ സംവിധാനങ്ങളെ പിന്തുണക്കുന്ന ഭരണമാണ്. നേതാക്കളില്‍ അഴിമതി എന്നത് വളരെ കുറവാണ്. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം ഇതൊക്കെ ഇന്ത്യയില്‍ നന്പര്‍ വണ്‍ ആണെന്ന് അവര്‍ പറയും. ഇതൊക്കെ ഇപ്പോള്‍ ഭരിക്കുന്ന മുന്നണിയുടെ കാലത്തെ മാത്രം കാര്യമല്ല. പക്ഷെ, ഇത്തരം നേട്ടങ്ങളുടെ നടുക്ക് നില്‍ക്കുന്പോഴും ഭൂതക്കണ്ണാടി വെച്ച് നമ്മുടെ നേതൃത്വത്തിന്റെയും സമൂഹത്തിന്റെയും കുറവുകള്‍ കണ്ടുപിടിച്ച്, പരസ്പരം മല്ലടിച്ച്, ട്രോളി, അശ്ളീലം വലിച്ചുവാരിയെഴുതി വിവാദം ഉണ്ടാക്കി സമയം കളയാനാണ് നമുക്കിഷ്ടം. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം കണ്ടാല്‍ തന്നെ അറിയാം നമ്മള്‍ എന്തുകൊണ്ടാണ് മുന്നോട്ട് പോകാത്തതെന്ന്. ഇതാണ് നമ്മള്‍ നേരിടുന്ന ഒരു വെല്ലുവിളി.

നാം സൃഷ്ടിക്കുന്ന ഭാവി: ഒരു മിഡില്‍ ഇന്‍കം രാജ്യത്തിന്‍റെ സാന്പത്തിക വളര്‍ച്ചയിലേക്കും വികസിത രാജ്യത്തിന്റെ സാമൂഹ്യ സ്ഥിതിയിലേക്കും മാറാനുള്ള അടിസ്ഥാന ഘടകങ്ങള്‍ കേരളത്തിനുണ്ട്. പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, അസമത്വത്തെ നേരിടാനുള്ള പുതിയ നയങ്ങള്‍, വികസനത്തിന് പണം കണ്ടെത്താനുള്ള പുതിയ രീതികള്‍, ആഗോള മലയാളികളുടെ ശക്തി, ബന്ധങ്ങള്‍ തുടങ്ങി ധാരാളം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അറിവ് സന്പാദിക്കാനും മുഖ്യമന്ത്രിക്ക് ഈ കഴിഞ്ഞ ദിവസങ്ങളില്‍ സാധിച്ചു. ഇവ എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്ന് അദ്ദേഹത്തിന് നല്ല ധാരണ ഉണ്ട്. പക്ഷെ ഇത്തരം ചിന്തകളുമായി മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിമാനമിറങ്ങുന്പോള്‍ ആനയും ആര്‍ത്തവവും പോലുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്യേണ്ടി വരുന്നതെങ്കില്‍ എന്ത് ഭാവിയാണ് നമുക്ക് ഉണ്ടാകുന്നത് ?. "പണ്ടുള്ളവര്‍ ഭരിച്ചിരുന്നപ്പോള്‍ ഇപ്പോള്‍ ഭരിക്കുന്നവര്‍ ഇങ്ങനെ തന്നെ പറഞ്ഞിരുന്നു" എന്നൊക്കെ പറയുന്നത് ശരിയാണെങ്കിയില്‍ പോലും ഇത്തരം നെഗറ്റിവിറ്റിയുടെ രാഷ്ട്രീയം ആണോ ഇനിയും നമ്മള്‍ കൊണ്ട് നടക്കേണ്ടത് എന്ന് നമ്മള്‍ ചിന്തിക്കണം. കേരളത്തിന്റെ വികസനത്തിന് വേണ്ടി ലോകം നോക്കി നില്‍ക്കുന്നൊന്നുമില്ല. ഉള്ള വിഭവങ്ങളും അവസരങ്ങളും സംയോജിപ്പിച്ച് മുന്നോട്ടു പോയാല്‍ നമുക്ക് ലോകത്ത് അര്‍ഹിക്കുന്ന സ്ഥാനം നേടിയെടുക്കാം. അല്ലെങ്കില്‍ മറ്റുള്ളവരെ കുറ്റം പറഞ്ഞും ട്രോളിയും "ഗോഡ്സ് ഓണ്‍ കണ്‍ട്രി" എന്ന് തുടങ്ങിയ സ്ളോഗന്‍ കേട്ടും നിര്‍വൃതി അടയാം. ഏത് ഭാവിയാണ് നമുക്കുണ്ടാകുന്നതെന്ന് നമ്മളും കൂടിയാണ് തീരുമാനിക്കുന്നത്. മുഖ്യമന്ത്രിയോ ഭരണകൂടമോ മാത്രമല്ല.
- dated 20 May 2019


Comments:
Keywords: Europe - Otta Nottathil - cm_pinarayi_vijayan_tour_europe Europe - Otta Nottathil - cm_pinarayi_vijayan_tour_europe,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us