Today: 03 Apr 2020 GMT   Tell Your Friend
Advertisements
പകരക്കാരില്ലാത്ത ഗന്ധര്‍വസ്വരത്തിന് എണ്‍പതാം പിറന്നാള്‍
Photo #1 - Germany - Otta Nottathil - dr_k_j_yesudas_80_birthday_jan_10
Photo #2 - Germany - Otta Nottathil - dr_k_j_yesudas_80_birthday_jan_10
മലയാളി മനസില്‍ സംഗീതത്തിന്റെ സപ്തസ്വരങ്ങള്‍ മീട്ടി സപ്തവര്‍ണ്ണങ്ങളുടെ ഗാനമാലിക തീര്‍ക്കുന്ന കാവ്യകേരളത്തിന്റെ സ്വന്തം ദാസേട്ടന് 2020 ജനുവരി പത്തിന് എണ്‍പതാം പിറന്നാള്‍. ആറു പതിറ്റാണ്ടായിട്ടും അതേ നിറവില്‍ തിളങ്ങുന്ന ദാസേട്ടന് കലാകേരളം മാത്രമല്ല ആഗോളപ്രവാസി മലയാളികളും നന്മകള്‍ നേരാനുള്ള വെമ്പലിലാണ് .. .. എണ്‍പതല്ല എണ്ണൂറു ആണ്ടുകളുടെ ജീവിതം ആശംസിയ്ക്കുവാന്‍ ..... മനസിന്റെ നന്മ നേരുവാന്‍ ആധുനിക ലോകത്തിന്റെ ഏറ്റവും പുതിയ മാര്‍ഗ്ഗങ്ങളിലൂടെ പിറന്നാള്‍ മധുരം പങ്കുവെയ്ക്കുവാന്‍ മത്സരബുദ്ധിയോടെ.. .. വാട്സാപ്പിലും, മെസജ്ജറിലും, ബ്ളോഗിലും ട്വിറ്ററിലും ഇ മെയിലിലും എസ്എംഎസിലുമായി തത്രപ്പെടുകയാണ്.

പാടാത്ത വീണയും പാടും, പ്രേമത്തില്‍ ഗന്ധര്‍വവിരല്‍ തൊട്ടാല്‍, പാടാത്ത മാനസവീണയും പാടും... എഴുപതുകളുടെ കാലഘട്ടത്തില്‍ മലയാളത്തിന്റെ മാനസപുത്രന്‍ പത്മവിഭൂഷന്‍ ഡോ.കെ.ജെ യേശുദാസിന്റെ കണ്ഠതംബുരുവില്‍ വിരിഞ്ഞൊഴുകിയ ഈ മനോഹര ഗാനം ആധുനിക കാലഘട്ടത്തിലും മധുരം കിനിയുന്ന ഒരു പ്രേമഗാനമായി നിലനില്‍ക്കുന്നു. സംഗീതപ്രേമികളുടെ ചുണ്ടില്‍ ഈ ഗാനം ഇപ്പോഴും തത്തിക്കളിക്കുന്നത് സാക്ഷാല്‍ ഗാനഗന്ധര്‍വന്റെ ആലാപന ശൈലിയുടെ പൂര്‍ണ്ണതകൊണ്ടും ഒപ്പം കലര്‍പ്പില്ലാത്ത സംഗീതം നല്‍കി ചിട്ടപ്പെടുത്തിയ ലളിതമായ വരികളുടെ കാവ്യ ഭംഗികൊണ്ടുമാണ്.

സംഗീതമെന്ന മഹാസാഗരത്തില്‍ തന്ത്രികളുണര്‍ത്തി നാദബ്രമ്ഹം നിറച്ച് ഏതു ഗാനമായാലും ഏതു ഭാഷയായാലും അതില്‍ ലയിച്ചു പാടാനുള്ള അഭൗമമായ കഴിവും സവിശേഷതയുമുള്ള മലയാളത്തിന്റെ സ്വന്തം ദാസേട്ടന്‍ ഈ സംഗീത സപര്യ തുടങ്ങിയിട്ട് കഴിഞ്ഞ ആറു പതിറ്റാണ്ടായി. ഗന്ധര്‍വസന്ധ്യയുടെ ശില്‍പ്പി സംഗീതത്തിന്റെ മാസ്മരികത അപ്പാടെ മനസിന്റെയുള്ളില്‍ കാണിയ്ക്കയാക്കി മധുരമൂറുന്ന ഗാനങ്ങള്‍ ആലപിച്ച് മലയാളക്കരയുടെ മുക്തകണ്ഠ പ്രശംസ നേടിയ അനുഗ്രഹീത മഹാനുഗായകന്റെ ഗാനങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം ദിവസത്തിലൊരിയ്ക്കല്‍ കേള്‍ക്കാത്ത ഒരു മലയാളിപോലും ആഗോള തലത്തില്‍ ഉണ്ടാവില്ല. എണ്‍പതിന്റെ പടവിലും സംഗീതത്തില്‍ കൗമാരത്തിന്റെ സ്വരമാധുര്യം നിറയ്ക്കുകയാണ് മലയാളക്കരയുടെ പ്രിയഗായകന്‍.. .. .. . . ദാസേട്ടന്‍. മഹാകവി ജി. ശങ്കരക്കുറുപ്പാണ് അദ്ദേഹത്തെ ഗാനഗന്ധര്‍വന്‍ എന്ന് ആദ്യമായി വിളിച്ചത്.

സംഗീതത്തിന്റെ മധുരിമ ലോകം മുഴുവനും വിവിധ ഭാഷകളിലായി പകര്‍ന്നു കൊണ്ടിരിക്കുന്ന മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ പത്മഭവിഭൂഷന്‍ ഡോ. കെ.ജെ.യേശുദാസിന് സാംസ്കാരിക കേരളത്തിന്റെ സംഗീത പുരുഷന് യൂറോപ്പിലെ ആദ്യത്തെ മലയാളം എന്‍ ആര്‍ഐ പോര്‍ട്ടലായ ഓണ്‍ലൈന്‍ പ്രവാസി ഓണ്‍ലൈന്‍ എണ്‍പതാം പിറന്നാളിന്റെ ആശംസകള്‍ നേര്‍ന്നു.

സംഗീതത്തിന്റെ സര്‍വസര്‍ഗ്ഗധാരയും മലയാളത്തിന്റെ മാനസപുത്രന്റെ കണ്ഠതംബുരുവില്‍ ശ്രുതിയായി നിറഞ്ഞൊഴുകട്ടെയെന്ന് ആശംസിച്ചു.

സംഗീതത്തോടുള്ള ആത്മാര്‍പ്പണം ഒട്ടും ചോര്‍ന്നു പോകാതെ ഒരു തപസ്യപോലെ, സംഗീതസപര്യയിലൂടെ പാട്ടിന്റെ പാലാഴി തീര്‍ക്കുന്ന ദാസേട്ടന്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി എന്നീ ഭാഷകളിലെ ഗാനങ്ങള്‍ ഇടകലര്‍ത്തി ഗാനമേളകള്‍ ഒരുക്കി സംഗീതാസ്വാദകര്‍ക്ക് ഉത്സവം പകര്‍ന്നു നല്‍കാന്‍ അതി നിപുണനാണ്. അതിമനോഹര ഗാനങ്ങളുടെ പ്രവാഹവുമായി ഇന്നും മലയാളത്തിന്റെ മനസ്സില്‍ കൂടുകൂട്ടുന്ന ശബ്ദം ദാസേട്ടനു മാത്രം സ്വന്തം.

ദാസേട്ടന്റെ ഗംഭീരസ്വരം കുശവന്റെ കൈയ്യിലെ കളിമണ്ണുപോലെയാണ്. സീമകളില്ലാത്ത ഈ ശബ്ദം ഏതുതരം ഗാനങ്ങളുമായി ഇഴുകിച്ചേരും, അല്ല ഇണങ്ങുമെന്ന് കമുകറ പുരുഷോത്തമന്‍ അദ്ദേഹത്തിന്റെ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്. മലയാള സിനിമാ സംഗീതമേഖലയിലെ ആദ്യകാല ഗായകരായ കെ.എസ്. ജോര്‍ജ്, എ.എം.രാജ, കമുകറ, പി.ബി.ശ്രീനിവാസ്, ഉദയഭാനു തുടങ്ങിയ പ്രഗത്ഭര്‍ മുടിചൂടാമന്നരായി നിന്ന കാലത്താണ് യേശുദാസിന്റെ വരവ് എന്നതും ശ്രദ്ധേയം. ഇവരുടെയൊക്കെ പാട്ടുകളാവട്ടെ വൈവിദ്ധ്യത പുലര്‍ത്തിയിരുന്നെങ്കിലും ഒരു മഹാ ആകര്‍ഷണീയത ഇല്ലായിരുന്നുവെന്നു പറഞ്ഞാല്‍ ആരും ഒരു കുറ്റംപറച്ചിലായി കാണില്ലെന്നു കരുതുന്നു.ഇന്നും ഉണ്ടല്ലോ ഇത്തരം ഗായകര്‍. അതുകൊണ്ട് അവര്‍ക്കൊന്നും പാടാന്‍ കഴിവില്ലെന്നു അര്‍ത്ഥമാക്കരുതെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു. അക്കാലത്ത് യേശുദാസിന്റെ ആലാപനത്തില്‍ ഇറങ്ങിയ ഗാനങ്ങളൊക്കെയും ജനശ്രദ്ധയാകര്‍ഷിച്ചത് യാദൃച്ചികം അല്ലെന്നു
പറഞ്ഞാലും അത് അതിശയോക്തിയാവില്ല.

അന്നത്തെ ശ്രേഷ്ടരായ സംഗീത സംവിധായകര്‍ അദ്ദേഹത്തെ എങ്ങനെ ഉപയോഗിയ്ക്കാമോ അതിന്റെ മാഹാത്മ്യത്തില്‍ തന്നെ ഉപയോഗിച്ചു എന്നു പറയുന്നതാവും അതിന്റെ ശരി. എന്നാല്‍ മലയാളം അറിയാത്ത തിരിയാത്ത സംഗീതസംവിധായകര്‍ ബോളിവുഡിലെ സലില്‍ ചൗധരി, രവീന്ദ്ര ജെയിന്‍, ഉഷാ ഖന്ന തുടങ്ങിയ ലെജന്‍ണ്ടേകള്‍ സംഗീതം നല്‍കി ദാസേട്ടന്റെ നാദത്തില്‍ക്കൂടി പുറത്തുവന്നപ്പോള്‍ അതിനും കിട്ടി ഒരു അത്യാകര്‍ഷണം. എന്നാല്‍ അവിടെയും ദാസേട്ടനെ ചെറുതാക്കാന്‍ ശ്രമം നടന്നിരുന്നതിനും ഏറെ തെളിവുണ്ടായി.

ലോകം എക്കാലവും നെഞ്ചിലേറ്റുന്ന ഗായകന്‍ മുഹമ്മദ് റാഫിയെപ്പോലെ പാടാനോ, പാടുന്ന പാട്ടിലെ വാക്കുകളുടെ ഹിന്ദി ഉച്ഛാരണം ശരിയല്ലന്ന വിമര്‍ശനം ഉയര്‍ത്തിയവര്‍ക്കൊക്കെ ദാസേട്ടന്റെ പാട്ടുകള്‍ ഉത്തരങ്ങളായി മാറി പില്‍ക്കാലത്ത്. മനുഷ്യന്റെ അനുദിനജീവിതത്തിലെ വികാരങ്ങളായ ആഹ്ളാദം, ഉല്ലാസം, ഉന്മാദം, പ്രണയം, ദുഃഖം, വിരഹം, ഭക്തി,നിര്‍വൃതി സ്വാതന്ത്ര്യബോധം, വിപ്ളവാവേശം തുടങ്ങിയ മാനസികഭാവങ്ങളും അതില്‍നിന്നുണ്ടാകുന്ന അനുഭൂതിമായികകളും ഗന്ധര്‍വ നാദത്തില്‍ ഉരുത്തിയുമെന്നത് ശ്രോതാക്കളുടെ മാത്രം ഭാഗ്യമല്ല അതു ദൈവത്തിന്റെ ഒരു അനുഗ്രഹീത കൈവെയ്പ്പുകൂടിയാണ്.

ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എന്നു ഗന്ധര്‍വശബ്ദത്തില്‍ ഉരുക്കഴിച്ചത് അനശ്വരനായ വയലാറിന്റെ അടക്കാനാവാത്ത ജീവിത തൃഷ്യായിരുന്നെങ്കില്‍ ഈ ആഗ്രഹം ഏതൊരു മലയാളിയെയും ഏറെ മോഹിപ്പിയ്ക്കുമെന്ന് ഈ ഗാനം തന്നെ ഉത്തമ ഉദാഹരണം.

ദൈവദാനം പോലെ ജന്മസിദ്ധമായി ലഭിച്ച സംഗീത വാസന അഭിരുചിക്കൊത്ത് മൂശയില്‍ തിളക്കിയെടുത്ത് കണ്ഠതംബുരുവില്‍ ധ്വനികളാക്കി നാദപ്രപഞ്ചം തീര്‍ക്കാന്‍ ഇടയകന്യകയുടെ ഈ ഗായകന് അനായാസേന സാധിക്കുന്നു. സംഗീത സാഗരത്തിന്റെ സിംഹഭാഗങ്ങള്‍ അളവുകോലില്‍ ഹൃദിസ്ഥമാക്കിയ വലിയൊരു ഗായകന്‍ (മ്യൂസിക് ലെജന്‍ഡെ എന്ന വിശേഷണങ്ങള്‍ നേടിയ മോസാര്‍ട്ട,് ബീഥോവന്‍, ബാഹ് ) എന്നതിലുപരി സംഗീതത്തിന്റെ ആരാധകന്‍, സര്‍ഗ്ഗസിദ്ധിയുടെ വരദാനമായി കൊച്ചു കേരളത്തിന്റെ, മലയാളികളുടെ ഗായകനായി.

കഴിഞ്ഞ ആറു ദശാബ്ദങ്ങളായി സംഗീതത്തിന്റെ നിലാപ്രഭ ചൊരിയുന്ന പരിചയസമ്പത്തിന്റെ തണലില്‍ ദാസേട്ടന്‍ ആലപിയ്ക്കുന്ന ഓരോ ഗാനങ്ങളും മനസിനുള്ളിലെ മാണിക്യവീണകളെ തൊട്ടുണര്‍ത്തുന്ന ത്രിവേണി സംഗമമായി സംഗീതപ്രേമികള്‍ക്ക് ഒരിയ്ക്കലും മറക്കാനാവില്ല.

1940 ജനുവരി പത്തിന് അഗസ്ററിന്‍ ജോസഫിന്റെയും എലിസബത്ത് ജോസഫിന്റെയും (ആലീസുകുട്ടി) മകനായി കൊച്ചിയിലാണ് കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസ് ജനിച്ചത്. തൃപ്പൂണിത്തുറ സംഗീത കോളേജ്, തിരുവനന്തപുരം സംഗീതകോളേജ് എന്നിവിടങ്ങളിലാണ് സംഗീതപഠനം നടത്തിയത്. ചെമ്പൈ വൈദ്യനാഥ ഭാഗതരുടെ വത്സല ശിഷ്യനായ യേശുദാസ് 1961 ല്‍ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഏതാണ്ട് 70000 ഓളം ഗാനങ്ങള്‍ ഇതിനോടകം ആലപിച്ചിട്ടുണ്ട്. പത്മ ബഹുമതികള്‍ നല്‍കി രാജ്യം ഇന്ത്യന്‍ സംഗീതത്തിലെ ഈ അതുല്യ പ്രതിഭാധനനെ ആദരിച്ചിട്ടുണ്ട്.

തിരുവനന്തപുരം സംഗീത അക്കാഡമി, തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു സംഗീതപഠനം. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിലായിരുന്നു കര്‍ണാടക സംഗീത പഠനം. കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിനായി ജാതിഭേദം മത ദ്വേഷം എന്നു തുടങ്ങുന്ന ശ്രീനാരായണ ഗുരുവിന്റെ കീര്‍ത്തനം ആലപിച്ചാണു ചലച്ചിത്രഗാന രംഗത്തേയ്ക്കു കയറുന്നത്.

അവാര്‍ഡുകളും അംഗീകാരങ്ങളും നിരവധി തവണ ലഭിച്ചിട്ടുള്ള ദാസേട്ടന്റെ ജീവിതമേ ഒരു സംഗീതമാണ്. മലയാളത്തിനു പുറമേ മിക്ക ഇന്ത്യന്‍ ഭാഷകളിലും സിനിമാഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 1977ല്‍ പത്മശ്രീ, 2002ല്‍ പത്ഭഭൂഷണ്‍, 2017 ല്‍ പത്മവിഭൂഷണ്‍, 2003 ല്‍ കേരള സര്‍വകലാശാലയുടെ ഡിലിറ്റ് എന്നിവ യേശുദാസിനെ തേടിയെത്തി. മികച്ച ഗായകനുള്ള ഏഴു ദേശീയ അവാര്‍ഡുകളും 24 സംസ്ഥാന അവാര്‍ഡുകളും ഗന്ധര്‍വസ്വരത്തിലൂടെ നേടിയിട്ടുണ്ട്. 99ല്‍ യുനെസ്കോ പുരസ്കാരവും ലഭിച്ചു.

എണ്‍പതിന്റെ നിറവില്‍ പൂത്തുലയുന്ന സംഗീതമായി മലയാളത്തിന്റെ നിറതിങ്കളായി, മലയാളികളുടെ അഭിമാനവും മുതല്‍ക്കൂട്ടുമായി മാറിയ ദാസേട്ടന് പിറന്നാള്‍ മംഗളങ്ങളും ജഗദീശ്വരന്റെ കൃപാകടാക്ഷവും ജര്‍മന്‍ മലയാളി സമൂഹവും,പ്രവാസിഓണ്‍ലൈനും സ്നേഹപൂര്‍വം നേരുന്നു.

ഫോട്ടോ(ഫയല്‍):
യേശുദാസും ലേഖകനും (2000)

യേശുദാസിന് ഏറ്റവും പ്രിയപ്പെട്ട സ്വന്തം ഗാനങ്ങളില്‍ 50 ചലച്ചിത്രഗാനങ്ങള്‍

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു....
പ്രവാചകന്‍മാരേ പറയൂ...
കായാമ്പൂ കണ്ണില്‍ വിടരും...
ഇന്നലെ നീയൊരു സുന്ദര രാഗമായ്...
സ്വപ്നങ്ങള്‍...സ്വപ്നങ്ങളേ നിങ്ങള്‍... .
നാദബ്രപ്മത്തിന്‍...
ചക്രവര്‍ത്തിനീ...
താമസമെന്തേ വരുവാന്‍....
പ്രാണസഖീ...
ആയിരം പാദസരങ്ങള്‍ കിലുങ്ങി...
പത്മതീര്‍ഥമേ ഉണരൂ...
പാടാത്ത വീണയും പാടും...
മഞ്ജുഭാഷിണീ...
സംഗമം...സംഗമം...
സന്യാസിനീ...
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍...
വാതില്‍പഴുതിലൂടെന്‍ മുന്നില്‍...
നക്ഷത്രദീപങ്ങള്‍ തിളങ്ങി...
രാമകഥ ഗാനലയം...
പ്രമദവനം വീണ്ടും...
ഹരിമുരളീരവം...
നീലരാവില്‍ ഇന്നു നിന്റെ...
ദേവീ...ആത്മരാഗമേകാന്‍...
മധുരം ജീവാമൃതബിന്ദു...
പാതിരാമഴയേതോ...
പാടുവാനായ് വന്നു നിന്റെ...
പേരറിയാത്തൊരു നൊമ്പരത്തെ...
കളിവീടുറങ്ങിയല്ലോ...
പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന...
ആരോ വിരല്‍മീട്ടി...
ശ്രീരാഗമോ തേടുന്നു നീ...
ഇന്നലെ എന്റെ നെഞ്ചിലേ...
അമ്മമഴക്കാറിന്...
ഒരു നറുപുഷ്പമായ്...
ചിറകാര്‍ന്ന മൗനം...

ഷഡജനെ പായാ എ വര്ധന്‍... (ഹിന്ദി)
ചാന്ദ് ജൈസേ... (ഹിന്ദി) .
ജബ് ദീപ് ജലേ ആനാ... (ഹിന്ദി) .
ജാനം...ജാനം...തേരേ മേരേ പ്യാര്‍... (ഹിന്ദി) .
ഗോരി തേരാ ഗാവ് ബഡാ പ്യാരാ... (ഹിന്ദി) .

കണ്ണേ...കലൈമാനേ... (തമിഴ്)
അമ്മാ എന്‍ട്ര് അഴൈകാത... (തമിഴ്)
പൂവേ...സെംപൂവേ... (തമിഴ്)
നെഞ്ചേ...നെഞ്ചേ... (തമിഴ്)
മലരേ...കുറിഞ്ചിമലരേ... (തമിഴ്)

സോനേ...സോനേ... (കന്നഡ)
എല്ലെല്ലൂ സംഗീതവേ... (കന്നഡ)
ആകാശദേശാന... (തെലുങ്ക്)
ദാരി ചൂപിന ദേവതാ... (തെലുങ്ക്)
നാമ് ഷൊകുന്തോലതാ... (ബംഗാളി 'മാനസമൈനേ'യുടെ ഈണം)..

ഇതൊക്കെയാണെങ്കിലും യേശുദാസിന് മല്ലപ്പള്ളിയുമായും ഒരു ബന്ധമുണ്ട്. ആബന്ധം ഊട്ടിയുറപ്പിയ്ക്കുന്നത് ദാസേട്ടന്റെ ഭാര്യ പ്രഭ മല്ലപ്പള്ളിക്കാരി വഴിയാണ്.
മല്ലപ്പള്ളിയിലെ പുരാതന കുടുബക്കാരായ വല്ല്യവീട്ടില്‍ കുടുംബത്തിലെ അംഗമായ ബേബിയെന്നു നാട്ടുകാര്‍ വിളിയ്ക്കുന്ന എം.കെ. ഏബ്രഹാമിന്റെയും അമ്മിണിയുടെയും ഇളയ മകളാണ് പ്രഭ.അക്കാലത്ത് ഉദ്യോഗാര്‍ത്ഥം തെക്കന്‍ തിരുവതാംകൂറില്‍ ഏബ്രഹാം താമസിച്ചിരുന്നു. തോട്ടമുടമകളായിരുന്ന പ്രഭയുടെ കുടുബത്തിലെ ഇളമുറക്കാര്‍ മാത്രമാണ് ഇപ്പോഴുള്ളത്. 1967ല്‍ തിരുവനന്തപുരം ജഗതിയിലെ വീട്ടില്‍ വീട്ടിലെത്തിയപ്പോളാണ് പ്രഭ, യേശുദാസിനെ ആദ്യമായി കാണുന്നത്. അന്ന് ഒന്‍പതാം ക്ളാസിലായിരുന്നു പ്രഭ. 1970 ഫെബ്രുവരി ഒന്നിന് കൊച്ചിയിലെ സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയിലായിരുന്നു യേശുദാസിന്റെയും പ്രഭയുടെയും വിവാഹം.

താണ നിലത്തേ നീരോടൂ' (സിനിമ,പഠിച്ച കള്ളന്‍) എന്ന ഗാനത്തിന്റെ റെക്കോഡിംഗ് കേള്‍ക്കാന്‍ അരുണാചലം സ്ററുഡിയോയില്‍ മദ്രാസിലെ സ്റെറല്ലാമേരീസ് കോളേജില്‍ നിന്ന് വന്ന പെണ്‍കുട്ടികളുടെ സംഘത്തിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി യേശുദാസിനോട് ആരാധനയോടെ പെരുമാറിയതിനെക്കുറിച്ചും ആ കുട്ടി പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയായതിനെക്കുറിച്ചും സംഗീത സംവിധായകന്‍ ദേവരാജന്‍ തന്നെ വിശദീകരിച്ചിട്ടുണ്ട്.
- dated 10 Jan 2020


Comments:
Keywords: Germany - Otta Nottathil - dr_k_j_yesudas_80_birthday_jan_10 Germany - Otta Nottathil - dr_k_j_yesudas_80_birthday_jan_10,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
34202011health
ജര്‍മനിയില്‍ രണ്ടായിരത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
3420209mask
മാസ്ക് ഉപയോഗം: നിലപാട് മാറ്റി ജര്‍മന്‍ ഇന്‍സ്ററിറ്റ്യൂട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
3420208workers
കാര്‍ഷികത്തൊഴിലാളികള്‍ക്കായി ജര്‍മനി അതിര്‍ത്തി നിയന്ത്രണത്തില്‍ ഇളവ് നല്‍കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
2420205shield
വൈറസ് ഷീല്‍ഡിന് പ്രചാരമേറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
2420203job
തൊഴില്‍ പ്രതിസന്ധി നേരിടാന്‍ പഴയ മാര്‍ഗം പൊടിതട്ടി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
2420202control
ആഗോള സഖ്യത്തിന് ആഹ്വാനവുമായി ജര്‍മന്‍ പ്രസിഡന്റ്
~ രാജ്യത്ത് നിയന്ത്രണങ്ങള്‍ നീട്ടി തുടര്‍ന്നു വായിക്കുക
14202010mask
ജെനയില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധിതമാക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us