ജര്‍മ്മനിയിലെ സര്‍ക്കാര്‍ നയങ്ങളും തൊഴിലാളികളുടെ കുറവിനെക്കുറിച്ചുള്ള വാര്‍ത്തകളും കേള്‍ക്കുമ്പോള്‍, വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കാന്‍ രാജ്യം തയ്യാറായി നില്‍ക്കുകയാണെന്ന് നമുക്ക് തോന്നും. എന്നാല്‍ അവിടെ എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ നേരിടുന്ന യാഥാര്‍ത്ഥ്യം പലപ്പോഴും ഇതില്‍ നിന്നും വിഭിന്നമാണ്. ജര്‍മ്മനിയില്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് ടെക്നോളജി, നിര്‍മ്മാണം, ആരോഗ്യരംഗം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വലിയ കുറവുണ്ട്. ഇതിനായി സര്‍ക്കാര്‍ വലിയ പ്രചാരണ പരിപാടികളും നടത്തുന്നുണ്ട്. എന്നാല്‍, ജര്‍മ്മനിയില്‍ എത്തിയവര്‍ക്കും എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും അറിഞ്ഞിരിക്കേണ്ട അഞ്ച് കയ്പ്പേറിയ സത്യങ്ങള്‍ ഇവയാണ്.
1.
വിദേശത്തിരുന്ന് ജോലിക്ക് അപേക്ഷിക്കുന്നത് പലപ്പോഴും ഫലം കണ്ടെന്നു വരില്ല. മെയ്ക്ക് ഇറ്റ് ഇന്‍ ജര്‍മ്മനി പോലുള്ള വെബ്സൈറ്റുകള്‍ മികച്ച വിവരങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും, ജര്‍മ്മനിയില്‍ നേരിട്ടെത്തി ജോലി അന്വേഷിക്കുന്നതാണ് കൂടുതല്‍ ഗുണകരം. ജര്‍മ്മന്‍ തൊഴില്‍ സംസ്കാരം നേരിട്ടുള്ള അഭിമുഖങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്കുന്നു. കൂടാതെ ഇതിനകം ജര്‍മ്മനിയില്‍ ഉള്ളവര്‍ക്കും ജോലി ചെയ്യാന്‍ അനുമതിയുള്ളവര്‍ക്കും തൊഴിലുടമകള്‍ മുന്‍ഗണന നല്‍കും. വിദേശത്ത് നിന്ന് അപേക്ഷിക്കുമ്പോള്‍ വിസ നടപടികള്‍ക്കായി ഏകദേശം രണ്ട് മുതല്‍ നാല് ആഴ്ച വരെ സമയം എടുക്കും എന്നതും ശ്രദ്ധിക്കേണ്ടതാണ്.
2.
കൃത്യമായ മുന്നൊരുക്കവും മിതമായ പ്രതീക്ഷകളും ഉണ്ടായിരിക്കണം. ജര്‍മ്മനിയില്‍ എത്തിയ ഉടന്‍ സ്വപ്ന ജോലി ലഭിക്കുക എന്നത് അത്ര എളുപ്പമല്ല. ചില മേഖലകളില്‍ ആളെ ആവശ്യമുണ്ടെങ്കിലും മറ്റു ചില മേഖലകളില്‍ ഇപ്പോള്‍ പിരിച്ചുവിടലുകളും നിയമന നിരോധനവും നടക്കുന്നുണ്ട്. ഉദാഹരണത്തിന് ഹെവി ഇന്‍ഡസ്ട്രി മേഖലയില്‍ വലിയ മത്സരമാണ് നടക്കുന്നത്. അതിനാല്‍ തുടക്കത്തില്‍ ചെറിയ ജോലികളോ ഇന്റേണ്‍ഷിപ്പുകളോ സ്വീകരിക്കാന്‍ തയ്യാറാകേണ്ടി വരും.
3.
ജര്‍മ്മന്‍ ഭാഷാ പരിജ്ഞാനം അത്യന്താപേക്ഷിതമാണ്. ഐടി മേഖലയിലോ ചില സ്ററാര്ട്ടപ്പുകളിലോ ഇംഗ്ളീഷ് കൊണ്ട് പിടിച്ചുനില്‍ക്കാം എന്ന് പലരും പറയാറുണ്ടെങ്കിലും ഭൂരിഭാഗം ജോലികള്‍ക്കും ജര്‍മ്മന്‍ ഭാഷ നിര്‍ബന്ധമാണ്. ബി1 അല്ലെങ്കില്‍ ബി2 ലെവല്‍ ഭാഷാ പരിജ്ഞാനം മിക്ക തൊഴിലുടമകളും പ്രതീക്ഷിക്കുന്നുണ്ട്.
4.
വിവേചനങ്ങളും മുന്‍വിധികളും നിലനില്ക്കുന്നു. ജര്‍മ്മനിയില്‍ ശക്തമായ വിവേചന വിരുദ്ധ നിയമങ്ങള്‍ ഉണ്ടെങ്കിലും പ്രായോഗിക തലത്തില്‍ പലപ്പോഴും അത് ലംഘിക്കപ്പെടാറുണ്ട്. സിവിയില്‍ ഫോട്ടോ, ജനനതീയതി, വിവാഹിതനാണോ തുടങ്ങിയ വിവരങ്ങള്‍ ഇപ്പോഴും ചോദിക്കാറുണ്ട്. വിദേശ നാമമുള്ളവര്ക്കും മറ്റും ചിലപ്പോള്‍ അദൃശ്യമായ വിവേചനങ്ങള്‍ നേരിടേണ്ടി വന്നേക്കാം എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
5.
കടലാസ് ജോലികളുടെ വലിയൊരു നിര തന്നെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ജര്‍മ്മനിയില്‍ ഏത് കാര്യത്തിനും രേഖകള്‍ നിര്‍ബന്ധമാണ്. ഒരു ജോലി ലഭിച്ചു കഴിഞ്ഞാല്‍ ടാക്സ് ഐഡി, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍, ബാങ്ക് അക്കൗണ്ട് തുടങ്ങി നിരവധി കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരും.
ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അവിടുത്തെ സംസ്കാരവുമായി പൊരുത്തപ്പെടുക എന്നത് മറ്റൊരു വെല്ലുവിളിയാണ്. ഇത്തരം സാഹചര്യങ്ങളില്‍ സഹായത്തിനായി മിക്ക കമ്പനികളിലും 'ബെട്രിബ്സ്രാറ്റ്' അഥവാ വര്‍ക്കേഴ്സ് കൗണ്‍സില്‍ ഉണ്ടാകും. ജോലിയില്‍ ചേര്‍ന്നാലുടന്‍ ഇവരുമായി ബന്ധപ്പെടുന്നത് നിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കും.

Comments: