വാഷിങ്ടണ്‍: അടച്ചു പൂട്ടലില്‍ ചരിത്രം സൃഷ്ടിച്ച് അമെരിക്ക. അമെരിക്കന്‍ ചരിത്രത്തില്‍ ഇതാദ്യമായി അടച്ചു പൂട്ടല്‍ 36 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി. ജനജീവിതം മുമ്പെന്നത്തെക്കാളും കൂടുതല്‍ ദുരിതപൂര്‍ണമായി. ഒബാമകെയര്‍ പദ്ധതിക്ക് ഫണ്ടു നല്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് ഡെമോക്രാറ്റുകള്‍ സെനറ്റില്‍ ധനാനുമതി ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്തതോടെയാണ് ബില്ല് പരാജയപ്പെട്ടത്. ബില്‍ ഇതുവരെ 13 തവണ സെനറ്റില്‍ പരാജയപ്പെട്ടു.
ബില്‍ പാസാക്കാന്‍ സെനറ്റില്‍ 60 വോട്ടുകള്‍ വേണം. അടച്ചു പൂട്ടലിനു പിന്നാലെ ഏഴര ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധിത അവധിയിലാണ്. കൂടാതെ ഏഴര ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്. അടച്ചു പൂട്ടലിന്റെ പശ്ചാത്തലത്തില്‍ അമെരിക്കയിലെ വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ വരെ പ്രതിസന്ധിയിലായി. സര്‍ക്കാര്‍ സേവനങ്ങള്‍ നിലയ്ക്കുന്നത് സാധാരണക്കാരെയും ബാധിക്കുകയാണ് . അടച്ചു പൂട്ടല്‍ അവസാനിപ്പിക്കാന്‍ ഡെമോക്രാറ്റുകള്‍ സമ്മതിക്കുന്നത് വരെ ഒരു ചര്‍ച്ചയ്ക്കും തയാറല്ലെന്ന നിലപാടിലാണ് ട്രംപ്. ആരോഗ്യ ഇന്‍ഷുറന്‍സ് സബ്സിഡികള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡെമോക്രാറ്റുകളുടെ പ്രതിഷേധം.

Comments: