Today: 21 May 2019 GMT   Tell Your Friend
Advertisements
ലോകകപ്പ് 2018 ; റഷ്യയ്ക്ക് സമ്മാനിച്ച നേട്ടങ്ങള്‍, കോട്ടങ്ങള്‍
Photo #1 - Europe - Sports - world_cup_rusia_balance_sheet
പുടിന്റെ കഴിവ് റഷ്യയ്ക്ക് നേട്ടമായി

മോസ്കോ:കായിക ജ്വരമായി പടര്‍ന്നു പന്തലിച്ച ലോകകപ്പ് ഫുട്ബോള്‍ അവസാനിച്ചതിന്റെ ശാന്തതയിലാണ് റഷ്യ.31 ദിവസത്തെ മാമാങ്കത്തിന് കൊടിയിറങ്ങിയതോടെ രാജ്യം പഴയ നിലയിലേയ്ക്ക് മടങ്ങി വരികയാണ്.പക്ഷെ പുതിയ ഉണര്‍വോടെ. നഗരങ്ങളിലെയും തെരുവോരത്തെയും ആള്‍ത്തിരക്കും, ആട്ടവും പാട്ടും നൃത്തവുമൊക്കെ എങ്ങോ പോയി മറയുന്നു. ജനങ്ങള്‍ സ്വന്തം പ്രവര്‍ത്തികളിലേയ്ക്ക് നീങ്ങിയതോടെ ഇവിടം ആളൊഴിഞ്ഞ ഉല്‍സവപ്പറമ്പുപോലെയായി.

ഫിഫ ലോകകപ്പ് ഇരുപത്തിയൊന്നാം എഡിഷന്റെ മനോഹാരിതയില്‍ ആതിഥേയരായ റഷ്യയും അതിന്റെ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ലോകമുമ്പാകെ ഒന്നുകൂടി തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ നഷ്ടങ്ങളുടെ ലാഭങ്ങളുടെ കണക്കുകള്‍ എന്തൊക്കെയാവും. ആര്‍ക്കൊക്കെ, ആരൊക്കെ ഇതില്‍ വിതച്ചു കൊയ്തു എന്നൊരു തിരനോട്ടം.

കഴിഞ്ഞ എട്ടുകൊല്ലമായി(2010 മുതല്‍) മനസില്‍ കൊണ്ടു നടന്ന സുന്ദര സ്വപ്നങ്ങളും പ്രതീക്ഷകളും നന്നായി ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ച്, അല്ല കാട്ടിക്കൊടുത്തതിന്റെ തികഞ്ഞ ചാരിതാര്‍ത്ഥ്യത്തിലാണ് പ്രസിഡന്റ് പുടിന്‍. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വമ്പിച്ച ഒരു സന്നാഹത്തിന്റെ ആകെത്തുകയായി റഷ്യന്‍ വേള്‍ഡ് കപ്പ് മാറുമെന്ന് ആരും കണക്കുകൂട്ടിയിട്ടുണ്ടാവില്ല. ലോകത്തെ മുഴുവന്‍ മുപ്പത്തിയൊന്നു ദിനരാത്രങ്ങള്‍ ഉണര്‍ത്തി നിര്‍ത്തികൊണ്ടു കൈപ്പിടിയിലൊതുക്കിയ ഒരു ഭരണാധികാരി ഇപ്പോള്‍ പുടിന്‍ അല്ലാതെ മറ്റൊരാളുണ്ടാവില്ല. റഷ്യയുടെ, പുടിന്റെ റഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ സംഘാടക പാടവം അത്രമേല്‍ തരിച്ചറിഞ്ഞുകഴിഞ്ഞു ഫിഫയും ലോകവും.

പുടിന്‍ എന്ന ഭരണാധികാരിയുടെ തലയ്ക്കു ചുറ്റും പന്തും, പന്തിനൊപ്പം റഷ്യയും, റഷ്യയ്ക്കൊപ്പം ലോകവും കറങ്ങിത്തിരിഞ്ഞപ്പോള്‍ പ്രവചനങ്ങളെല്ലാം കാറ്റിപ്പറത്തി പുതിയ ലോകചാമ്പ്യന്മാരെ സൃഷ്ടിക്കാനുമായി. കാല്‍പ്പന്തുകളിയിലെ മാമാങ്കമായ ഫിഫ ലോകകപ്പു മല്‍സരങ്ങളിലൂടെ പുതിയ ചാമ്പ്യന്മാരായ ഫ്രാന്‍സെന്ന ഫുട്ബോള്‍ ശക്തിയെ ലോകം നമിയ്ക്കുന്നു. 1998 ല്‍ ആദ്യമായി സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ടപ്പോഴും ഇനി അടുത്ത നാലുകൊല്ലം ചാമ്പ്യന്‍ പദവിയില്‍ തിളങ്ങുകയും ചെയ്യുമ്പോള്‍ കാലങ്ങളുടെ മാറ്റത്തില്‍ ലോകകപ്പും മാറുമെന്നുറപ്പായി.

ഫുട്ബോളിന്റെ രൂപത്തില്‍ ഫിഫയിലൂടെ കോടികള്‍ ഒഴുകിയപ്പോള്‍ ഫുട്ബോളിനൊപ്പം സാമ്പത്തിക മേഖലയും ഒരു കൊടുങ്കായി ഉയര്‍ന്നു.ആതിഥേയര്‍ക്കു യൂറോ നിഷിദ്ധമാണെങ്കിലും ലോകരാജ്യങ്ങളിലെ കറന്‍സികള്‍ റഷ്യയുടെ റൂബിളായി രൂപാന്തരപ്പെട്ടപ്പോള്‍ ഫുട്ബോള്‍ കമ്പക്കാര്‍ക്ക് കൂടുതല്‍ ആസ്വാദനം നല്‍കാനായി.

ലോകകപ്പ് മല്‍സരങ്ങള്‍ക്കുവേണ്ടി നിര്‍മ്മിച്ച സാങ്കേതിക വിദ്യയുടെ മുഴുവന്‍ രൂപവും പേറി 11 ഹൈടെക് സ്റേറഡിയങ്ങള്‍ റഷ്യയിലെ നഗരങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് റഷ്യന്‍ ലോകകപ്പിന്റെ മറ്റൊരു ബാക്കി പത്രമായി.

റഷ്യയുടെ മോഹങ്ങളെ തല്ലിക്കെടുത്താനും ലോകകപ്പ് നടത്താതിരിയ്ക്കാനും വേണ്ടി പിന്നാമ്പുറത്തു കളിച്ച യൂറോപ്യന്‍ രാജ്യങ്ങളും നേതാക്കളും ഒക്കെ പുടിന്‍ എന്ന ഭരണാധികാരിയുടെ മുന്നില്‍ ആവിയായിപ്പോയി എന്ന വസ്തുത മല്‍സരം തുടങ്ങിയ ജൂണ്‍ 14 ന് തന്നെ തിരിച്ചറിഞ്ഞു. അതു തന്നെയുമല്ല ലോകകപ്പിനു ഭീഷണി ഉയര്‍ത്തുമെന്നു പലകോണുകളില്‍ നിന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ചിട്ടയായും ചുറുചുറുക്കോടെയും പഴുതില്ലാതെയുമുള്ള സുരക്ഷാ സംവിധാനങ്ങളോടുംകൂടി ഏറ്റവും മികവോടെയും ലോകത്തിലെ വലിയൊരു കായിക മാമാങ്കം കുറ്റമറ്റ രീതിയില്‍ നടത്തിയെടുത്തതില്‍ പുടിനും ഫിഫയ്ക്കും റഷ്യയ്ക്കും അഭിമാനിയ്ക്കാം. അതല്ല റഷ്യയെ കണ്ടു പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു റഷ്യക്കാരുടെ ലോകസൗഹൃദം നന്മയിലൂടെയുള്ള വഴിയാണെന്നും, ജനങ്ങളുടെ നിറഞ്ഞ മനസോടെയുള്ള സൗഹൃദം ഈ ലോകകപ്പിലൂടെ, റഷ്യയില്‍ വിപ്ളവം ഇനി സൗഹൃദത്തിന്റേതായി തിരിച്ചറിഞ്ഞു ലോകം.

ഇന്‍ഡ്യാക്കാരും മലയാളികളും ഉള്‍പ്പടെ 195 രാജ്യങ്ങളില്‍ നിന്നും ഏതാണ്ട് 25 ലക്ഷത്തോളം ഫുട്ബോള്‍ ആസ്വാദകര്‍, കാല്‍പ്പന്തു പ്രേമികള്‍ 31 ദിവസങ്ങളിലായി റഷ്യയിലുടനീളം ആഹ്ളാദത്തിമിര്‍പ്പില്‍ ആറാടിയെന്നു സംഘാടകര്‍ തന്നെ സൂചിപ്പിയ്ക്കുന്നു.ലോകകപ്പിനുവേണ്ടി ഉദാര വിസാ നയവും, ഫുട്ബോളിന്റെ ടിക്കറ്റിലൂടെ ലഭിയ്ക്കുന്ന ഒട്ടനവധി സൗജന്യങ്ങളും ആരാധകരെ റഷ്യയുടെ സംസ്ക്കാരത്തില്‍ ഇഴപിന്നിച്ചേര്‍ത്തു.

ഫൈനല്‍ ഒഴിച്ചാല്‍ ഈ ദിനങ്ങളിലൊക്കെ കാലാവസ്ഥയും കളികള്‍ക്കും കളിക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അനുഗ്രഹമായി എന്നതും മറ്റൊരു സവിശേഷതയായി. മുന്‍ കോട്ടങ്ങള്‍ ആധുനികതയിലൂടെ നേട്ടങ്ങളാക്കാന്‍ പുടിന്റെ ഭരണകൂടത്തിനു കഴിഞ്ഞതില്‍ റഷ്യക്കാര്‍ക്ക് വിലമതിയ്ക്കാന്‍ വിഷയമായി. അതുതന്നെയുമല്ല ജനപങ്കാളിത്തത്തിന്റെ മേളയാക്കി സര്‍ക്കാര്‍ തന്നെ മാറ്റിയിരുന്നു. സന്ദര്‍ശകര്‍ക്ക് റഷ്യന്‍ ഭാഷ ഒരു വിലങ്ങുതടിയാവുമെന്നു മുന്നേ കണ്ടറിഞ്ഞ ഭരണകൂടവും ഫിഫയും അതിനുള്ള പോംവഴികളും കണ്ടെത്തിയതും സന്ദര്‍ശകര്‍ക്ക് മറ്റൊരു അനുഗ്രഹമായി.

അത് ഫിഫ പ്രസിഡന്റ് ജിയാനിയോ ഇന്‍ഫന്റീനോ തന്നെ സ്വന്തം വാക്കുകളില്‍ അവസാന ദിവസം പ്രതിഫലിച്ചത് ഏറ്റവും വലിയ സാക്ഷ്യമായി. ഇന്‍ഫന്റീനോ ഫിഫ പ്രസിഡന്റായതിനു ശേഷമുള്ള ആദ്യത്തെ ലോകകപ്പ് എന്ന സവിശേഷതയും ഉള്ളതിനാല്‍ ഇന്‍ഫന്റീനോയുടെ വാക്കുകള്‍ക്ക് അതിയായ പ്രാധാന്യമുണ്ട്. അദ്ദേഹം പുടിനും റഷ്യയ്ക്കും നല്‍കിയ നന്ദിയുടെ വാക്കുകളില്‍ ഇത് വളരെ പ്രകടമായിരുന്നു. 11 രാജകീയ സ്റേറഡിയങ്ങളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായി നാലു ബില്യന്‍ യുഎസ് ഡോളര്‍(27,000 കോടി രൂപ) റഷ്യ ചെലവഴിച്ചത് മറ്റൊരു ചരിത്രമായി. അതും കാല്‍പ്പന്തുകളിയുടെ മനോഹാരിത വിടര്‍ത്തുന്ന വസന്തത്തിനായി റഷ്യയുടെ മുതല്‍മുടക്കില്‍ ലോകം നെറ്റി ചുളിച്ചേക്കാം. പക്ഷെ ചരിത്രത്തിലാദ്യമായി രാജ്യത്തു നടക്കുന്ന ആദ്യ ലോകമാമാങ്കത്തിന് അവര്‍ എല്ലാം സജ്ജീകരിയ്ക്കാന്‍ ഒരുക്കമായിരുന്നു. അതു ചെയ്യുകയും ചെയ്തു.

ലോകകപ്പ് കാണാനെത്തിയ ആരാധകര്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ അവസാന ദിവസം ഒരു അപ്രതീക്ഷിത സമ്മാനവും പ്രഖ്യാപിച്ചു. ഈ വര്‍ഷം(2018 ) മുഴുവന്‍ റഷ്യ സന്ദര്‍ശിക്കാനുള്ള സൗജന്യ വിസ അനുവദിച്ചാണ് റഷ്യന്‍ പ്രസിഡന്റ് ഫുട്ബോള്‍ ആരാധകരെ ഞെട്ടിച്ചത്.

ലോകകപ്പിന്റെ ഫാന്‍ ഐഡി കാര്‍ഡ് ഉള്ളവര്‍ക്കാണ് 2018 ന്റെ ബാക്കിയുള്ള കാലയളവില്‍ റഷ്യ സന്ദര്‍ശിക്കാനുള്ള സൗജന്യ വിസ ലഭ്യമാകുക. നിലവില്‍ ലോകകപ്പ് കാണാനെത്തിയ ആരാധകര്‍ക്കുള്ള വിസയുടെ കാലാവധി ജൂലായ് 25 വരെ നിജപ്പെടുത്തിയിരുന്നു. ഫാന്‍ ഐഡി ഉള്ള വിദേശികള്‍ക്ക് റഷ്യയില്‍ ഈ വര്‍ഷം എത്ര പ്രാവശ്യം വേണമെങ്കിലും വിസയില്ലാതെ സന്ദര്‍ശനം നടത്താമെന്ന് പുടിന്‍ പറഞ്ഞു.

റഷ്യയും പാശ്ചാത്യരാഷ്ട്രങ്ങളുമായുള്ള ഇപ്പോഴത്തെ ബന്ധം അത്ര സുഖകരമല്ല എന്നുള്ള കാരം രഹസ്യമായ പരസ്യമാണ്. റഷ്യയുടെ സംഘാടനത്തെ ഫിഫയും പങ്കെടുത്ത രാജ്യങ്ങളും പുകഴ്ത്തിയിരുന്നു.

റഷ്യന്‍ റീട്ടെയില്‍, ഹോട്ടല്‍ മേഖലകള്‍ തൂത്തുവാരി

ലോകകപ്പിന് റഷ്യ ആതിഥ്യം വഹിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക നേട്ടം കിട്ടിയത് റീട്ടെയില്‍ മേഖലയ്ക്കും ഹോട്ടല്‍ മേഖലയ്ക്കും. ബിയര്‍, സ്നാക്ക്സ് എന്നിവ ഫുട്ബോള്‍ ആരാധകര്‍ വാങ്ങിക്കൂട്ടിയപ്പോള്‍, ടിവിയും സ്മാര്‍ട്ട്ഫോണും അടക്കമുള്ള ഇലക്രേ്ടാണിക് ഉപകരണങ്ങള്‍ ലോണ്‍ അടിസ്ഥാനത്തില്‍ വാങ്ങിക്കൂട്ടുന്നതില്‍ നാട്ടുകാരും മത്സരിച്ചതും കൗതുകമായി.

എന്നാല്‍, വാഹന വില്‍പ്പനയില്‍ ലോകകപ്പ് സമയത്ത് കുത്തനെയുള്ള ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകകപ്പ് കഴിയുന്നതോടെ ഇതു കൂടി ചേര്‍ത്ത് തിരിച്ചുപിടിക്കാനാകുമെന്നാണ് അവരുടെ പ്രതീക്ഷ.

ലോകകപ്പിന്റെ സാമ്പത്തികമായ പ്രയോജനങ്ങള്‍ പ്രത്യക്ഷത്തില്‍ കാര്യമായി ലഭിക്കാനിടയില്ലെന്നും, നാമ മാത്രമായിരിക്കുമെന്നും, അതു തന്നെ പല മേഖലകളിലായി വിഭജിച്ചു കിടക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍ എത്രമാത്രം ഫലമണിയുമെന്ന് കാണേണ്ടിയിരിയ്ക്കുന്നു.

ഇംഗ്ളണ്ടിനു നേട്ടം

ലോകകപ്പ് ഫുട്ബോളില്‍ ഇംഗ്ളീഷ് ഫുട്ബോള്‍ നടത്തിയ അപ്രതീക്ഷിതമായ മുന്നേറ്റം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു ഗുണം ചെയ്തെന്ന് വിദ്ഗധരുടെ വിലയിരുത്തല്‍. അതേസമയം, ലോകകപ്പിന്റെ ആതിഥേയരായിട്ടും റഷ്യയ്ക്കു ലഭിച്ച സാമ്പത്തിക നേട്ടം പരിമിതമാണെന്നും വിലയിരുത്തല്‍.

ബ്രെക്സിറ്റ് വോട്ടെടുപ്പോടെ ആരംഭിച്ച സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു പോലും യുകെയ്ക്കു കരകയറാന്‍ ഫുട്ബോള്‍ ടീമിന്റെ പ്രകടനം ഉപകരിക്കുന്നു എന്നാണ് കണക്കാക്കുന്നത്. ലോകകപ്പ് നേടാന്‍ കൂടി ടീമിനു സാധിച്ചിരുന്നെങ്കില്‍ നേട്ടം അപരിമേയമാകുമായിരുന്നു.

ടീമിന്റെ മുന്നേറ്റത്തിനൊപ്പം രാജ്യത്തുണ്ടായ ഫീല്‍ ഗുഡ് ഘടകമാണ് ആളുകളെ കൂടുതല്‍ പണം ചെലവാക്കാന്‍ പ്രേരിപ്പിച്ചത്. ഇതാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്തത്. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയില്‍ 86 ശതമാനവും ഇംഗ്ളണ്ടിന്റെ ഭാഗമാണ്.

ബിയര്‍ അടക്കമുള്ള ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ കുതിച്ചു കയറ്റമാണ് ഇംഗ്ളിഷ് ടീമിന്റെ ഓരോ വിജയത്തിനൊപ്പവും രേഖപ്പെടുത്തിയത്.

അതേസമയം, 13.3 ബില്യന്‍ ഡോളര്‍ മുടക്കിയാണ് ലോകകപ്പിന് റഷ്യ തയാറെടുപ്പ് നടത്തിയത്. ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ ടൂര്‍ണമെന്റാണിത്. എന്നാല്‍, റീട്ടെയ്ല്‍ മേഖലയില്‍ മാത്രമാണ് ലോകകപ്പ് നടത്തിപ്പിലൂടെ കാര്യമായ ഉണര്‍വ് ലഭിച്ചതെന്നും വിലയിരുത്തല്‍.

ജര്‍മനിയുടെ ലോകകപ്പ് തോല്‍വി സമ്പദ് വ്യവസ്ഥയെയും ബാധിച്ചു

ലോകകപ്പ് ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണ കൊറിയയോട് തോറ്റ് ജര്‍മനി പുറത്തായത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വന്‍ നഷ്ടം വരുത്തിവെച്ചു. 139 മില്യന്‍ മുതല്‍ 200 മില്യന്‍ യൂറോയുടെ നഷ്ടമാണ് ഇപ്പോള്‍ കണക്കാക്കിയിരിയ്ക്കുന്നത്.

എന്നാല്‍, കളി ജര്‍മനി ജയിച്ചിരുന്നെങ്കിലും ലാഭമല്ല, നഷ്ടം തന്നെയാകുമായിരുന്നു ഫലം, അല്‍പ്പം കുറയുമെന്നു മാത്രം. ജര്‍മന്‍ സമയം വൈകിട്ട് നാലിനാണ് മത്സരം തുടങ്ങിയത്. ജോലിയുള്ളവര്‍ നേരത്തെ ജോലി അവസാനിപ്പിച്ച് മത്സരം കാണാനിരുന്നതാണ് നഷ്ടം വരുന്നതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചത്.

രാജ്യത്തെ തൊഴിലെടുക്കുന്നവരില്‍ മുപ്പതു ശതമാനത്തിനും ഡ്യൂട്ടി സമയമാണ് നാലു മണി. ഇവരില്‍ പാതിപ്പേര്‍ കളി കാണാന്‍ പോയാലും 200 മില്യന്‍ യൂറോ നഷ്ടം വരുമെന്നാണ് കണക്കാക്കുന്നത്.

അതേസമയം, ജോലിയുള്ളവര്‍ ഓഫീസുകളില്‍ ഒരുമിച്ചിരുന്ന് കളി കാണുന്നത് തൊഴില്‍ സാഹച്യങ്ങള്‍ മെച്ചപ്പെടുന്നതിനും പരസ്പര സഹകരണം വര്‍ധിക്കുന്നതിനും കാരണമായെന്നും വിലയിരുത്തപ്പെടുന്നു.എങ്കിലും ജര്‍മനിയെ ആശ്രയിച്ച് റഷ്യയില്‍ പണമിറക്കി വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ജര്‍മനിയും തോല്‍വിയും പുറത്തേയ്ക്കുള്ള പോക്കും വലിയൊരു ഇരുട്ടടിയായെന്നു മാത്രമല്ല വന്‍ നഷ്ടവും വരുത്തിവെച്ചു.അതു തിരിച്ചുപിടിയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളില്‍ നിന്ന് ആര്‍ക്ക് ഈ മുതല്‍മുടക്കിയവരെ പിന്‍തിരിപ്പിയ്ക്കാനാവും.
- dated 16 Jul 2018


Comments:
Keywords: Europe - Sports - world_cup_rusia_balance_sheet Europe - Sports - world_cup_rusia_balance_sheet,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us