Today: 25 Mar 2019 GMT   Tell Your Friend
Advertisements
ഒരു ക്രൊയേഷ്യന്‍ വീരഗാഥ
Photo #1 - Europe - Sports - match_croasia_england_world_cup_semi
മോസ്കോ: ലുഷ്നിക്കി സ്റേറഡിയം ഇതിനു മുന്‍പ് ഇതുപോലൊരു ആരവത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടാവില്ല. അതുപോലെ ഇത്രയധികം കണ്ണീരും കണ്ടിട്ടുണ്ടാവില്ല. ഒരു ക്രൊയേഷ്യന്‍ വിപ്ളവമെന്നോ, ഒരു വീരഗാഥയെന്നോ, ഇംഗ്ളണ്ട് ട്രാജഡിയേന്നോ ചുരുക്കി വിശേഷിപ്പിയ്ക്കാവുന്ന മല്‍സര വിജയം ലോകകപ്പിന്റെ ചരിത്രത്താളുകളില്‍ സുവര്‍ണ്ണലിപികളില്‍ രചിയ്ക്കപ്പെട്ടൊരു പുതുചരിത്രമായി. 1966 ലെ ലോകചാമ്പ്യന്മാരായ ഇംഗ്ളണ്ടിനെ മലര്‍ത്തിയടിച്ച് ഫിഫ റാങ്കിങ്ങിലെ ഇരുപതാം സ്ഥാനക്കാരായ ക്രൊയേഷ്യ ഇത്തവണത്തെ ലോകകപ്പില്‍ ഫൈനലില്‍. നിലവിലെ റാങ്കിങ്ങില്‍ 12ാം സ്ഥാനക്കാരായ ഇംഗ്ളണ്ടിന്റെ ചങ്കു പിളര്‍ത്തിയ വിജയം 120 മിനിറ്റിലെ കളി കൊണ്ടാണ് ക്രൊയേഷ്യ സ്വന്തമാക്കിയത്. ഒരിയ്ക്കലും മറക്കാത്ത ഒരു സെമി ഫൈനലില്‍ ഇംഗ്ളണ്ടിനെ കീഴടക്കി ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. ഒരേ മനസോടെ ഒരേ സ്വരത്തോടെ ഒരേ നിശ്വാസത്തോടെ നടത്തിയ ടീം വര്‍ക്കിന്റെ മാസ് പ്രകടനത്തിന്റെ സ്വപ്ന സാക്ഷാല്‍ക്കാരത്തില്‍ ക്രൊയേഷ്യന്‍ പുലിക്കുട്ടികള്‍ രാജകീയമായി ഫൈനലില്‍ കളിയ്ക്കാന്‍ യോഗ്യത നേടിയത്. അഞ്ചാം മിനിറ്റില്‍ ലീഡ് നേടിയ ഇംഗ്ളണ്ടിനെ രണ്ടാം പകുതിയിലും എക്സ്ട്രാ ടൈമിലുമായി നേടിയ ഗോളുകളില്‍ മറികടന്നാണ് ക്രൊയേഷ്യയുടെ അട്ടിമറി വിജയം കരസ്ഥമാക്കയത്. 1998 ലെ മൂന്നാം സ്ഥാനമായിരുന്ന ക്രൊയേഷ്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. അന്ന് ജര്‍മനിയെ കടപുഴക്കിയാണ് മൂന്നാം സ്ഥാനം നേടിയത്. ക്രൊയേഷ്യ ഇതോടെ ഈ ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ഏറ്റവും കുറഞ്ഞ ഫിഫ റാങ്കിങ്ങുള്ള ടീമായി മാറി.

1998 ല്‍ ആദ്യമായി ലോകകപ്പ് കളിക്കാന്‍ ഇറങ്ങിയ ക്രൊയേഷ്യഅന്ന് മൂന്നാം സ്ഥാനവുമായിട്ടാണ് മടങ്ങിയത് അന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത അതെ വീര്യത്തില്‍ ഈ ലോകകപ്പില്‍ അര്‍ജന്റീനയെും തകര്‍ത്തിരുന്നു.

ഞായറാഴ്ച നടക്കുന്ന കലാശക്കളിയില്‍ ഫ്രാന്‍സാണ് എതിരാളികള്‍. ശനിയാഴ്ച മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ ഇംഗ്ളണ്ടും ബെല്‍ജിയവും ഏറ്റുമുട്ടും.

മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് അനായാസം ലക്ഷ്യത്തിലെത്തിച്ചാണ് ഇംഗ്ളണ്ട് ആദ്യപകുതിയില്‍ ലീഡ് നേടിയത്. ബോക്സിനു തൊട്ടുവെളിയില്‍ വച്ച് ലിന്‍ഗാര്‍ഡിനെ ക്രൊയേഷ്യന്‍ സൂപ്പര്‍താരം ലൂക്ക മോഡ്രിച്ച് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് റഫറി ഇംഗ്ളണ്ടിന് അനുകൂലമായ ഫ്രീ കിക്ക് നല്‍കിയത്. ബോക്സിനു തൊട്ടുപുറത്ത് നിന്ന് കീരന്‍ ട്രിപ്പിയര്‍ തൊടുത്ത അതിമനോഹരമായ ഫ്രീ കിക്ക് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ സുബാസിച്ചിന് ഒരവസരവും നല്‍കാതെ വലയിലെത്തി.

68ാം മിനിറ്റില്‍ മധ്യനിരതാരം ഇവാന്‍ പെരിസിച്ച് നേടിയ തകര്‍പ്പന്‍ ഗോളിലൂടെയാണ് ക്രൊയേഷ്യ ഒപ്പമെത്തിയത്. ഇടതു വിങ്ങില്‍ നിന്നു സിമെ വിര്‍സാല്‍ക്കൊ ബോക്സിനുള്ളിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത്, ഇംഗ്ളീഷ് പ്രതിരോധതാരം വാള്‍ക്കറുടെ തലയ്ക്ക് മുകളിലേക്ക് കാലുയര്‍ത്തി വലയിലേക്ക് തട്ടിയിടുകയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ ഒരു ഗോളടിച്ചാല്‍ ലോകകപ്പ് സ്വന്തമാകുമെന്നു ധരിച്ച സൗത്ത് ഗേറ്റിന്റെ കളിക്കാര്‍ക്ക് പുറത്തേക്കുള്ള സേറ്റം ഇതോടെ തുറന്നു കിട്ടി.സുവര്‍ണ്ണാവസരങ്ങള്‍ പാഴാക്കിയ ഇംഗ്ളീഷുകാര്‍ കളി മറന്നതുപോലെയുള്ള അലസതയില്‍ രണ്ടാം പകുതിയില്‍ ക്രൊയേഷ്യക്കാരെ നേരിട്ടത് ഏറ്റവും വലിയ വിനയായി.കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ഇംഗ്ളണ്ട് നെഞ്ചിലേറ്റി കൊണ്ടു നടന്ന സ്വപ്നമാണ് ക്രൊയേഷ്യന്‍ ബൂട്ടിലൂടെ തരിപ്പണമായത്. ആദ്യപകുതിയില്‍ ഒരു ഗോളിനു പിന്നില്‍ നിന്നതിന്റെ അല്‍പ്പം വ്യസനം രണ്ടാം പകുതിയില്‍ മാറ്റിവെച്ചാണ് ക്രൊയേഷ്യ കരുത്തുകാട്ടിയത്. ശക്തിയുടെയും മികവിന്റെയും മൂര്‍ത്തികളായി താരങ്ങള്‍ മാറിയപ്പോള്‍ ഇംഗ്ളണ്ട് വിറച്ചു പനിച്ചതുപോലെയായി. ഹാരി കെയ്നും, റഹിം സ്റെറര്‍ലിങും, റാഷ്ഫോര്‍ഡും ഒക്കെ ഇംഗ്ളണ്ടിന്റെ കന്തമുനയായി ഉയര്‍ന്നില്ല എന്നതും ഗോളി പിക്ഫോര്‍ഡിന്റെ പിഴവും പരാജയത്തിന്റെ പാത തെളിച്ചു. ഇംഗ്ളണ്ട് കോച്ചിന്റെ മന്ത്രണങ്ങള്‍ മറന്ന താരങ്ങളുടെ പ്രകടനത്തില്‍ പുറത്തെ ബഞ്ചിലിരുന്നു നെഞ്ചുപൊട്ടിയ ഗെരിത് സൗത്ത്ഗേറ്റിന്റെ പ്രതീക്ഷയും ശവപ്പെട്ടിയിലായി. ആകാശത്തോളം ആവേശം ഉയര്‍ത്തിയ ഇംഗ്ളണ്ട് ആരാധകരുടെ കണ്ണീരില്‍ ലുഷ്നിക്കി പുല്‍ത്തകിടിയും നനഞ്ഞു.

ക്രൊയേഷ്യയുടെ വീരയോദ്ധാക്കളായ ക്ളബു കളിക്കാരായ ലൂക്ക മോഡ്രിച്ച്, പേരെഡിച്, മാന്‍കുസിച്, റാകിറ്റിച് എന്നിവരുടെ മികച്ച പ്രകടനവും യഥാര്‍ത്ഥ പോരാട്ടവും ടീമിനെ വിജയത്തിലെത്തിച്ചു. മധ്യനിരയുടെ കരുത്തില്‍ വിജയത്തിന്റെ നിറുകയിലെത്തിയ ക്രൊയേഷ്യ അദ്ധ്വാനം ലക്ഷ്യം കണ്ടു.നിശ്ചിത സമയം 1 ~ 1 സമനിലയില്‍ അവസാനിച്ചതോടെ കളി എക്സ്ട്രാ ടൈമിലേക്ക് ദീര്‍ഘിച്ചു. ആത്മവിശ്വാസത്തിന്റെ ഉരുക്കു മനസുമായി ഇറങ്ങിയ ക്രൊയേഷ്യക്കാര്‍ 109ാം മിനിറ്റില്‍ വെറ്ററന്‍ താരം മരിയോ മന്‍സൂക്കിച്ച് അരിഞ്ഞോടര്‍ ചുവടില്‍ നേടിയ ഗോളോടെ മത്സരത്തിന്റെ വിധി നിര്‍ണയിക്കപ്പെടുകയും ചെയ്തു.ഗോളി ദാനിയേല്‍ സുബാസിച്ചിന്റെ തകര്‍പ്പന്‍ സേവുകള്‍ ക്രൊയേഷ്യയുടെ ആത്മവീര്യത്തിന് ശക്തി പകര്‍ന്നു.

ഒരാളുടെ പിഴവില്‍ മറ്റെയാളുടെ നേട്ടം

ഇംഗ്ളണ്ടിന്റെ ഫോര്‍മാറ്റ് 3.5.2 ഇതായിരുന്നെങ്കില്‍ ക്രൊയേഷ്യ 4.1.3.2 ഫോര്‍മാറ്റിലാണ് തന്ത്രങ്ങള്‍ മെനഞ്ഞത്. ആദ്യഗോള്‍ നേടിയപ്പോള്‍ തന്നെ ഇംഗ്ളണ്ടു ജയിച്ചുവെന്ന സങ്കല്‍പ്പം നിലനിര്‍ത്തി അവസാനം കളി തീരുമ്പോള്‍ പരാജയത്തിന്റെ പടുകഴിയില്‍ എത്തിയത് അവര്‍ അറിഞ്ഞതേയില്ല എന്ന മട്ടിലാണ്.

കാരണം ആദ്യത്തെ ലീഡ് നിലനിര്‍ത്തുന്നതിനായി പ്രതിരോധം ശക്തമാക്കുകയോ ഇനിയും ഗോളടിയ്ക്കുകയോ ചെയ്യേണ്ടവര്‍ മൈതാനത്തുകൂടി ഓടിപ്പാഞ്ഞു നടന്നു. കൃത്യമായ മാര്‍ക്കിങും ചടുലമായ നീക്കങ്ങളും അവരെ ആദ്യം ഗോളടിയ്ക്കാന്‍ സഹായിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ പലഭാഗത്തേക്കായി ചിതറുന്ന ഇംഗ്ളീഷുകാര്‍ക്ക് ക്രൊയേഷ്യന്‍ പ്രതിരോധത്തിന്റെ ശക്തി മനസിലായിട്ടും ലീഡ് വര്‍ധിപ്പിക്കാനുള്ള സുവര്‍ണാവസരങ്ങള്‍ അലസ സമീപനങ്ങളോടെ ഡെലെ അലിയും ഹാരി കെയ്നും റഹീം സ്ററര്‍ലിങ്ങും കൈവിട്ടു കളഞ്ഞത് ഇംഗ്ളണ്ടിന്റെ ഭാഗത്തെ ഏറ്റവും വലിയ വീഴ്ചയായി.എന്നാല്‍ ആദ്യപകുതിയില്‍ ക്രൊയേഷ്യന്‍ താരങ്ങളുടെ പരുങ്ങല്‍ അവരെ തോല്‍വിയുടെ വക്കിലെത്തിച്ചിരുന്നു.

ഒരു ഗോളിന് പുറകില്‍ നില്‍ക്കുമ്പോഴും ഇംഗ്ളീഷുകാരുടെ ബോക്സിനു ചുറ്റും കളി മെനയാന്‍ മാന്‍സുകിച്ച് ശ്രമിച്ചില്ല. അതിനുപകരം ലോങ് റേഞ്ചറുകളിലൂടെയുള്ള ഭാഗ്യപരീക്ഷണങ്ങളാണ് അവര്‍ നടത്തിയത്. അവയാകട്ടെ എല്ലാം പുറത്തേയ്ക്കും പോയിരുന്നു. കൂടാതെ മിന്നും താരം ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചിനെ ഇംഗ്ളണ്ട് നന്നായി മാര്‍ക്ക് ചെയ്തിരുന്നതും ക്രൊയേഷ്യയ്ക്ക് തിരിച്ചടിയായി.

ഗോള്‍ വീഴുമെന്ന ഘട്ടങ്ങളില്‍ ഇംഗ്ളണ്ടിന്റെ മുന്‍നിരക്കാര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയാതെ വന്നതും ഇംഗ്ളണ്ടിന്റെ മറ്റൊരു വീഴ്ചയാണ്.

ക്രൊയേഷ്യന്‍ കരുത്തരായ ലോവ്റനും വിദായും മികച്ച ഫോമിലായപ്പോള്‍ സ്ററര്‍ലിങ്ങിനു പകരം വന്ന റാഷ്ഫോര്‍ഡ് മാത്രമാണ് ഇംഗ്ളണ്ടിന്റെ പടക്കുതിരയായത്. അതും ഒറ്റയാള്‍ പോരാട്ടം മാത്രമായി.

ക്യാപ്റ്റനും കുന്തമുനയുമായ ഹാരി കെയ്ന്‍ കളത്തില്‍ ഉണ്ടായിരുന്നിട്ടും എവിടെ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

90 മിനിട്ടില്‍ തന്നെ ഈസിയായി ജയിച്ചുകയറാമെന്ന് സൗത്ത്ഗേറ്റിന്റെ മോഹങ്ങള്‍ കൊടുത്തി. എന്നാല്‍ മുന്‍ മത്സരങ്ങളുടെ അനുഭവജ്ഞാനമുള്ളതിനാല്‍ 120 മിനിറ്റിലേ കളി തീരുകയുള്ള എന്നു കണക്കുകൂട്ടിയ ഡാലിച്ചിന്റെ കരങ്ങളിലേയ്ക്ക് മല്‍സരം നീണ്ടുപോയതും സൗത്ത്ഗേറ്റിനു വിനയായി. അതുകൊണ്ടുതന്നെ ക്രൊയേഷ്യയുടെ എല്ലാ മാറ്റങ്ങളും എക്സ്ട്രാ ടൈമില്‍ കൃത്യമാര്‍ന്ന നിലയില്‍ ഡാലിച്ച് ഉറപ്പിയ്ക്കുകയും ചെയ്തു.

കളിയിലെ താരം

ഇവാന്‍ പെരിസിച്ച്

ഈ ലോകകപ്പില്‍ പെരിസിച്ച് നേടുന്ന രണ്ടാമത്തെ ഗോള്‍ നേടിയ ഇന്റര്‍ മൈലാന്റ് താരവും 29 കാരനുമായ ക്രൊയേഷ്യന്‍ മുന്നേറ്റക്കാരന്‍ പെരിയോറായ ഇവാന്‍
പെരിസിച്ച് മാന്‍ ഓഫ് ദ മാച്ച് പുരസ്ക്കാരത്തിന് അര്‍ഹനായി.

ഗോള്‍വഴി

ഗോള്‍ 1. കീറോണ്‍ ട്രിപ്പിയര്‍ (ഇംഗ്ളണ്ട്) 5ാം മിനിറ്റ്, പന്തുമായി മുന്നേറിയ ലിംഗാര്‍ഡിനെ ക്രൊയേഷ്യന്‍ ബോക്സിനു മുന്നില്‍ ലൂക്കാ മോഡ്രിച്ച് വീഴ്ത്തിയതിന് കളി നിയന്ത്രിച്ച തുര്‍ക്കികാരന്‍ റഫറി ക്യൂനൈറ്റ് കാക്കിര്‍ വരമ്പത്തു കൂലിയായി ഇംഗ്ളണിന് ഫ്രീകിക്ക് വിധിച്ചു.

20 മീറ്റര്‍ അകലെ നിന്ന് ട്രിപ്പിയര്‍ എടുത്ത അളന്നു തൂക്കിയ കിക്ക് ക്രൊയേഷ്യന്‍ പ്രതിരോധ മതിലിനു മുകളിലൂടെ ഉയര്‍ന്നു താഴേയ്ക്കു വളഞ്ഞ് ബാറില്‍ തൊട്ടു തൊട്ടില്ല എന്നമട്ടില്‍ പോസ്ററിന്റെ ഇടതുമൂലയിലേക്ക് പന്ത് പറന്നിറങ്ങി. ഗോളി ഡാനിയേല്‍ സുബാസിച്ച് തലയില്‍ കൈവച്ച് കാഴ്ചക്കാരന്‍ മാത്രമായി. ട്രിപ്പിയറുടെ അന്താരാഷ്ട്ര കരിയറിലെ ആദ്യ ഗോളുമാണ് ഇത്.

ഗോള്‍ 2. ഇവാന്‍ പെരിസിച്ച് (ക്രൊയേഷ്യ) 68ാം മിനിറ്റ്, ക്രൊയേഷ്യന്‍ വലതു വിങ് ബാക്കായ വ്രസാല്‍കോയുടെ മുന്നേറ്റത്തിലൂടെയാണ് ഗോളിനു വഴിയൊരുങ്ങിയത്. ബോക്സിന്റെ വലതു ഭാഗത്തേക്കു നീങ്ങിയ പന്തിനെ വ്രസാല്‍കോ ബോക്സിനുള്ളിലേയ്ക്ക് ക്രോസായി നല്‍കിയത് മാര്‍ക്കറായ കെയ്ല്‍ വോക്കര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അടുത്തു നിന്നിരുന്ന
പെരിസിച്ച് ഉയര്‍ന്നു ചാടി തന്ത്രപരമായി ഇടംകാലുകൊണ്ടു ക്ളിനിക്കല്‍ ഫിനിഷിംഗിലൂടെ വലയിലേയ്ക്കു തള്ളിയിട്ടു.

ഗോള്‍ 3. മാരിയോ മാന്‍സൂകിച്ച് (ക്രൊയേഷ്യ) 109ാം മിനിറ്റ്, ഇടതു വിങ്ങിലൂടെയുള്ള ക്രൊയേഷ്യന്‍ മുന്നേറ്റം. ബോക്സിലേക്ക് ഉയര്‍ന്നുവന്ന പന്തു ക്ളിയര്‍ ചെയ്യുന്നതില്‍ ഇംഗ്ളണ്ട് പ്രതിരോധക്കാരന്‍ കെയ്ല്‍ വോക്കറിനു വീണ്ടും പിഴച്ചു. വോക്കര്‍ തട്ടിയകറ്റിയ ഷോട്ട് ചെന്നെത്തിയത് ബോക്സിനു പുറത്തുനിന്ന പെരിസിച്ചിന്റെ ബൂട്ടിലേയ്ക്ക്. ഒട്ടും മടിയ്ക്കാതെ പെരിസിച്ച് ബോക്സിനുള്ളിലേക്കു ചെത്തി നല്‍കിയ പന്ത് സ്റേറാണ്‍സിനേയും മറികടന്ന് മിന്നല്‍ വേഗത്തില്‍ പാഞ്ഞെത്തിയ മാന്‍സൂകിച്ച് ഗോളി പിക്ക്ഫോര്‍ഡിന്റെ കൈകള്‍ക്കിടയിലൂടെ വലയുടെ വലതു മൂലയില്‍ നിക്ഷേപിച്ചു.

കളിയിലെ കണക്ക്

ക്രൊയേഷ്യ ഇംഗ്ളണ്ട്

55 % പന്തടക്കം 45 %
7 ഗോള്‍ ഷോട്ട് 2
22 ഷോട്ട് 11
23 ഫൗള്‍സ് 14
2 മഞ്ഞക്കാര്‍ഡ് 1
8 കോര്‍ണര്‍ 4
1 ഓഫ് സെഡ് 3

ആത്മവിശ്വാസത്തിന്റെ മൂര്‍ത്തികള്‍

ഞങ്ങള്‍ വരും നിങ്ങളെ തകര്‍ക്കാന്‍, ഇംഗ്ളണ്ട് അതു പറഞ്ഞപ്പോള്‍ അതേ നാണയത്തില്‍ മനസില്‍ കുറിച്ചിരുന്നു ക്രൊയേഷ്യ. ഒടുവില്‍ ഇംഗ്ളണ്ടിന്റെ വാക്ക്(പറഞ്ഞത്)അറംപറ്റി, അതേ നെഞ്ചുതന്നെ തകര്‍ത്തു ക്രൊയേഷ്യ മുന്നേറിയത് വിധിയുടെ വിളയാട്ടം. ഇംഗ്ളണ്ടിന്റെ മൂന്നു സിംഹങ്ങളുടെ നെഞ്ചു കലക്കി മന്‍സുചിക്.

ദാവോര്‍ സുകേറിന്റെ പിന്മുറക്കാരായ ക്രൊയേഷ്യയ്ക്ക് ഫുട്ബോളിലും 20 വര്‍ഷം മാത്രം പഴക്കം. രാജ്യത്തെ മൊത്തം ജനസംഖ്യ 40 ലക്ഷം(4.28 മില്യന്‍). സാമ്പത്തികമായി അത്ര ഉന്നതിയില്‍ എത്താത്ത ഒരു യൂറോപ്യന്‍ രാജ്യം. എന്നിട്ടും പ്രസിഡന്റ് നേരിട്ടെത്തി കളിക്കാരെ ആശ്ളേഷിച്ച് പ്രോത്സാഹിപ്പിക്കുന്നു. അവരോടൊപ്പം സന്തോഷം പങ്കുവെയ്ക്കുന്നു. സ്വപ്നങ്ങളുടെ ചിറകില്‍ പ്രതീക്ഷയുടെ ചുമലില്‍ കാല്‍പന്തുകളിയുടെ നിറുകയില്‍ എത്താന്‍ ഇനി ഒരുപടി മാത്രം അവശേഷിയ്ക്കുന്നു.മുന്‍പ് യൂഗോസ്ളാവിയുടെ ഭാഗമായിരുന്ന ക്രൊയേഷ്യ 1991 ജൂണ്‍ 25 നാണ് ഒരു പരമാധികാര റിപ്പബ്ളിക്കായി സ്വതന്ത്രമായത്. യൂറോപ്യന്‍ യൂണിയന്‍, യുഎന്‍, കൗണ്‍സില്‍ ഓഫ് യൂറോപ്പ്, നാറ്റോ, ഡബ്ള്യുടിഒ എന്നിവയില്‍ അംഗവും യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ 2008/2009 കാലങ്ങളില്‍ അംഗവും ആയിട്ടുണ്ട്.സാഗരീബ് ആണ് രാജ്യ തലസ്ഥാനം. ഫോട്ടോ:കടപ്പാട്
- dated 12 Jul 2018


Comments:
Keywords: Europe - Sports - match_croasia_england_world_cup_semi Europe - Sports - match_croasia_england_world_cup_semi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us