Today: 13 Jun 2024 GMT   Tell Your Friend
Advertisements
കേരളത്തില്‍ നിന്നുള്ള വിദേശ കുടിയേറ്റം എത്രത്തോളം ഒരു വിശകലനം ; അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും
ഫാ. ജയിംസ് കൊക്കാവയലില്‍
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാര്‍ വന്‍തോതില്‍ പാശ്ചാത്യ രാജ്യങ്ങളിലേക്കു കുടിയേറുന്നു. അതേസമയം, മറ്റു സംസ്ഥാനങ്ങളില്‍നിന്നു ധാരാളമാളുകള്‍ ഇവിടെ വന്നു സ്ഥിരതാമസമാക്കുന്നു. ഇപ്രകാരം ജനസംഖ്യാഘടനയില്‍ ഒരു വ്യതിയാനം രൂപപ്പെടുന്നുണ്ട്. ഇത് സംസ്കാരം, ഭാഷ, മതങ്ങള്‍ എന്നിവയെയെല്ലാം പലതരത്തില്‍ ബാധിക്കും.

ആനുകാലിക പ്രസക്ത വിഷയം എന്ന നിലയില്‍ വിദേശ കുടിയേറ്റത്തെ സംബന്ധിച്ച ഏതാനും റിവ്യുകളും സര്‍ക്കാര്‍ ഏജന്‍സികളുടെ സര്‍വേകളും വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ അവരുടെ ഇടയില്‍ത്തന്നെ പഠനം നടത്തി (സാമ്പിള്‍ സര്‍വേ) തയാറാക്കിയ അസൈന്‍മെന്‍റുകളും പരിശോധിക്കാന്‍ ഇടയായി. Trannsational Press, London പുറത്തിറക്കുന്ന Migration Letters എന്ന ജേര്‍ണലിന്‍റെ മേയ് 2022 ലക്കത്തില്‍ പ്രസിദ്ധീകരിച്ച Youth and Migration Aspiration in Kerala എന്ന പഠനം, BOHR International Journal of Social science 2023ല്‍ പ്രസിദ്ധപ്പെടുത്തിയ Problems and Prospects of Undergraduate Migrant Students from Kerala എന്ന ലേഖനം എന്നിവയും മറ്റു ചില പഠനങ്ങളുമാണ് പ്രധാനമായും പരിശോധിച്ചത്. അവയില്‍നിന്നു പൊതുവായി മനസിലാക്കിയ ഏതാനും കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

നഷ്ടസ്വപ്നങ്ങള്‍

ആടുജീവിതത്തിലെ നജീബിനെപ്പോലെ വളരെയധികം സ്വപ്നങ്ങളും പ്രതീക്ഷകളുമായിട്ടാണ് വിദ്യാര്‍ഥികള്‍ കുടിയേറ്റം നടത്തുന്നത്. എന്നാല്‍, അവയില്‍ പലതും സാക്ഷാത്കരിക്കപ്പെടുന്നില്ല. തുടര്‍ന്നു വിവരിക്കുന്ന ഭാഗങ്ങള്‍ മുകളില്‍ സൂചിപ്പിച്ച ഡോക്യുമെന്‍റുകളിലെ നേരിട്ടുള്ള വിവരങ്ങളല്ല. അവയില്‍നിന്നും മറ്റുറവിടങ്ങളില്‍നിന്നും ലഭിച്ച വിവരങ്ങളും അവയുടെ അടിസ്ഥാനത്തില്‍ ചില നിരീക്ഷകരും ലേഖനകര്‍ത്താവും എത്തിച്ചേര്‍ന്ന നിഗമനങ്ങളുമാണ്.

1. ഉയര്‍ന്ന ജീവിതനിലവാരം

മുകളിലെ പഠനങ്ങള്‍ പ്രകാരം ഏറ്റവുമധികം കുട്ടികള്‍ (45%) ഉയര്‍ന്ന ജീവിതനിലവാരം മുന്നില്‍ക്കണ്ട് കുടിയേറിയവര്‍. നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, ശോചനീയമായ പൊതു ഇടങ്ങളും പൊതുഗതാഗത സംവിധാനവും, പൊടിപടലങ്ങള്‍ മാലിന്യക്കൂമ്പാരങ്ങള്‍ ഇവയ്ക്കിടയില്‍ ജീവിക്കുമ്പോള്‍, സിനിമകളിലും സോഷ്യല്‍ മീഡിയയിലും മറ്റും കാണുന്ന വിദേശനാടുകളിലെ സുഖസൗകര്യങ്ങളും സര്‍വസ്വാതന്ത്ര്യം അനുവദിക്കുന്ന സംസ്കാരവും അവരെ ആകര്‍ഷിക്കുന്നു. എന്നാല്‍, അവിടെ ചെന്നു കഴിഞ്ഞാല്‍ എന്താണ് സംഭവിക്കുന്നത്?

വീട്ടില്‍ സ്വന്തമായി ഒരു മുറിയുണ്ടായിരുന്നവര്‍ പലരും ഇടുങ്ങിയ മുറികളില്‍ ഉയര്‍ന്ന വാടക നല്‍കി അപരിചിതരോടൊപ്പം താമസിക്കേണ്ടതായി വരുന്നു. ഇതു പല ധാര്‍മികപ്രശ്നങ്ങളും ഉണ്ടാക്കുന്നു. കുറഞ്ഞ വിലയ്ക്കു കിട്ടുന്ന നിലവാരം കുറഞ്ഞ ഭക്ഷണം കഴിക്കേണ്ടിവരുന്നു. ചിലരൊക്കെ പാലത്തിനടിയില്‍ താമസിക്കുന്നതായും ഫുഡ് ബാങ്കില്‍നിന്നു ഭക്ഷണം കഴിക്കുന്നതായുമുള്ള അവസ്ഥ ചില യുട്യൂബ് ചാനലുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില രാജ്യങ്ങള്‍ കുടിയേറ്റക്കാര്‍ ഫുഡ് ബാങ്കില്‍നിന്നു ഭക്ഷണം വാങ്ങുന്നതു നിരോധിച്ചിട്ടുമുണ്ടത്രേ.

2. ഉയര്‍ന്ന വരുമാനം

വിദ്യാഭ്യാസ കുടിയേറ്റക്കാരുടെ രണ്ടാമത്തെ ലക്ഷ്യം ഉയര്‍ന്ന വരുമാനമാണ്. അവിടെ യൂറോയിലോ ഡോളറിലോ ലഭിക്കുന്ന വരുമാനം ഇന്ത്യന്‍ രൂപയില്‍ കണക്കുകൂട്ടുമ്പോള്‍ വളരെ ഉയര്‍ന്ന തുകയായി തോന്നാം. എന്നാല്‍, അവിടത്തെ ഉയര്‍ന്ന നികുതി സമ്പ്രദായം, വീട്ടുവാടക, ഭക്ഷണച്ചെലവ്, ചികിത്സാച്ചെലവ് തുടങ്ങിയവ സാധാരണക്കാര്‍ക്കു താങ്ങാവുന്നതിനപ്പുറമാണ്. ഇതിനു പുറമെ നാട്ടില്‍ എടുത്ത ഭാരിച്ച ലോണ്‍ തിരിച്ചടയ്ക്കേണ്ടതായി വരുന്നു.

ജോലി ചെയ്യാന്‍ സമയമുണ്ടെങ്കിലും അവസരമില്ല എന്നതാണ് വേറൊരു വലിയ പ്രശ്നം. പലര്‍ക്കും ആഴ്ചയില്‍ ഇരുപതു മണിക്കൂര്‍ മാത്രമാണ് ജോലി ചെയ്യാന്‍ അനുമതിയുള്ളത്. അതു മറികടക്കാന്‍ നിയമവിരുദ്ധ മാര്‍ഗങ്ങള്‍ തേടുന്നതു ചിലപ്പോള്‍ വലിയ പ്രശ്നങ്ങളില്‍ കൊണ്ടെത്തിക്കുന്നു. വിദ്യാര്‍ഥികളെക്കൊണ്ട് ജോലി ചെയ്യിച്ചിട്ടു കൂലി നല്‍കാത്ത ചൂഷണങ്ങളും നിരവധി.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം പെരുകുന്നതിനാല്‍ പല തൊഴില്‍ സ്ഥാപനങ്ങള്‍ക്കു മുന്നിലും ജോലിക്കായി നീണ്ട ക്യൂവാണ്. ചിലര്‍ക്കെങ്കിലും ഫാക്ടറികളിലെയും മറ്റും മോശം സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടതായി വരുന്നു. ചില യൂണിവേഴ്സിറ്റികള്‍ ഉള്‍പ്രദേശങ്ങളിലായതിനാല്‍ പഠനത്തോടൊപ്പം ജോലി ചെയ്യാന്‍ സാധിക്കാത്തവരുമുണ്ട്.

കഴിഞ്ഞ ക്രിസ്മസിന് ഒരു യൂറോപ്യന്‍ രാജ്യത്തു സേവനം ചെയ്യുന്ന സുഹൃത്തായ വൈദികനുമായി ഫോണില്‍ സംസാരിച്ചപ്പോള്‍, അദ്ദേഹം തന്‍റെ ഇടവകയില്‍ തൊഴിലില്ലാതെ വിഷമിക്കുന്ന മലയാളി കുടുംബങ്ങള്‍ക്കു ക്രിസ്മസ് കിറ്റ് വിതരണം ചെയ്യാന്‍ പോയിരിക്കുകയായിരുന്നു. ഇടവകയുടെ സഹായമില്ലെങ്കില്‍ അവര്‍ പട്ടിണി കിടക്കേണ്ടിവരും എന്നാണ് അദ്ദേഹം പറയുന്നത്.

3. മികച്ച വിദ്യാഭ്യാസം

നാട്ടിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ പഴിച്ചുകൊണ്ടാണ് പലരും വിദേശ വിദ്യാഭ്യാസത്തിനു പോകുന്നത്. ഏജന്‍സികള്‍ പറയുന്നവ പലരും തൊണ്ടതൊടാതെ വിഴുങ്ങുന്നു. പലര്‍ക്കും മികച്ച കോഴ്സുകളോ നല്ല യൂണിവേഴ്സിറ്റികളോ ലഭിക്കുന്നില്ല. നിലവാരം കുറഞ്ഞ ഏതെങ്കിലും കോഴ്സുകള്‍ പഠിക്കുന്നതാണ് മറ്റൊരു പ്രശ്നം.

അവയ്ക്കു പലപ്പോഴും നാട്ടിലോ മറ്റു സ്ഥലങ്ങളിലോ കാര്യമായ മൂല്യവുമില്ല. മികച്ച ഒരു തൊഴില്‍ നേടാന്‍ ആ വിദ്യാഭ്യാസം ഉപകരിക്കുന്നില്ല. ഇതു സാമ്പത്തികനഷ്ടം മാത്രമല്ല, ജീവിതവും ഭാവിയും നഷ്ടപ്പെടുത്തുന്നു. ഉദാഹരണത്തിന്, ബിഎസ്സി നഴ്സിംഗ് പഠിക്കാന്‍ പോകുന്ന ചില കുട്ടികള്‍ക്കു നഴ്സിംഗ് അസിസ്ററന്‍റ് കോഴ്സ് ആണ് പഠിക്കേണ്ടിവരുന്നത്.

4. മികച്ച കരിയര്‍

വിദേശ വിദ്യാഭ്യാസം മികച്ച കരിയറും പ്രഫഷനും തെരഞ്ഞെടുക്കുന്നതിനു വിഘാതമാകുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. ധാരാളം പണം ലഭിക്കും എന്നതുകൊണ്ടു മാത്രം ഒരു തൊഴില്‍ ഒരാളുടെ ഏറ്റവും മികച്ച കരിയറോ പ്രഫഷനോ രൂപപ്പെടുത്തുന്നില്ല. ഒരാളുടെ പ്രഫഷന്‍ അയാളുടെ സ്കില്ലുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോരുത്തരും അവരവരുടെ അഭിരുചികള്‍ (അുശേൗേറലെ), നൈപുണ്യങ്ങള്‍ (Skills) കണ്ടെത്തി അവ പരമാവധി വികസിപ്പിച്ച് അവയ്ക്ക് അനുയോജ്യമായവയില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്‍ പ്രവേശിക്കുന്നതാണ് അവരുടെ കരിയര്‍ അഥവാ പ്രഫഷന്‍. ഇപ്രകാരം ചെയ്യുമ്പോള്‍ മാത്രമാണ് ഒരാള്‍ക്കു തന്‍റെ തൊഴിലില്‍ വിജയവും ജീവിതത്തില്‍ സന്തോഷവും ആത്മസംതൃപ്തിയും കിട്ടുന്നത്.

തന്‍റെ അഭിരുചിക്കും നൈപുണ്യത്തിനും ചേരാത്ത ഒരു തൊഴില്‍ ചെയ്യുന്ന വ്യക്തി, അയാള്‍ക്ക് എത്രമാത്രം പണം ലഭിച്ചാലും ജീവിതത്തില്‍ അസംതൃപ്തനും നിരാശനുമായിരിക്കും. വിദേശ വിദ്യാഭ്യാസവും അനുബന്ധമായി ലഭിക്കുന്ന തൊഴിലുകളും ഒരാളെ മികച്ച കരിയറും പ്രഫഷനും സ്വന്തമാക്കാന്‍ എത്ര മാത്രം സഹായിക്കുന്നുണ്ട്?

നാട്ടില്‍ എംബിഎ കഴിഞ്ഞ ശേഷം യുകെയില്‍ പോകാന്‍ വേണ്ടി ബുച്ചര്‍ കോഴ്സ് (കശാപ്പും ഇറച്ചിവെട്ടും പരിശീലനം) പഠിക്കുന്ന ഒരു യുവാവിന്‍റെ അനുഭവം കേള്‍ക്കാനിടയായി. വിദേശത്ത് ഏതു ജോലി ചെയ്യാനും അംഗീകൃത കോഴ്സുകള്‍ പാസാകണം. വിദേശത്തു പോകാതെതന്നെ ഇത്തരം കോഴ്സുകള്‍ കുറഞ്ഞ ചെലവില്‍ നാട്ടില്‍ പരിശീലിപ്പിക്കുന്ന ഏജന്‍സികളുണ്ട്. ഈ യുവാവ് അപ്രകാരം ഒരു സ്ഥാപനത്തില്‍ രണ്ടര ലക്ഷം രൂപ അങ്ങോട്ടു കൊടുത്ത് ആറു മാസത്തിനു മുകളിലായി അവിടെ ഇറച്ചിവെട്ടില്‍ സഹായിച്ചുകൊണ്ടിരിക്കുന്നു. സ്ഥാപനം അയാളെക്കൊണ്ട് വേതനമില്ലാതെ പണിയെടുപ്പിക്കുന്നതല്ലാതെ കോഴ്സ് കാലാവധി കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. ഇതുപോലെ വഞ്ചിക്കപ്പെടുന്നവര്‍ എത്രയധികമുണ്ടായിരിക്കും.

5. പാശ്ചാത്യരാജ്യങ്ങളുടെ ഭാവി

പല പാശ്ചാത്യ രാജ്യങ്ങളുടെയും ഭാവി അത്ര ശോഭനമല്ല. പലേടത്തും സാമ്പത്തിക ഭദ്രത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പാശ്ചാത്യരാജ്യങ്ങളുടെ ജിഡിപി വളര്‍ച്ച ഇല്ലാതാകുകയോ വെറും തുച്ഛമായ രീതിയില്‍ തുടരുകയോ ചെയ്യുന്നു. അനിയന്ത്രിതമായ കുടിയേറ്റം ആ രാജ്യങ്ങളുടെ സാമൂഹിക ഘടനതന്നെ മാറ്റിമറിച്ചിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദം പലേടത്തും വളരുകയും ആക്രമണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുകയും ചെയ്യുന്നു. ഇവയോടുള്ള എതിര്‍പ്പെന്ന നിലയില്‍ തീവ്ര വലതുപക്ഷ രാഷ്ട്രീയവും അപരവിദ്വേഷവും അവിടെ ശക്തി പ്രാപിക്കുന്നു.
■ADVERTISEMENT


നമ്മുടെ ആളുകള്‍ ഈ രണ്ടു കൂട്ടരുടെയും ആക്രമണങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യത വളരെയേറെയാണ്. ഇവയ്ക്കൊക്കെ പുറമേ കാലാവസ്ഥാ വ്യതിയാനം ഈ രാജ്യങ്ങളെ വളരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. മുമ്പില്ലാതിരുന്ന വലിയ കൊടുങ്കാറ്റുകളും വെള്ളപ്പൊക്കങ്ങളും വരള്‍ച്ചയും പലേടത്തും ഉണ്ടാകുന്നു.

6. നാടിന്‍റെ നഷ്ടം

വിദേശ വിദ്യാഭ്യാസത്തിനായി പോകുന്നവരുടെ മാത്രമല്ല നാട്ടിലുള്ളവരുടെയും സ്വപ്നങ്ങള്‍ ഇല്ലാതാകുന്ന സാഹചര്യങ്ങളുണ്ട്. കുടുംബത്തില്‍ തലമുറകളുടെ തുടര്‍ച്ചയില്ലാതെ വരുന്നു, സ്വത്ത് അന്യാധീനപ്പെട്ടു പോകുന്നു, വീട്ടില്‍ വയോധികര്‍ തനിയെ താമസിക്കുന്നു. തങ്ങള്‍ നേടിയെടുത്തതൊക്കെ സംരക്ഷിക്കപ്പെടണമെന്നും മക്കളോടൊത്തു താമസിക്കണമെന്നും കൊച്ചുമക്കളെ താലോലിക്കണമെന്നും ഒക്കെയുള്ള അനേകം മാതാപിതാക്കളുടെ സ്വപ്നങ്ങളാണ് പാഴായിപ്പോകുന്നത്. പല പ്രദേശങ്ങളും തദ്ദേശീയര്‍ ഇല്ലാതെ സാമൂഹിക രാഷ്ട്രീയ ഇടങ്ങളില്‍ മാഞ്ഞുപോകുന്നു.

നമ്മുടെ നാട്ടില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലും എന്‍ജിനിയറിംഗ് കോളജുകളിലുമുള്‍പ്പെടെ സീറ്റുകള്‍ പ്രവേശനം നേടാതെ ഒഴിഞ്ഞു കിടക്കുന്നു. വിദ്യാഭ്യാസരംഗത്തു സര്‍ക്കാര്‍ ശതകോടികള്‍ ചെലവഴിക്കുമ്പോള്‍ സീറ്റുകള്‍ കാലിയായി കിടക്കുന്നതു വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഉന്നതവിദ്യാഭ്യാസരംഗത്തു ഗുണപരമായും ഘടനാപരമായുമുള്ള മാറ്റങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, വര്‍ധിച്ച കുടിയേറ്റഭ്രമം അത്തരം പരിഷ്കാരങ്ങളുടെ ഗുണഫലം പോലും ഇല്ലാതാക്കിയേക്കും എന്ന ആശങ്കയുണ്ട്.

ഉപസംഹാരം

കുടിയേറ്റം ഒരു സാമൂഹിക പ്രതിഭാസമാണ്. അതിനെ ഒഴിവാക്കാന്‍ സാധിക്കില്ല; പൂര്‍ണമായും എതിര്‍ക്കുന്നുമില്ല, വളര്‍ച്ചയുണ്ടാകുന്നുമുണ്ട്. എന്നാല്‍, കുടിയേറ്റങ്ങള്‍ സഹപാഠികളുടെ സമ്മര്‍ദത്തിനു വഴങ്ങിയോ ഏജന്‍സികളുടെ പരസ്യങ്ങളില്‍ മയങ്ങിയോ നടത്തപ്പെടേണ്ടതല്ല. വ്യക്തമായ അന്വേഷണങ്ങള്‍ക്കും ജീവിതത്തെയും ഭാവിയെയുംകുറിച്ചുള്ള യുക്തിപൂര്‍വമായ വിചിന്തനങ്ങള്‍ക്കും കാര്യകാരണ സഹിതമുള്ള വിലയിരുത്തലുകള്‍ക്കും ശേഷം നടത്തപ്പെടേണ്ട ഒന്നാണ്.

മാത്രമല്ല, കുടിയേറപ്പെടുന്ന വ്യക്തികളും കുടുംബങ്ങളും ഒറ്റപ്പെട്ടു പോകാതെ അവരെ ചേര്‍ത്തുപിടിക്കാനും അവശ്യഘട്ടങ്ങളില്‍ സഹായഹസ്തം നീട്ടാനും മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമുദായങ്ങള്‍ക്കും സാധിക്കണം. കൂടാതെ ജനിച്ചുവളര്‍ന്ന നാട്ടില്‍തന്നെ മാതാപിതാക്കളോടും ബന്ധുമിത്രാദികളോടൊപ്പമുള്ള ഒരു ജീവിതം സ്വപ്നം കാണാന്‍ നമ്മുടെ കുട്ടികളെയും യുവജനങ്ങളെയും പ്രേരിപ്പിക്കാനും സഹായിക്കാനും നമുക്കു കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സാധിക്കണം.

പ്രധാന കണ്ടെത്തലുകള്‍

പാശ്ചാത്യ കുടിയേറ്റ കാരണങ്ങള്‍

പാശ്ചാത്യ കുടിയേറ്റത്തിന്‍റെ കാരണങ്ങളായി പലരും ചൂണ്ടിക്കാണിക്കുന്നത് കേരളത്തില്‍ രൂക്ഷമാകുന്ന തൊഴിലില്ലായ്മ, ഉന്നതവിദ്യാഭ്യാസ മേഖലയിലെ അവസരക്കുറവും നിലവാരത്തകര്‍ച്ചയും മത്സരക്ഷമതയിലായ്മയും, ഇന്ത്യയിലെ കുറഞ്ഞ വേതനനിലവാരം, സര്‍ക്കാരിന്‍റെ സാമ്പത്തിക സുസ്ഥിതിയില്ലായ്മ, ഇന്ത്യയിലെ താഴ്ന്ന ജീവിതനിലവാരം, അഴിമതി, രാഷ്ട്രീയ പ്രശ്നങ്ങള്‍, സംവരണപ്രശ്നം, സ്വജനപക്ഷപാതം എന്നിവയാണ്. ഇങ്ങനെയുള്ള കാരണങ്ങള്‍ നിരത്തുന്നുണ്ടെങ്കിലും മിക്കവരുംതന്നെ കുടിയേറ്റത്തിനു മുതിരുന്നത് സുഹൃത്തുക്കളുടെ സ്വാധീനം ( Peer group pressure) മൂലമാണ്.

മറ്റു കണ്ടെത്തലുകള്‍

വിദേശപഠനത്തിനു പോയിരിക്കുന്ന നൂറു ശതമാനം വിദ്യാര്‍ഥികളും ലോണ്‍ എടുത്താണ് പോയത്. പഠനമെന്നു പറയുന്നുണ്ടെങ്കിലും സര്‍വേകളില്‍ ഉള്‍പ്പെട്ട 45% പേര്‍ ഉയര്‍ന്ന ജീവിതനിലവാരവും 42% പേര്‍ ഉയര്‍ന്ന വരുമാനവും ലക്ഷ്യംവച്ചു പോയിരിക്കുന്നവരാണ്. 12% പേര്‍ക്കു മാത്രമാണ് യഥാര്‍ഥത്തില്‍ ഉന്നതവിദ്യാഭ്യാസം എന്ന ലക്ഷ്യമുള്ളത്. 42% പേര്‍ യു.കെ, 25% പേര്‍ കാനഡ, 17% പേര്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ജര്‍മനി എന്നീ രാജ്യങ്ങളില്‍ പോയിരിക്കുന്നു. 79% വിദ്യാഭ്യാസ കുടിയേറ്റക്കാരും സമൂഹത്തിന്‍റെ മധ്യവര്‍ഗത്തില്‍നിന്നാണ് പോയിരിക്കുന്നത്. 63% പേര്‍ 18~23 പ്രായമുള്ളവരാണ്. 57% പെണ്‍കുട്ടികളാണ്. 50% പേരും മറ്റ് അന്വേഷണങ്ങളില്ലാതെ സുഹൃത്തുക്കളുടെ പ്രേരണയില്‍ പോയവരാണ്.

സമീപവര്‍ഷങ്ങളിലെ വിദ്യാഭ്യാസ കുടിയേറ്റങ്ങളില്‍ 60 ശതമാനവും ഹയര്‍ സെക്കന്‍ഡറിക്കു ശേഷം പോയവരാണ്. വിദ്യാഭ്യാസ കുടിയേറ്റക്കാരില്‍ 46% പേരും നാട്ടില്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെങ്കില്‍ തിരികെവരാന്‍ തയാര്‍.

കുടിയേറ്റക്കാരുടെ പ്രശ്നങ്ങള്‍

വിദേശരാജ്യങ്ങളിലെ നിയമങ്ങള്‍ അറിയാത്തതു മൂലം നിയമക്കുരുക്കുകളില്‍ പെടുന്നു. ഭാഷ ശരിയായി അറിയാത്തതു മൂലം പല പ്രശ്നങ്ങളുമുണ്ടാകുന്നു, ശരിയായ ആശയവിനിമയം ബുദ്ധിമുട്ടാകുന്നു. പരിചിതമല്ലാത്ത ഒരു സംസ്കാരത്തില്‍ ജീവിതം. കാലാവസ്ഥാ മാറ്റം മൂലം ആരോഗ്യപ്രശ്നങ്ങള്‍. സാമ്പത്തികപ്രശ്നങ്ങള്‍, താമസത്തിന്‍റെ പ്രശ്നങ്ങള്‍, ഇവയെല്ലാം മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍, ഡിപ്രഷന്‍ എന്നിവയും പലരും നേരിടുന്നു.

പരിഹാര മാര്‍ഗങ്ങള്‍

1. ഇന്ത്യയില്‍തന്നെ തൊഴില്‍സാധ്യത

തൊഴില്‍രംഗത്തു കേരളത്തിന്‍ സ്ഥിതി പിന്നിലാണെങ്കിലും ഇന്ത്യ മുഴുവനുമായെടുത്താല്‍ നമുക്ക് പ്രതീക്ഷയ്ക്കു വകയുണ്ട്. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള തയാറെടുപ്പിലാണ്. ഗതാഗത സൗകര്യങ്ങളും വര്‍ധിച്ചു.

സര്‍ക്കാര്‍ ജോലികള്‍ക്ക് പിഎസ്സി, യുപിഎസ്സി, എസ് എസ്സി, ആര്‍ആര്‍ബി(റെയില്‍വേ), ഐബിപിഎസ് (ബാങ്ക്) തുടങ്ങിയ പരീക്ഷകള്‍ മികച്ച കോച്ചിംഗിനു പോയി കഷ്ടപ്പെട്ടു പഠിച്ചുതന്നെ എഴുതണം. അഗ്നിവീര്‍ പോലെയുള്ള പുതിയ സാധ്യതകള്‍ ഉപയോഗിക്കണം. കേന്ദ്ര, സംസ്ഥാന തലങ്ങളിലെ പത്ത് ശതമാനം ഇഡബ്ള്യുഎസ് സംവരണം പരമാവധി പ്രയോജനപ്പെടുത്തണം. സെന്‍ട്രല്‍ യുണിവേഴ്സിറ്റികള്‍, IIT, NIT, IIIT, IIEST പോലെയുള്ള ഉന്നത നിലവാരത്തിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കാനും ഗവേഷണം നടത്താനുമുള്ള അവസരങ്ങള്‍ നേടിയെടുക്കണം. ഐടി, ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രി, ടൂറിസം ഉള്‍പ്പെടെ സ്വകാര്യ മേഖലകളിലുമുള്ള സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. ശരിയായ കരിയര്‍ ഗൈഡന്‍സുകള്‍ ഈ മേഖലകളില്‍ ഉണ്ടാകണം.

2. സംരംഭകത്വം വളര്‍ത്തിയെടുക്കുക

മറ്റുള്ളവരുടെ തൊഴിലാളികളായി മാറാതെ സ്വയംതൊഴില്‍ കണ്ടെത്താനും മറ്റുള്ളവര്‍ക്കു തൊഴില്‍ നല്‍കാനും ചെറുപ്പക്കാര്‍ക്കു സാധിക്കണം. നൂതന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്ററാര്‍ട്ടപ്പുകള്‍ നമ്മുടെ രാജ്യത്തു വളരെ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. മെയ്ക് ഇന്ത്യ പദ്ധതിയുടെ പല സ്കീമുകളും മുദ്രാ ലോണുകളും സ്വകാര്യ നിക്ഷേപ സാധ്യതകളും ഇതിനായി പ്രയോജനപ്പെടുത്തണം.

എന്‍ജിനിയറിംഗ് കോളജുകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇവയ്ക്കായി ധാരാളം ഇന്‍കുബേഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, പലരും ഇവ പ്രയോജനപ്പെടുത്തുന്നില്ല. കത്തോലിക്ക രൂപതകളുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ നടന്ന NEST, അടുത്ത ജൂണില്‍ ചങ്ങനാശേരി എസ്ബി കോളജില്‍ നടക്കുന്ന Wings 2.0 എന്നീ പ്രോഗ്രാമുകള്‍ സംരംഭകര്‍ക്കുള്ള പരിശീലനപരിപാടികളാണ്. ഇവയുടെയൊക്കെ പ്രയോജനമെടുക്കാന്‍ നമ്മുടെ യുവതീയുവാക്കള്‍ക്കു സാധിക്കണം.
- dated 05 Jun 2024


Comments:
Keywords: Germany - Otta Nottathil - foreign_immigration_from_kerala Germany - Otta Nottathil - foreign_immigration_from_kerala,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
bee_info_eve_cologne
തേനീച്ച ഇന്‍ഫര്‍മേഷന്‍ സായാഹ്നവുമായി കൊളോണ്‍ കേരള സമാജം Recent or Hot News
തുടര്‍ന്നു വായിക്കുക
right_wing_surge_in_EU_elections
യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: ജര്‍മനിയില്‍ അടക്കം തീവ്ര വലതുപക്ഷത്തിന്റെ മുന്നേറ്റം Recent or Hot News
തുടര്‍ന്നു വായിക്കുക
drink_in_flight_danger
വിമാനത്തിലെ മദ്യപാനം ആരോഗ്യത്തിന് കൂടുതല്‍ അപകടം Recent or Hot News
തുടര്‍ന്നു വായിക്കുക
opportunity_card_might_add_complexity_of_german_immigration_system
ഓപ്പര്‍ച്ചൂണിറ്റി കാര്‍ഡ് ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്ന് ആശങ്ക Recent or Hot News
തുടര്‍ന്നു വായിക്കുക
subsidy_for_landlords_germany_govt
വീടുകള്‍ വാഗ്ദാനം ചെയ്യുന്ന ഭൂവുടമകള്‍ക്ക് സബ്സിഡി നല്‍കുമെന്ന് സര്‍ക്കാര്‍
തുടര്‍ന്നു വായിക്കുക
unemployees_nos_diminished_germany
ജര്‍മനിയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം കുറഞ്ഞു
തുടര്‍ന്നു വായിക്കുക
ജര്‍മനിയിലെ ആശുപത്രി പരിഷ്കരണം വേനല്‍ക്കാലത്തില്‍ പ്രാബല്യത്തിലായേക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us