Today: 15 Dec 2017 GMT   Tell Your Friend
Advertisements
ദിലീപിന് ജാമ്യം; 85 ദിവസത്തിനു ശേഷം മോചനം, വന്‍ സ്വീകരണമൊരുക്കി ആരാധകര്‍
Photo #1 - India - Cinema - nail_dileep
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ റിമാന്‍ഡിലായിരുന്ന നടന്‍ ദിലീപ് ജയില്‍ മോചിതനായി. ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതാണ് നടന്റെ ജയില്‍ മോചനത്തിന് വഴി തുറന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അങ്കമാലി മജിസ്ട്രേട്ട് കോടതി പുറപ്പെടുവിച്ച മോചന ഉത്തരവ് ആലുവ സബ് ജയിലില്‍ എത്തിച്ചു. തുടര്‍ന്ന് വൈകിട്ട് അഞ്ചേകാലോടെ ദിലീപ് ജയില്‍നിന്ന് പുറത്തിറങ്ങി.

ദിലീപിന്റെ സഹോദരന്‍ അനൂപ്, അഭിഭാഷകര്‍ എന്നിവര്‍ ചേര്‍ന്നാണു ഹൈക്കോടതിയുടെ ഉത്തരവ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചത്. അവിടെ നിന്നും റിലീസിങ് ഓര്‍ഡര്‍ ആലുവ ജയിലില്‍ സഹോദരന്‍ എത്തിക്കുകയായിരുന്നു. ആലുവ സബ് ജയിലിനു പുറത്ത് വലിയ ജനക്കൂട്ടമാണ് ദിലീപിനെ സ്വീകരിക്കാന്‍ കാത്തുനിന്നത്. മധുരം വിതരണം ചെയ്തും ജയ് വിളിച്ചും നടന്റെ ഫ്ലെക്സില്‍ പാലഭിഷേകം നടത്തിയുമാണ് ആരാധകര്‍ ആഹ്ളാദം പ്രകടിപ്പിച്ചത്. നടന്‍ ധര്‍മ്മജന്‍, നാദിര്‍ഷായുടെ സഹോദരന്‍ സമദ്, കലാഭവന്‍ അന്‍സാര്‍ തുടങ്ങി സിനിമാമേഖലയില്‍ നിന്നുള്ളവരും ദിലീപിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

85 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ജസ്ററിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ജാമ്യഹര്‍ജി പരിഗണിച്ചത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നു വിലയിരുത്തിയ കോടതി, ദിലീപിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം പരിഗണിച്ചു. ഹൈക്കോടതിയിലും മജിസ്ട്രേറ്റ് കോടതികളിലുമായി അഞ്ച് തവണയാണ് ദിലീപ് ജാമ്യപേക്ഷ സമര്‍പ്പിച്ചത്.

അതേസമയം, ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതു സംബന്ധിച്ച് വിധി പകര്‍പ്പു ലഭിച്ചശേഷം പ്രതികരിക്കാമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ദിലീപിന് ജാമ്യം കിട്ടിയത് പൊലീസിന്റെ വീഴ്ചയല്ലെന്നും കേസില്‍ ദിലീപിനെതിരെ ഉടന്‍ കുറ്റപത്രം മര്‍പ്പിക്കുമെന്നും ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജ് പ്രതികരിച്ചു.

ജാമ്യ വ്യവസ്ഥകള്‍ ഇങ്ങനെ:

1. പാസ്പോര്‍ട്ട് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കണം
2. ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം
3. രണ്ട് ആള്‍ ജാമ്യവും നല്‍കണം
4. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്
5. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം
6. നടിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തരുത്
7. മാധ്യമങ്ങളോടു സംസാരിക്കുന്നതിന് നിയന്ത്രണം

വാദവും പ്രതിവാദവും കഴിഞ്ഞ ആഴ്ച പൂര്‍ത്തിയായിരുന്നു. ജാമ്യത്തിനായി മൂന്നാം തവണയാണു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മുമ്പ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അങ്കമാലി മജിസ്ട്രേട്ട് കോടതി രണ്ടു തവണയും ജാമ്യാപേക്ഷ തള്ളി.

നടിയെ ആക്രമിക്കാന്‍ ദിലീപ് തനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നാണു കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ മൊഴി. കേസില്‍ ഈയാഴ്ചതന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. അതേസമയം, കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല.

സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു വിലയിരുത്തിയാണു മുന്‍പു ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്ററ് ചെയ്തത്.

കേസിന്റെ നാള്‍വഴി

2017 ഫെബ്രുവരി 17 : അങ്കമാലി അത്താണിക്കു സമീപം പ്രമുഖ യുവനടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി അതിക്രമിച്ചു കയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും അപകീര്‍ത്തികരമായ വിഡിയോയും ചിത്രങ്ങളും പകര്‍ത്തുകയും ചെയ്തതായി കേസ്.

ഫെബ്രുവരി 21: നടന്‍ ദിലീപിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

ഫെബ്രുവരി 23: മുഖ്യപ്രതി പെരുമ്പാവൂര്‍ കോടനാട് നെടുവേലിക്കുടി സുനില്‍കുമാര്‍ (പള്‍സര്‍ സുനി), തലശേരി സ്വദേശി വിജീഷ് എന്നിവരെ കോടതി മുറിയില്‍നിന്നു നാടകീയമായി പൊലീസ് അറസ്ററ് ചെയ്തു.

ഏപ്രില്‍ 20: വിഷ്ണു എന്നയാള്‍ വിളിച്ച് സംഭവത്തില്‍ ബന്ധപ്പെടുത്താതിരിക്കാന്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായി കാണിച്ച് നടന്‍ ദിലീപ് ഡിജിപിക്ക് പരാതി നല്‍കി.

ജൂണ്‍ 25: ദിലീപിനെ ബ്ളാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനല്‍ എന്നിവരെ പൊലീസ് അറസ്ററുചെയ്തു. കത്ത് എഴുതിയതായി സുനി അന്വേഷണസംഘത്തിനു മൊഴി നല്‍കി.

ജൂണ്‍ 28: പുതിയ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ അന്വേഷണ സംഘം ആലുവ പൊലീസ് ക്ളബില്‍ വിളിച്ചുവരുത്തി 13 മണിക്കൂര്‍ ചോദ്യം ചെയ്തു

ജൂലൈ 02: ദിലീപ് നായകനായി അഭിനയിച്ച അവസാന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ മുഖ്യപ്രതി പള്‍സര്‍ സുനി എത്തിയതായി പൊലീസിന് തെളിവു ലഭിച്ചു.

ജൂലൈ 10: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. അറസ്ററ് രേഖപ്പെടുത്തുന്നു.
- dated 03 Oct 2017


Comments:
Keywords: India - Cinema - nail_dileep India - Cinema - nail_dileep,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us