Today: 08 Mar 2021 GMT   Tell Your Friend
Advertisements
യൗവന സ്വരത്തിന്റെ എഴുപത് വസന്തങ്ങള്‍, യേശുദാസ് പിറന്നാള്‍ സ്പെഷ്യല്‍
Photo #2 - India - Samakaalikam - birthday dr kjy special

ഇനിയും ജന്മമുണ്ടെങ്കില്‍ സംഗീതകാരനാവണം .

യേശുദാസുമായി നിതിന്‍ എന്‍ സംസാരിക്കുന്നു

യേശുദാസ് എന്ന പേരിന് വിശേഷണങ്ങള്‍ വേണ്ട. നാമം മാത്രം ധാരാളം. ഇന്ത്യയുടെ സംഗീതസൗഭാഗ്യമായ യേശുദാസ് നമുക്കുവേണ്ടി കുറച്ചുനിമിഷങ്ങള്‍ മാറ്റിവയ്ക്കുന്നു...

വിശ്രുത ഗായകന് അനുയാത്ര പോകാം...


? യേശുദാസ് എന്ന ഗായകന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്താണ്...

ജനങ്ങള്‍ തന്ന സ്നേഹം. അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായി ഞാന്‍ കാണുന്നത്. എനിക്കു കിട്ടുന്ന സ്നേഹവും ഞാന്‍ പാടിയ പാട്ടുകളും മാത്രമേയുള്ളൂ നിലനില്‍ക്കുന്നതായി. കാലം എത്ര കഴിഞ്ഞാലും എന്റെ പാട്ടുകള്‍ ഇവിടെ മുഴങ്ങിക്കൊണ്ടേയിരിക്കും. വരും തലമുറകളും ഇങ്ങനെയൊരാള്‍ ഇവിടെ ജീവിച്ചിരുന്നു എന്ന് ഓര്‍ക്കാതിരിക്കില്ലല്ലോ. അതില്‍ പരം നേട്ടം, ഭാഗ്യമെന്തു വേണം എനിക്ക്?

? ജീവിതത്തെക്കുറിച്ച് പറയാമോ...

ഒന്നും ഞാന്‍ കരുതിയപോലെയല്ല സംഭവിച്ചത്. ദൈവം തെളിച്ച വഴിയിലൂടെ ഞാന്‍ നടന്നു. ധനസമ്പാദനമോ ജീവിതസുഖങ്ങളോ എനിക്കു പ്രധാനമായിരുന്നില്ല. അന്നും ഇന്നും. ദൈവം തന്നതു തന്നെ ധാരാളം. ഈ കാണുന്ന നിലയിലേക്ക് എന്നെ എത്തിച്ചതിന് ജദഗദീശ്വരനോടു നന്ദി പറയുന്നു.

നൂറുവര്‍ഷം പാടാനാവുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ദൈവം പറയുമ്പോള്‍ പാട്ടു നിര്‍ത്തും. എന്റെ ഗുരു ചെമ്പൈ വൈദ്യനാഥ ഭാഗവരോടു കാട്ടിയ കരുണ എന്നോടും കാട്ടണേ എന്നു ദൈവത്തോടു പ്രാര്‍ത്ഥിക്കാറുണ്ട്. നോവിക്കാതെ തിരിച്ചുവിളിക്കണേ എന്ന്.

? കടന്നുവന്ന വഴികള്‍...

ജീവിതത്തിന്റെ രണ്ടറ്റവും കണ്ടവനാണ് ഞാന്‍. സുഖവും ദുഃഖവും എന്റെ സഹയാത്രികരായിരുന്നു.

ആരുമറിയാതിരുന്ന യേശുദാസിന് അവസരം തേടി മദ്രാസിലേക്കു പോകാന്‍ ട്രെയിനില്‍ ഒരു ഓര്‍ഡിനറി ടിക്കറ്റെടുക്കാന്‍ പോലും കൈയില്‍ കാശില്ലായിരുന്നു. അന്ന് ടാക്സി െ്രെഡവറായ അയല്‍ക്കാരന്‍ തന്ന പതിനാറു രൂപയുടെ വിലയില്ല ഇന്നു കിട്ടുന്ന ഒരു പ്രതിഫലത്തിനും.

? എഴുപതാം പിറന്നാളിനെ എങ്ങനെ വരവേല്‍ക്കും...

ജന്മദിനങ്ങള്‍ ആഘോഷിക്കുന്നതിനോട് എനിക്കു വലിയ താത്പര്യമില്ല. എന്റെ അന്‍പതാം ജന്മദിനം കടന്നുപോയത് അധികമാരും ആരുമറിഞ്ഞിരുന്നില്ല. പക്ഷേ, അറുപതെത്തിയപ്പോള്‍ ഒരുപാടുപേര്‍ അറിഞ്ഞു. എഴുപതാവുമ്പോള്‍ അതിലേറെ അറിയുന്നു.

ഇഷ്ടപ്പെടുന്നവര്‍ക്കും ഉറ്റവര്‍ക്കും എന്റെ ജന്മദിനം ആഘോഷിക്കണമെങ്കില്‍ അവര്‍ക്കുവേണ്ടി ഞാന്‍ നിന്നുകൊടുക്കുന്നു. കടന്നുവന്ന വഴികളില്‍ അനുഭവിച്ച വേദനകള്‍ ഓര്‍ത്താല്‍ ഒരു സന്തോഷവും ആസ്വദിക്കാന്‍ തോന്നാറുമില്ല.

? സംഗീതം ഇന്നു പണം കായ്ക്കുന്ന മരമായി മാറുകയാണല്ലോ...

ത്യാഗരാജ സ്വാമികള്‍ പണത്തിനും പ്രശസ്തിക്കും വേണ്ടി പാടിയില്ല. അദ്ദേഹം പാടിയത് ഈശ്വരനു വേണ്ടിയാണ്. ചരിത്രത്തിന്റെ ഭാഗമായതും ഈശ്വരനു വേണ്ടി പാടിത്തന്നെ. ത്യാജരാജ സ്വാമികളെപ്പോലെ പാടാനും ജീവിക്കാനും ഇന്നുള്ള ആര്‍ക്കും ഉള്‍ക്കരുത്തില്ല. അതിന്റെ ബാക്കിപത്രമാണ് ഈ ചോദ്യത്തിന്റെ ഉത്തരം.

? മക്കളെ സ്വന്തം വഴിയിലേക്കു നയിച്ചതെങ്ങനെയായിരുന്നു...

ഒരിക്കലും ഞാനവരെ എന്റെ വഴിയിലേക്കു നയിച്ചിട്ടില്ല. ഇഷ്ടപ്പെട്ട വഴി അവര്‍ ഓരോരുത്തരും തിരഞ്ഞെടുക്കുകയായിരുന്നു. ഏതു വഴി പോയാലും ലളിതജീവിതം മറക്കരുതെന്ന് അവരെ ഞാന്‍ എപ്പോഴും ഓര്‍മിപ്പിക്കുന്നുവെന്നു മാത്രം.

? കലയും സാഹിത്യവുമെല്ലാം വര്‍ഗീയവത്കരിക്കപ്പെടുന്ന ഇക്കാലത്തു ജീവിക്കേണ്ടിവരുന്നതിനെക്കുറിച്ച് എന്തു തോന്നുന്നു...

എല്ലാ മതവും ദൈവത്തിന് രൂപവും നാമവുമില്ലെന്നു പറയുന്നു.
അപ്ലജ്ഞരായ മനുഷ്യര്‍ ദൈവത്തിനു രൂപവും പേരും കൊടുത്തു. പിന്നെ അതിന്റെ പേരില്‍ തമ്മിലടിച്ചു തലകീറുന്നു. അതിന്റെ തുടര്‍ച്ച തന്നെയാണ് സംഗീതത്തിലെയും കലയിലെയുമെല്ലാം മാറ്റം.

നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കൂ എന്നു പറഞ്ഞ യേശു, ഒരിക്കലും സ്നേഹിക്കേണ്ടത് ക്രിസ്ത്യാനിയായ അയല്‍ക്കാരനെയാണെന്നു പറഞ്ഞില്ല.


? യേശുദാസ് എന്ന സംഗീതജ്ഞനെ എങ്ങനെ വിലയിരുത്തുന്നു...

ഞാനിന്നും ഒരു സംഗീതവിദ്യാര്‍ത്ഥിയാണ്. ഒന്നും പഠിച്ചുതീര്‍ന്നിട്ടില്ല. ഞാന്‍ നേടിയ അറിവുകള്‍ അല്പമാത്രം. അതുകൊണ്ടുതന്നെ ഇനിയൊരു ജന്മമുണ്ടങ്കിലും ഒരു സംഗീതകാരനായി പിറക്കണേ എന്നാണ് പ്രാര്‍ത്ഥന.

ഇതു പറയുമ്പോഴും മറ്റൊന്നുകൂടി ഓര്‍മിപ്പിക്കട്ടെ, ഞാന്‍ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ല. വര്‍ത്തമാനത്തിലാണ് ജീവിക്കുന്നത്.


യേശുദാസിന്റെ മികച്ച പത്തു ഗാനങ്ങള്‍ .

രവീന്ദ്രന്‍

സപ്തതി ആഘോഷിക്കുന്ന, ഭാരതത്തിന്റെ സംഗീത സമ്രാട്ടിന് ആയുരാരോഗ്യവും സന്തോഷപൂര്‍ണമായുള്ള ജീവിതവും നേര്‍ന്നുകൊണ്ട് തുടങ്ങട്ടെ. ഇനിയുമധികം കാലം ദാസേട്ടനു മനോഹരമായ ശബ്ദംകൊണ്ട് ലോകമെമ്പാടുമുള്ള മലയാളികളെ സംഗീതത്തിന്റെ പെരുമഴയാല്‍ സന്തോഷിപ്പിക്കാന്‍ സാധിക്കട്ടെയെന്ന് ദൈവത്തോട് അപേക്ഷിക്കുന്നു.

ദാസേട്ടാ, ഞാന്‍ താങ്കളെ അങ്ങേയറ്റം ആരാധിക്കുകയും ഹൃദയത്തില്‍ പൂജിക്കുകയും ചെയ്യുന്ന എളിയ ഒരു ആരാധകനാണ്. 1970/80 കാലത്ത്, താങ്കളുടെ മലയാള ചലച്ചിത്ര ഗാനങ്ങള്‍ കേട്ടുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്. കുട്ടികാലം മുതല്‍ തന്നെ ഞാന്‍ ദാസേട്ടന്റെ ഗാനങ്ങളടങ്ങുന്ന ഓഡിയോ കാസറ്റുകളും ഗ്രാമഫോണ്‍ റികോര്‍ഡുകളും ദൂരെ സ്ഥലങ്ങളില്‍ യാത്ര ചെയ്തു ശേഖരിക്കാറുണ്ടായിരുന്നു. ഇന്ന് എനിക്ക് അഭിമാനപൂര്‍വം പറയാനാകും, ദാസേട്ടന്‍ ഇത് വരെ പാടിയിട്ടുള്ള എല്ലാ ഭാരതീയ ഭാഷകളിലെയും ഗാനങ്ങളുടെ വിപുലമായ ശേഖരം എന്റെ കയ്യിലുണ്ട് എന്ന്.

ഞാന്‍ ഇഷ്ടപ്പെടുന്ന ദാസേട്ടന്റെ പത്തു നല്ല മലയാള സിനിമാ ഗാനങ്ങളുടെ ലിസ്ററ് തയ്യാറാക്കുവാന്‍ ന്യൂസ് ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ അവരോടു പറഞ്ഞു, മലയാളത്തിലെയും ഭാരതത്തിലെ മറ്റെല്ലാ ഭാഷകളിലെയും ഗാനങ്ങളില്‍ നിന്ന് അത്തരമൊരു തെരഞ്ഞെടുപ്പു നടത്തുക ശ്രമകരമായിരിക്കും.

1) അറ്റന്‍ഷന്‍ പെണ്ണെ, അറ്റന്‍ഷന്‍... (കാല്പാടുകള്‍ 1962; ഗാന രചന: പി. ഭാസ്കരന്‍; സംഗീതം: എം ബി ശ്രീനിവാസന്‍)

ദാസേട്ടന്റെ ആദ്യ മലയാള സിനിമയിലെ അന്നത്തെ കാലത്ത് ഹിറ്റായ ഗാനമാണ് അറ്റന്‍ഷന്‍ പെണ്ണെ, അറ്റന്‍ഷന്‍ പെണ്ണെ. ഈ യുഗ്മഗാനം ദാസേട്ടന്റെ കൂടെ പാടിയത് അക്കാലത്തെ പ്രശസ്ത ഗായികയായ അന്തരിച്ച ശാന്താ പി നായരാണ്.

2) ആദ്യത്തെ കണ്മണി ആണായിരിക്കണം... (ഭാഗ്യജാതകം 1962; സംവിധാനം: പി ഭാസ്കരന്‍; ഗാന രചന: പി ഭാസ്കരന്‍; സംഗീതം എം എസ് ബാബുരാജ്)

ദാസേട്ടന്റെ അക്കാലത്തെ പ്രശസ്തമായ ഒരു ഗാനം. കല്യാണം കഴിഞ്ഞ ദമ്പതികള്‍ തങ്ങളുടെ വരാന്‍ പോവുന്ന കുഞ്ഞിനെ കുറിച്ച് സ്വപ്നം കാണുന്ന സന്ദര്‍ഭമാണ് ഈ ഗാന രംഗത്തെ ചിത്രീകരിക്കുന്നത്. നടി ഷീലയുടെ ആദ്യ സിനിമയാണ് ഭാഗ്യജാതകം. നായകനും നായികയും താങ്കളുടെ വരാന്‍ പോകുന്ന കുഞ്ഞിനെ കുറിച്ചോര്‍ത്തു പാടുകയാണ്.

3) കല്പനയാകും യമുനാ നദിയുടെ...(ഡോക്ടര്‍ 1963; ഗാനരചന: വയലാര്‍ രാമവര്‍മ; സംഗീതം: ദേവരാജന്‍)

ഡോക്ടര്‍ എന്ന ചലച്ചിത്രം തികച്ചും പ്രത്യേകതകള്‍ നിറഞ്ഞ ഒന്നായിരുന്നു. മണി സംവിധാനം ചെയ്ത ഡോക്ടര്‍ ഹാസ്യത്തിന് പ്രാധാന്യം കൊടുത്ത ചിത്രമായിരുന്നു. മെഹബൂബ്, കോട്ടയം ശാന്ത എന്നിവരുടെ ഹാസ്യ ഗാനങ്ങള്‍ ഉണ്ടായിരുന്ന ഈ സിനിമയിലെ വേറിട്ടൊരു ഗാനമായിരുന്നു ദാസേട്ടനും സുശീലാമ്മയും ചേര്‍ന്ന് പാടിയ 'കല്പനയാകും യമുനാ നദിയുടെ' , എന്ന ഗാനം. ഇന്നും നിത്യവസന്തം!

4) മധുരപ്പതിനേഴുകാരി... (അമ്മയെ കാണാന്‍ 1963; ഗാന രചന: പി ഭാസ്കരന്‍; സംഗീതം: കെ രാഘവന്‍)

'മധുരപ്പതിനേഴുകാരി,' ഇന്ന് കാലം കടന്നിട്ടും ഈ ഗാനം കാമുകീകാമുകന്മാരുടെ സ്വന്തം. ഇവിടെ കാമുകനും കാമുകിയും പരസ്പരം കളിയാക്കുകയാണ്.

5) ഇനിയെന്റെ ഇണക്കിളി... (സ്കൂള്‍ മാസ്ററര്‍ 1964; ഗാന രചന: വയലാര്‍
രാമവര്‍മ; സംഗീതം: ദേവരാജന്‍)

ദാസേട്ടന്റെയും ജാനകി അമ്മയുടെയും സ്വരത്തില്‍ അതീവ മനോഹരമായ ഒരു പ്രേമ ഗാനം. ഈ ചിത്രത്തിലെ ഒരു ദേശഭക്തി ഗാനമാണ് 'ജയ ജയ ജന്മഭൂമി, ജയ ജയ ഭാരതഭൂമി...'

6) ഇടയകന്യകേ.../അഷ്ടമുടി കായലിലെ... (മണവാട്ടി 1964; ഗാനരചന: വയലാര്‍ രാമവര്‍മ; സംഗീതം: ദേവരാജന്‍)

മനോഹരമായ പ്രേമ ഗാനങ്ങള്‍! ഇതിന്റെ ചിത്രീകരണമോ, അതീവ ഹൃദ്യവും!

7) ചൊട്ടമുതല്‍ ചുടല വരെ...(പഴശ്ശിരാജ 1964; ഗാനരചന: വയലാര്‍ രാമ വര്‍മ; സംഗീതം: ആര്‍ കെ ശേഖര്‍)

ദാസേട്ടന്റെ തത്വചിന്താപരമായ ഒരു ഗാനം.

8) ശംഖുപുഷ്പം... (ശകുന്തള 1964; ഗാനരചന: വയലാര്‍ രാമവര്‍മ; സംഗീതം: ദേവരാജന്‍)

9) സ്വര്‍ണത്താമര.../മാലിനി നദിയില്‍... പി സുശീലയോടൊപ്പം (ശകുന്തള 1964; ഗാനരചന: വയലാര്‍ രാമവര്‍മ; സംഗീതം: ദേവരാജന്‍)

ദുഷ്യന്ത മഹാരാജാവിന്റെ പ്രിയ സ്നേഹിത ശകുന്തളയെ കുറിച്ച് വര്‍ണിക്കുന്ന ഗാനങ്ങള്‍. ഗാനങ്ങളും ചിത്രീകരണവും അതീവ ഹൃദ്യം.

10) അല്ലിയാമ്പല്‍... (റോസി 1965; ഗാനരചന: പി ഭാസ്കരന്‍; സംഗീതം: കെ വി ജോബ്)

ഭാഗ്യം കൊണ്ട് ദാസേട്ടന് പാടാനായ ഗാനം. അന്നത്തെ പ്രശസ്ത ഗായകന്‍ കെ പി ഉദയഭാനു ആയിരുന്നു ഈ ഗാനം പാടേണ്ടിയിരുന്നത്. പക്ഷെ, അദ്ദേഹം തന്നെ ഈ ഗാനം പാടാന്‍ ദാസേട്ടനെ അനുവദിച്ചു. പിന്നെയെല്ലാം ചരിത്രം.

*പുരസ്കാരാര്‍ഹനായ എഴുത്തുകാരന്‍, ഷോര്‍ട്ട് ഫിലിം ഡോകുമെന്ററി സംവിധായകന്‍, മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് കിരണ്‍ രവീന്ദ്രന്‍
ആ നാദധാര ഒഴുകിയൊഴുകി...

രവി മേനോന്‍

മലയാളിക്ക് ആരാണ് യേശുദാസ്. പലവട്ടം ചിന്തിച്ചിട്ടുണ്ട് ഞാന്‍. മനസ്സു വേദനിക്കുമ്പോള്‍ എവിടെനിന്നെങ്കിലും ഒരു സാന്ത്വനസ്പര്‍ശമായി ആ നാദധാര ഒഴുകിയെത്തും. പ്രണയാതുരനായി നില്‍ക്കുന്ന കാമുകന്റെ (പ്രണയവിവശയായ കാമുകിയുടെയും) ഹൃദയത്തിലേക്ക് കുളിര്‍മഴയായി ആ നാദമൊഴുകിയെത്തും. സന്തോഷത്തിന്റെ മുഹൂര്‍ത്തത്തില്‍ അതിന്റെ പരകോടിയിലേക്കു കൊണ്ടുപോകും ആ സംഗീതനിര്‍ത്ധരി. 1961ലാണ് യേശുദാസ് പാടിത്തുടങ്ങിയത്. ഞാന്‍ ജനിച്ചത് അതിന്റെ പിറ്റേക്കൊല്ലവും. യേശുദാസിന്റെ കരിയറിനൊപ്പം വളര്‍ന്നവന്‍ എന്നാണ് എന്നെക്കുറിച്ച് ഞാന്‍ പറയാറ്. ഓര്‍മവച്ചതുമുതല്‍ യേശുദാസിന്റെ പാട്ടുകേള്‍ക്കാത്ത ഒരു ദിവസവുമില്ല എന്നതാണ് എനിക്ക് യേശുദാസുമായുള്ള ഏറ്റവും വലിയ അടുപ്പം.

ജീവിതത്തിലെ സുഖദുഃഖങ്ങളും ഓരോരോ കാലങ്ങളും യേശുദാസ് പാടിയ പാട്ടുകളിലൂടെ കോര്‍ത്തെടുക്കാന്‍ കഴിയും എനിക്ക്. കടലിനക്കരെ പോണോരേ... കേള്‍ക്കുമ്പോള്‍ സ്ലേറ്റും പുസ്തകങ്ങളും പിടിച്ച് സ്കൂളില്‍ പോയിരുന്ന കാലം ഓര്‍മവരും.

കാളിദാസന്റെ കാവ്യഭാവനേ... (സുജാത) എന്നു കേള്‍ക്കുമ്പോള്‍ ദേവഗിരി കോളേജിലെ ഹോസ്ററല്‍ മുറിയും അന്നത്തെക്കാലവും മനസ്സില്‍ തെളിഞ്ഞുവരും. ഹോസ്ററലില്‍ എന്നും ഒഴുകിയിരുന്നു ആ ഗാനം.

വയനാട്ടില്‍ യേശുദാസ് ഗാനമേളയ്ക്ക് എത്തിയത് ബാല്യസ്മരണകളില്‍ ഇന്നുമുണ്ട്. അന്ന് അദ്ദേഹത്തെ കാണുക എന്നത് വലിയൊരു മോഹമായിരുന്നു. പക്ഷേ, വയനാട് ഒന്നാകെ ആ ഉത്സവപ്പറമ്പിലേക്ക് ഒഴുകിയപ്പോള്‍ എന്നെപ്പോലുള്ള കുട്ടികളെ അവിടേക്കു പോകാന്‍ വീട്ടില്‍ വിലക്കുവന്നു.

കോഴിക്കോട്ടു വച്ചാണ് ആദ്യമായി യേശുദാസിനെ ആദ്യം കാണുന്നത്. അതും ഒരു ഗാനമേള വേദിയില്‍ തന്ന. ജനസാരത്തിന്റെ പിന്നില്‍ നിന്ന് ഒരു വിദൂരദര്‍ശനം. സ്വപ്നം സഫലയമായ നിമിഷങ്ങള്‍.

അടുത്തു കാണുന്നത് അമ്മാവന്‍ മുല്ലശ്ശേരി രാജുവിന്റെ വീട്ടില്‍വച്ചാണ്. (മുല്ലശ്ശേരി രാജുവിനെ എല്ലാവര്‍ക്കും ഓര്‍മകാണും. അദ്ദേഹത്തിന്റെ ജീവിതകഥയെ പിന്‍പറ്റിയാണ് "ദേവാസുരം എന്ന ചിത്രം ഒരുക്കപ്പെട്ടത്.

അമ്മാവനും യേശുദാസും അടുത്ത സുഹൃത്തുക്കളായിരുന്നു. അവിടെ യേശുദാസ് നിത്യസന്ദര്‍ശകനായിരുന്നു. റഫി, തലത്ത് മഹമൂദ്, മുകേഷ്, ഹേമന്ദ്കുമാര്‍ തുടങ്ങിയവരുടെ മനോഹര ഗാനങ്ങള്‍ യേശുദാസിന്റെ ചുണ്ടില്‍നിന്ന് അനര്‍ഗളം ഒഴുകുന്നത് അവിടെ വച്ചാണ് കേട്ടത്.

ഈ വരികളത്രയും മനസ്സില്‍ എങ്ങനെ ഒതുക്കിയിരിക്കുന്നുവെന്ന് ഒരിക്കല്‍ അത്ഭുതത്തോടെ ചോദിച്ചപ്പോള്‍ മറുപടി ഇതായിരുന്നു: ഈ പാട്ടുകളെ ഞാന്‍ അത്രമേല്‍ സ്നേഹിക്കുന്നു. അതിനാല്‍ അവ എന്റെ മനസ്സില്‍ പതിഞ്ഞുപോയി...

റഫിയെയും തലത്തിനെയും ഗാഢമായി സ്നേഹിക്കുന്ന യേശുദാസ്, മലയാളിക്ക് മറക്കാനാവാത്ത തന്റെ വരികള്‍ ചിലപ്പോഴെങ്കിലും സ്വയം മറന്ന അനുഭവങ്ങളുമുണ്ട്.

മുല്ലശ്ശേരി രാജുവിന്റെ വീട്ടില്‍ ഉ ായ ചെറിയ അടുപ്പം വളരുന്നത് 1990ല്‍ "കേരളകൗമുദിയില്‍ ഞാന്‍ എഴുതിയ ലേഖനത്തിനു ശേഷമാണ്. യേശുദാസിന് അന്‍പതു വയസ്സായത് അധികമാരും ഓര്‍ത്തിരുന്നില്ല. അന്ന് വീക്കെന്‍ഡ് മാഗസിനില്‍ "50 വസന്തങ്ങള്‍ പിന്നിട്ട് യേശുദാസ് എന്ന പേരില്‍ ഞാനൊരു ഫീച്ചര്‍ എഴുതിയിരുന്നു. അതു കഴിഞ്ഞ് പിന്നീട് മുല്ലശ്ശേരി രാജുവിന്റെ വീട്ടില്‍ കാണുമ്പോള്‍ എന്നോടൊരു ചോദ്യം: "നിന്നോട് ആരു പറഞ്ഞു എനിക്ക് 50 വയസ്സായെന്ന്? അന്നു മുതലാണ് ഞങ്ങള്‍ക്കിടയില്‍ ഒരു ആത്മബന്ധം ഉടലെടുക്കുന്നത്.

പിന്നെ കൊച്ചിയില്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ ജോലിചെയ്യുന്ന കാലത്താണ് അടുപ്പം ദൃഢമാവുന്നത്. അന്ന് അദ്ദേഹം മദ്രാസിലെ വീട്ടിലേക്കു ക്ഷണിച്ചു. ബി ടി എച്ചില്‍ അദ്ദേഹം എത്തിയാല്‍ ഞാന്‍ നിത്യസന്ദര്‍ശകനായിരുന്നു.

മറക്കാനാവാത്ത യേശുദാസ് അനുഭവം 2007 ലാണ് ഉണ്ടായത്. കോഴിക്കോട്ടെ അളകാപുരി ഹോട്ടിലില്‍ താമസിക്കുകയായിരുന്നു ഞാന്‍. വെളുപ്പിന് മൂന്നു മണിക്ക് സെല്‍ഫോണ്‍ അടിക്കുന്നു. മറു തലയ്ക്കല്‍ പ്രഭാ യേശുദാസ്. അസമയത്ത് ബുദ്ധിമുട്ടിക്കുന്നതിന് ക്ഷമാപണത്തോടെയാണ് പ്രഭാ യേശുദാസ് സംസാരിച്ചു തുടങ്ങിയത്.
ന്യൂയോര്‍ക്കില്‍ മലയാളി കൂട്ടായ്മ സംഘടിപ്പിച്ച ഒരു സംഗീതപരിപാടിയില്‍ പങ്കെടുത്തുകൊണ്ടേിരിക്കുകയായിരുന്നു യേശുദാസ്. കടലിനക്കരെ പോണോരേ... എന്ന ഗാനമാണ് അദ്ദേഹം പാടിക്കൊണ്ടിരുന്നത്. പെട്ടെന്ന് രണ്ടും മൂന്നും സ്ററാന്‍സ മറന്നുപോയി. വരികള്‍ ഓര്‍ത്തെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ എന്നെ വിളിക്കാന്‍ ഭാര്യയെ ചട്ടംകെട്ടുകയായിരുന്നു. ഉറക്കത്തില്‍ പെട്ടെന്ന് ഞാനും വരികള്‍ മറന്നുപോയി. പക്ഷേ, വളരെ പെട്ടെന്ന് ഓര്‍ത്തെടുത്ത് പറഞ്ഞുകൊടുത്തു. എന്നെ വിളിച്ചാല്‍ ബാക്കി വരികള്‍ കിട്ടുമെന്ന അദ്ദേഹത്തിന്റെ വിശ്വാസം ഒരു വലിയ അംഗീകാരം പോലെയാണ് എനിക്കു തോന്നിയിട്ടുള്ളത്.

റഫിയെയും മുകേഷിനെയും നെഞ്ചേറ്റുന്ന യേശുദാസ് സ്വന്തം പാട്ടു മറന്നുപോയിരിക്കുന്നു! തന്നെ മറന്നാലും റഫിയെ ഓര്‍ക്കുന്ന അദ്ദേഹം സംഗീതത്തെ സ്നേഹിക്കുന്നത് ആത്മാര്‍ത്ഥമായി തന്നെയെന്ന് ആ അതിപ്രഭാതത്തില്‍ എനിക്കു തോന്നി.

യേശുദാസ് എന്ന വ്യക്തിയുടെ നിലപാടുകളോടും അഭിപ്രായങ്ങളോടും ചിലപ്പോള്‍ യോജിക്കാനാവില്ല എനിക്ക്. പക്ഷേ, അദ്ദേഹത്തിലെ നല്ല മനുഷ്യനെ കാണാതിരിക്കാനാവില്ല. മുന്‍കോപിയാണ് അദ്ദേഹമെന്ന് ചിലപ്പോള്‍ തോന്നും. പക്ഷേ, സ്ഥായിയായി ആരോടും കോപം കാണിക്കില്ല യേശുദാസ്. പുറമേ പരുക്കനെന്നു തോന്നുമെങ്കിലും നല്ലൊരു മനസ്സു ് അദ്ദേഹത്തിന്. മുല്ലശ്ശേരി രാജുവിനെ മാസങ്ങളോളം സ്വന്തം ചെലവില്‍ മദ്രാസില്‍ താമസിപ്പിച്ച് മാഗ്നറ്റിക് ചികിത്സ തരമാക്കിക്കൊടുത്ത യേശുദാസ് അതുപോലെ എത്രയെത്രപേരെ സഹായിച്ചിരിക്കുന്നു. ഇന്നും സഹായിക്കുന്നു, ആരുമറിയാതെ...

യേശുദാസിനെ കൂടാതെ മലയാളിക്ക് ഒരു ദിവസമുണ്ടാകുമെന്ന് തോന്നുന്നില്ല. 20 വയസ്സുവരെയുള്ള ഇക്കാലത്തു ജീവിക്കുന്നവര്‍ അദ്ദേഹത്തിന്റെ ഒരു പാട്ടെങ്കിലും കേള്‍ക്കാത്ത ഒരു ദിവസവും കാണില്ലെന്ന് ഉറപ്പിച്ചു പറയാം.

ഇത്ര പൂര്‍ണതയുള്ള ഒരു ഗായകന്‍ ഇനി ഇതുവഴി വരുമോ? സംശയമാണ്. യേശുദാസിന്റെ കാലത്തു ജീവിക്കാനായി എന്നതു നമ്മുടെ ഭാഗ്യം. അനുഗൃഹീതരായ എഴുത്തുകാരും സംഗീതസംവിധായരുമുള്ള കാലത്തു പാടുവാനായി എന്നത് യേശുദാസ് എന്ന ഗായകന്റെ ഭാഗ്യമാണ്. തങ്ങളുടെ ഗാനങ്ങള്‍ മധുരഗംഭീരശബ്ദത്തിലൂടെ അനശ്വരമാക്കാന്‍ യേശുദാസ് എന്ന ഗായകനെ കിട്ടി എന്നത് അവരുടെയും ഭാഗ്യം.

അതിരാവിലെ ചിലപ്പോള്‍ യേശുദാസ് വിളിച്ചിട്ടുണ്ട്. ഗംഭീരമായ ആ ശബ്ദംപോലും ദിവസമാകെ പകരുന്ന ഉന്മേഷം അപാരമാണ്, ആ നാദധാര പോലെ...

ടോം തോമസ്

എല്ലാ പിറന്നാളിനും ദാസേട്ടനെ വിളിച്ചു ഞാന്‍ ആശംസ അറിയിക്കാറുണ്ട്. ഇക്കുറി എന്റെ പിറന്നാള്‍ ആശംസ വൈഗയിലൂടെ ആവട്ടെ. ദാസേട്ടന് എല്ലാ മംഗളങ്ങളും ഒപ്പം ദീര്‍ഘായുസ്സും ആരോഗ്യവും ഐശ്വര്യങ്ങളും നേരുന്നു. പറയുന്നത് കെ എസ് ചിത്ര. മലയാളിക്ക് കേട്ടാലും കേട്ടാലും മതിവരാത്ത പ്രിയസ്വരം.താന്‍ കണ്ടതും അറിഞ്ഞതുമായ യേശുദാസിനെ പരിചയപ്പെടുത്തുകയാണ് ചിത്ര.

കുട്ടിയായിരുന്ന കാലത്ത് ദാസേട്ടനോടൊപ്പം പാടിയ അനുഭവം ഇന്നും മറന്നിട്ടില്ല ഞാന്‍. എല്ലാ പ്രോത്സാഹനങ്ങളും തന്ന അദ്ദേഹം തെറ്റുകള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടിത്തന്നിരുന്നു. ഒരു ഗുരുവിനപ്പുറം രക്ഷിതാവിന്റെ സ്ഥാനത്തായിരുന്നു അദ്ദേഹമെന്ന് അപ്പോള്‍ തോന്നിയിട്ടുണ്ട്.

വിദേശത്തും മറ്റും പോകുമ്പോള്‍ ത്യാഗരാജ സ്വാമികളുടെ കീര്‍ത്തനങ്ങള്‍ അടങ്ങിയ ഒരു പുസ്തകം അദ്ദേഹം കൈയില്‍ കരുതും. യാത്രകളില്‍ ചൊല്ലിപ്പഠിക്കാനാണിത്. കൂടെയുള്ളപ്പോള്‍ എന്നെ വിളിച്ചിരുത്തി അദ്ദേഹം കീര്‍ത്തനങ്ങള്‍ ചൊല്ലിത്തരും. എനിക്കു ചൊല്ലിത്തന്നാല്‍ ദാസേട്ടന് അവ എളുപ്പം മനപ്പാഠമാക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്.

ശബ്ദം സൂക്ഷിക്കുവാനും സംഗീതത്തിനുമായി ദാസേട്ടന്‍ കാണിക്കുന്ന അര്‍പ്പണമനസ്സ് എല്ലാവര്‍ക്കും മാതൃകയാവേണ്ടതാണ്. പുതു തലമുറ അദ്ദേഹത്തെ റോള്‍ മോഡലാക്കണം.

ഒരുമിച്ചു പാടിയ പാട്ടുകളില്‍ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്നു ചോദിച്ചാല്‍ ചിത്രയ്ക്ക് ഉത്തരമില്ല. ദാസേട്ടനൊപ്പം ഓരോ തവണ പാടുമ്പോഴും ഓരോ പുതിയ കാര്യം പഠിക്കുകയാണ്. അപ്പോള്‍ പ്രിയപ്പെട്ട പാട്ടേതെന്നു പറയാനാവില്ല. ഓരോ കാരണത്താല്‍ ഓരോ പാട്ടും പ്രിയപ്പെട്ടതായി മാറുകയാണ്.

അപ്പാ തരുന്നത് അവിസ്മരണീയ നിമിഷങ്ങള്‍: വിജയ് യേശുദാസ് .

ജി ആര്‍ അനുരാജ്

അപ്പായുമൊത്തുള്ള ഒരോ നിമിഷവും വിജയ് യേശുദാസിന് മറക്കാനാവാത്തവയാണ്. "യേശുദാസ്' പ്രത്യേക പതിപ്പിനു വേണ്ടി " ന്യൂസി'നോട് സംസാരിക്കുകയായിരുന്നു യേശുദാസിന്റെ മകനും ഗായകനുമായ വിജയ്. ഒരിക്കലും എന്നെ ഗായകനാക്കാന്‍ അപ്പാ ശ്രമിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പാട്ടുകള്‍ കേട്ടും, കുടുംബത്തിന് സംഗീതവുമായുള്ള നിരന്തരമായ സമ്പര്‍ക്കവും അനുഭവങ്ങളുമാണ് എന്നെ ഗായകനാക്കി മാറ്റിയത് വിജയ് പറയുന്നു. അപ്പായുമൊത്തുള്ള ഒരോ നിമിഷങ്ങളും മറക്കാനാകാത്തതാണ്. അതിലെ ചുരുക്കം ചില നിമിഷങ്ങള്‍ വൈഗയുടെ വായനക്കാര്‍ക്കു വേണ്ടി പങ്കുവയ്ക്കുകയാണ് വിജയ്. കുട്ടിക്കാലം മുതലേ അപ്പായുമൊത്ത് ശബരിമലയ്ക്കു പോകുമായിരുന്നു. എനിക്ക് എഴോ എട്ടോ വയസ്സുള്ളപ്പോഴാണ് അദ്യമായി മലയ്ക്കു പോയത്. അതിനായി തിരുവനന്തപുരത്തെ തരംഗിണി സ്ററുഡിയോയിലെത്തി. അതിനടുത്തുള്ള അയ്യപ്പന്‍ കോവിലില്‍നിന്ന് കെട്ട് നിറച്ചാണ് മലയ്ക്ക് പോയത്. അദ്യമായി പോയപ്പോള്‍ മലകയറുന്നതിന് മുമ്പായി പമ്പയുടെ തീരത്ത് നില്‍ക്കുകയാണ്. ഞങ്ങള്‍ക്കൊപ്പം അപ്പായുടെ അടുത്ത സൃഹൃത്തുക്കളുമുണ്ട്. അപ്പോള്‍ വലിയ മല കണ്ടപ്പോള്‍, എല്ലാവരും കേള്‍ക്കെ ഉറക്കെ "കര്‍ത്താവേ, എന്തു വലിയ മലയാണിത്', എന്ന് താന്‍ പറഞ്ഞതും ചുറ്റും നിന്നവര്‍ പൊട്ടിച്ചിരിച്ചതും വിജയ് തമാശയോടെ ഓര്‍ക്കുന്നു.

കുട്ടിക്കാലത്തെ മറ്റൊരു ഓര്‍മ ഇങ്ങനെ: ഞാന്‍ കുട്ടിയായിരുന്നപ്പോള്‍,
ഫ്ളോറിഡയില്‍ ഒരു സ്റ്റേജില്‍ എന്നെ എടുത്ത് അപ്പാ പാട്ടുപാടി. ഞാനും മൈക്കില്‍ കൂടി എന്തൊക്കെയോ പറഞ്ഞു. അതു കഴിഞ്ഞ് പത്തു വര്‍ഷത്തിനു ശേഷം അപ്പായുമൊത്ത് ഫ്ളോറിഡയില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ കഴിഞ്ഞു. അടുത്തിടെ, എന്റെ മകള്‍ ഒരു സ്റ്റേജില്‍ വച്ച് ഇതേപോലെ മൈക്കില്‍ കൂടി ശബ്ദമുണ്ടാക്കി. അപ്പോള്‍ പണ്ടണ്ടത്ത സംഭവം മനസ്സിലേക്കു വന്നു.കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബനാറസ് എന്ന ചിത്രത്തിനു വേണ്ടി ഞാന്‍ പാടിയ കൂവരം കിളി... എന്ന ഗാനമാണ് എന്റെ മകള്‍ക്ക് ഏറ്റവും ഇഷ്ടം. അവളെ ഉറക്കാനും, കരച്ചില്‍ നിര്‍ത്താനും ഈ പാട്ട് പാടും. ഇതിനുവേണ്ടി അപ്പായും ഈ പാട്ട് പഠിച്ചു. ചിലപ്പോഴൊക്കെ അവള്‍ക്ക് അപ്പാ പാട്ട് പറഞ്ഞുകൊടുക്കാറുണ്ടെന്നും വിജയ് സന്തോഷത്തോടെ പറയുന്നു.

വര്‍ഷങ്ങളായി ത്യാഗരാജ സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ അപ്പായുമൊത്താണ് പോകാറുള്ളത്. ഇത്തവണയും അദ്ദേഹത്തോടൊപ്പമാണ് പോയത്. അപ്പോള്‍ ചില പാട്ടുകള്‍ അദ്ദേഹം എനിക്ക് പറഞ്ഞുതന്നു. അതൊക്കെ ജീവിതത്തിലെ മറക്കാനാകാത്ത മുഹൂര്‍ത്തങ്ങളാണ്. അവിടെ ഞങ്ങള്‍ അച്ഛനും മകനുമല്ല. ഗുരുവും ശിഷ്യനും പോലെയാണ്.

എന്റെ സഹോദരന്‍ അമേരിക്കയില്‍നിന്ന് വരുന്നുണ്ട്. ജനുവരി പത്താം തീയതി ഞങ്ങള്‍ കുടുംബസമേതം മൂകാംബികയിലേക്കു പോകാനിരിക്കുകയാണ്. കുട്ടിക്കാലം മുതല്‍ അപ്പായുമൊത്തുള്ള മൂകാംബിക യാത്രകള്‍ മറ്റൊരു അവിസ്മരണീയ ഓര്‍മയാണ്. അപ്പായുടെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടി അപ്പായ്ക്ക് മലയാളക്കരയുടെ ആദരമായാണ് ഞാന്‍ കാണുന്നത്. എന്നാല്‍ ഒരു കേക്ക് മുറിക്കുന്നതിനോ, പുറത്തുപോയി ഭക്ഷണം കഴിക്കുന്നതിനോ താത്പര്യമില്ലാത്തയാളാണ് അദ്ദേഹം. നിര്‍ദ്ധനരായ 70 ഹൃദ്രോഗികളുടെ ശസ്ത്രക്രിയാ ചെലവ് വഹിക്കുന്നതിനുള്ള ഒരു പദ്ധതിയിലാണ് അപ്പാ. ഇതിന്റെ ധനസമാഹരണത്തിനായി എറണാകുളത്ത് ഒരു സംഗീതപരിപാടി നടത്തുന്നുണ്ട്. കൊച്ചി ലയണ്‍സ് ക്ളബിന്റെ സഹകരണത്തോടെയാണ് ഇതു നടത്തുന്നത്.

മനുഷ്യത്വത്തിന് എന്നും വലിയ വില കല്പിക്കുന്ന വ്യക്തിയാണ് അപ്പായെന്ന് വിജയ് അഭിമാനത്തോടെ പറയുന്നു. മുംബയ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദത്തിനെതിരെ നടത്തിയ സംഗീത യാത്രയിലൂടെയും മറ്റും സമൂഹത്തിനുവേണ്ടി ചിലതൊക്കെ ചെയ്യാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ടെന്നും വിജയ് പറഞ്ഞു.

വിശേഷണങ്ങള്‍ വേണ്ടാത്ത പേര്
ഹണി ആര്‍ കെ

വാക്കുകളില്‍ വിശേഷണങ്ങള്‍ ചൊരിഞ്ഞാല്‍ അനൌചിത്യമാവുമത്. യേശുദാസ് എന്ന പേരു മാത്രം മതി നിരവധി പാട്ടുകളുടെ മാധുര്യം മലയാളിയുടെ മനസ്സിലെത്താന്‍. പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്ററിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ചു മക്കളില്‍ മൂത്തവനായി 1940 ജനുവരി 10 നു ഫോര്‍ട്ട് കൊച്ചിയില്‍ ജനിച്ച കെ ജെ യേശുദാസ് മലയാളികളുടെ സ്വകാര്യഅഹങ്കാരമായി മാറിയിട്ടു വര്‍ഷങ്ങളേറെയായി.

ചെറുപ്രായത്തില്‍ തന്നെ അച്ഛന്റെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചുതുടങ്ങിയ യേശുദാസ് എട്ടു വയസ്സുള്ളപ്പോള്‍ പ്രാദേശികാടിസ്ഥാനത്തിലുള്ള ഒരു സംഗീത മത്സരത്തില്‍ പങ്കെടുത്ത് സ്വര്‍ണ്ണ മെഡല്‍ നേടി. 1958ല്‍ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ശാസ്ത്രീയ സംഗീത മത്സരത്തില്‍ ഒന്നാ സ്ഥാനം ലഭിച്ചു. മകന്റെ പ്രതിഭ തിരിച്ചറിഞ്ഞ അഗസ്ററിന്‍, കരുവേലിപ്പടിക്കല്‍ കുഞ്ഞന്‍ വേലു ആശാന്റെയടുത്ത് യേശുദാസിനെ സംഗീതമഭ്യസിക്കാന്‍ അയച്ചു. അദ്ദേഹത്തിന്റെ കീഴില്‍ ഒരു വര്‍ഷത്തെ പഠനത്തിനു ശേഷം പള്ളുരുത്തി രാമന്‍ കുട്ടി ഭാഗവതരുടെ കീഴില്‍ ആറു മാസവും എറണാകുളം ശിവരാമന്‍ ഭാഗവതരുടെ കീഴില്‍ മൂന്നു വര്‍ഷവും സംഗീതം അഭ്യസിച്ചു.

എസ് എസ് എല്‍ സി പാസ്സായതിനു ശേഷമാണ് യേശുദാസ് സംഗീതത്തില്‍ ഔപചാരിക പഠനം നടത്തുന്നത്. ശാസ്ത്രീയ സംഗീതാഭ്യസനത്തിനു തൃപ്പൂണിത്തുറ ആര്‍ എല്‍ വി അക്കാദമിയില്‍ ചേര്‍ന്ന യേശുദാസ് 1960 ല്‍ ഗാനഭൂഷണം പരീക്ഷ ഒന്നാം റാങ്കോടെ പാസ്സായി. പ്രശസ്ത സംഗീതഞ്ജനായ ശെമ്മാങ്കുടി പ്രിന്‍സിപ്പലായിരുന്ന കാലത്ത് സംഗീത ഭൂഷണത്തിന് തിരുവനന്തപുരം സ്വാതി തിരുനാള്‍ അക്കാദമിയില്‍ ചേര്‍ന്നത് യേശുദാസിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. തന്റെ വിദ്യാര്‍ഥിയിലെ സംഗീത പ്രതിഭ തിരിച്ചറിഞ്ഞ ശെമ്മാങ്കുടി യേശുദാസിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു. കര്‍ണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനാകാന്‍ സാധിച്ചത് യേശുദാസിന്റെ ശബ്ദത്തില്‍ മാധുര്യം പകര്‍ന്നു. ചെമ്പൈയുടെ കച്ചേരിക്ക് അകമ്പടി പാടാന്‍ അവസരം ലഭിച്ചതും യേശുദാസിന് അനുഗ്രഹമായി. ഇത് 1974ല്‍ ചെമ്പൈയുടെ മരണം വരെ തുടര്‍ന്നു.

ചെറുപ്പത്തില്‍ തന്നെ തന്റെ പ്രതിഭ വെളിപ്പെടുത്തിയ യേശുദാസിന്റെ ജീവിതത്തില്‍ ചെറിയ പരാജയങ്ങളുടെ ചരിത്രവുമുണ്ട്. ഗാനഭൂഷണം പാസ്സായ ശേഷം ആകാശവാണി നടത്തിയ ശബ്ദപരിശോധനയില്‍ പങ്കെടുത്തെങ്കിലും പരാജയപ്പെട്ടു. സംഗീത പഠനം കഴിഞ്ഞയുടന്‍ 'നല്ലതങ്ക' എന്ന ചിത്രത്തില്‍ പാടാന്‍ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ് തഴയുകയായിരുന്നു.

പക്ഷേ നിരാശനാകാതെ യേശുദാസ് പരിശ്രമിച്ചുകൊണ്ടേയിരുന്നു. അതിന്റെ ഫലമായി 1961 നവംബര്‍ 16ന് മദ്രാസിലെ ഭരണി സ്ററുഡിയോയില്‍ അദ്ദേഹത്തിന്റെ ആദ്യഗാനം റിക്കോഡ്-ചെയ്യപ്പെട്ടു. ശ്രീനാരായണ ഗുരുദേവന്റെ സന്ദേശത്തെ ആസ്പദമാക്കി നമ്പിയത്ത് നിര്‍മ്മിച്ച് കെ എസ് ആന്റണി സംവിധാനം ചെയ്ത 'കാല്‍പാടുകള്‍' എന്ന ചിത്രത്തില്‍ 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്... 'എന്ന നാലുവരി ശ്ളോകം ചൊല്ലിയാണ് യേശുദാസ് മലയാളിയുടെ കേള്‍വിയില്‍ സംഗീതമാധുര്യം ചൊരിയാന്‍ തുടങ്ങിയത്. സിനിമയിലെ എല്ലാ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷംമൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. ആദ്യമായി പാടിയ ചിത്രം 'കാല്‍പാടുകള്‍' ആണെങ്കിലും ആദ്യം റിലീസ് ചെയ്ത സിനിമ 'ശ്രീകോവില്‍' ആയിരുന്നു. പിന്നീടങ്ങോട്ട് യേശുദാസിന്റെ സ്വരമാധുര്യം മലയാളികള്‍ക്ക് സ്വന്തമാവുകയായിരുന്നു.

ദക്ഷിണാമൂര്‍ത്തി, എം എസ്-ബാബുരാജ്, ദേവരാജന്‍, രവീന്ദ്രന്‍ മാസ്ററര്‍ തുടങ്ങിയ പ്രതിഭാധനരായ സംഗീതസംവിധായകര്‍ക്കും വയലാര്‍, പി ഭാസ്കരന്‍, ഒ എന്‍ വി തുടങ്ങിയ ഗാനരചയിതാക്കള്‍ക്കുമൊപ്പം യേശുദാസിന്റെ സ്വരമാധുര്യം കൂടി ചേര്‍ന്നപ്പോള്‍ മലയാള സിനിമാഗാന മേഖലയ്ക്ക്അതു സുവര്‍ണ്ണ കാലമായി. യേശുദാസിന്റെ താമസമെന്തേ വരുവാന്‍... (ഭാര്‍ഗ്ഗവീ നിലയം) ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ... (പാടുന്ന പുഴ ) നാദബ്രപ്മത്തിന്‍ സാഗരം... (കാട്ടു കുരങ്ങ്), പ്രാണസഖി ഞാന്‍ വെറുമൊരു... (പരീക്ഷ), സന്ന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍... (രാജഹംസം), ചക്രവര്‍ത്തിനീ... (ചെമ്പരത്തി), സ്വര്‍ണ്ണച്ചാമരം വീശി ... (യക്ഷി), പാടാത്ത വീണയും... (റസ്ററ് ഹൌസ്), കൃഷ്ണ തുളസിക്കതിരുകള്‍... (ഉള്‍ക്കടല്‍ ), പത്മ തീര്‍ഥമേ ഉണരൂ... (ഗായത്രി), മനുഷ്യന്‍ മതങ്ങളെ... (അച്ഛനും ബാപ്പയും), ദേവാങ്കണങ്ങള്‍... (ഞാന്‍ ഗന്ധര്‍വന്‍), ഹരി മുരളീ രവം... (ആറാം തമ്പുരാന്‍), തുടങ്ങിയ ഗാനങ്ങള്‍ മൂളാത്ത മലയാളികള്‍ കുറവായിരിക്കും.

ചലച്ചിത്രസംഗീതരംഗത്തിനു പുറമേ കര്‍ണ്ണാടകസംഗീത രംഗത്തും യേശുദാസ് ശക്തമായ സാന്നിധ്യമായി. ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനവും യേശുദാസാണ് ആലപിച്ചിരിക്കുന്നത്.

കശ്മീരി, അസമി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലുമായി 30000 ല്‍ പരം ഗാനങ്ങള്‍ ആലപിച്ച യേശുദാസ് സംഗീതസംവിധായകന്‍ എന്ന നിലയിലും അവഗണിക്കാനാവാത്ത സംഭാവന നല്‍കിയിട്ടുണ്ട്. മാരാളികേ.., പുഷ്പഗന്ധി.., താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പി... (അഴകുള്ള സെലീന), ആശ്ചര്യചൂഢാമണി..., മാനത്തെ കനലുകെട്ടു... (തീക്കനല്‍), റസൂലേ നിന്‍കനിവാലെ... (സഞ്ചാരി), ഹൃദയസരോവരമുണര്‍ന്നൂ... (മൗനരാഗം) തുടങ്ങിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ പിറന്നത് യേശുദാസിന്റെ സംഗീതസംവിധാനത്തിലായിരുന്നു.

യേശുദാസ് ഏതാനും ചിത്രങ്ങളില്‍ പാടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കാവ്യമേള, കായംകുളം കൊച്ചുണ്ണി, അനാര്‍ക്കലി, പഠിച്ച കള്ളന്‍, അച്ചാണി, ഹര്‍ഷബാഷ്പം, നിറകുടം, കതിര്‍മണ്ഡപം, പാതിരാസൂര്യന്‍, നന്ദനം തുടങ്ങിയ ചിത്രങ്ങളില്‍ പാടി അഭിനയിച്ച യേശുദാസ് അവസാനമായി വേഷമിട്ടത് വിനയന്‍ സംവിധാ നം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലാണ്.

ഗായകനെന്ന നിലയില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് കേരളത്തില്‍ ഒരു റെക്കോര്‍ഡിംഗ് സ്ററുഡിയോ എന്ന ആശയം യേശുദാസിന്റെ മനസ്സിലുദിക്കുന്നത്. മലയാളസിനിമയ്ക്ക് റെക്കോര്‍ഡിംഗിന്-മദ്രാസിനെ ആശ്രയിക്കേണ്ട അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് ചിന്തയായിരുന്നു അതിനു കാരണം. തുടര്‍ന്ന് 1980 നവംബര്‍ 23ന് തരംഗിണി എന്ന പേരില്‍ യേശുദാസ് ഒരു റിക്കോര്‍ഡിംഗ് സ്ററുഡിയോ തിരുവനന്തപുരത്ത് സ്ഥാപിച്ചു. അന്നത്തെ ഗവര്‍ണറായിരുന്ന ജ്യോതി വെങ്കിടാചലമായിരുന്നു സ്ററുഡിയോ ഉദ്ഘാടനം ചെയ്തത്. 1981ല്‍ സഞ്ചാരി എന്ന ചിത്രത്തിലെ ഗാനങ്ങളാണ് ആദ്യമായി ഇവിടെ റെക്കോഡ് ചെയ്തത്. പിന്നീടങ്ങോട്ട് നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ തരംഗണിയില്‍ പിറന്നു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ തൊഴിലാളികളുടെ അനൈക്യവും കേരളത്തില്‍ ധാരാളം മറ്റു സ്ററുഡിയോകള്‍ ഉണ്ടാകുകയും ചെയ്തപ്പോള്‍ യേശുദാസിന് ഈ സംരംഭം ഉപേക്ഷിക്കേണ്ടി വന്നു. 2005 ല്‍ ദേവരാജന്‍ മാസ്ററര്‍ ഈണമിട്ട' ഗുരുദീപ' മാണ് അവസാനമായി ഇവിടെ റെക്കോഡ് ചെയ്തത്.

1975 ല്‍ തരംഗനിസരി സ്കൂള്‍ ഒഫ് മ്യൂസിക് എന്ന പേരില്‍ ഇടപ്പഴഞ്ഞിയില്‍ അദ്ദേഹം ഒരു സംഗീതവിദ്യാലയവും സ്ഥാപിച്ചിട്ടുണ്ട്. എല്ലാ രണ്ടാം ശനിയാഴ്ചയും ഇവിടെ പ്രശസ്ത സംഗീതഞ്ജര്‍ സംഗീത ആസ്വാദന ക്ളാസ്സുകള്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ ഒരു ട്രസ്ടറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് മോഹന്‍ സിതാരയെ പോലുള്ള നിരവധി പ്രതിഭകള്‍.

അമേരിക്കയില്‍ പച്ചക്കറി ഫാം നടത്തി ബിസിനസിലും യേശുദാസ് ഒരു കൈ നോക്കി. കേരളത്തില്‍നിന്ന് വിത്തു കൊണ്ടുപോയി അവിടെ പാകിമുളപ്പിച്ചു മലയാളികള്‍ക്ക് നല്‍കുന്ന പദ്ധതിയായിരുന്നു അത്. പക്ഷേ പ്രതീക്ഷിച്ച പോലെ വിജയം നേടാനാകാത്തതിനാല്‍ ആ സംരഭവും ഉപേക്ഷിക്കുകയായിരുന്നു.

തന്റെ ആരാധികയായ പ്രഭയെ 1970 ല്‍ യേശുദാസ് ജീവിത പങ്കാളിയായി സ്വീകരിച്ചു. ഈ ദമ്പതികള്‍ക്ക് വിനോദ്, വിജയ്,വിശാല്‍ എന്നീ മൂന്ന് മക്കളാണുള്ളത്. രണ്ടാമത്തെ മകനായ വിജയ്-യേശുദാസ് അച്ഛനെ പോലെ തന്നെ സംഗീതവഴിയിലാണ്. മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടിയ വിജയ്ഇതിനകം തന്നെ ഗായകനെന്ന നിലയില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തിക്കഴിഞ്ഞു.

യേശുദാസിനെ തേടിയെത്തിയ അംഗീകാരങ്ങള്‍ എണ്ണത്തില്‍ ഏറെയാണ്. മികച്ച ഗായകനുള്ള ദേശീയപുരസ്കാരവും സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും ഏറ്റവും കൂടുതല്‍ തവണ ലഭിച്ചിട്ടുള്ളതും യേശുദാസിനു തന്നെ. ഏഴു വട്ടം മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം, ഇരുപത്തിമൂന്നു തവണ കേരള സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍, എട്ടു തവണ തമിഴ് നാട് സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍, അഞ്ചു തവണ കര്‍ണാടക സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍, ആറു തവണ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍, ഒരു തവണ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍ എന്നീ ബഹുമതികള്‍ യേശുദാസിന് ലഭിച്ചിട്ടുണ്ട്.കേരളത്തിന്റെ ആസ്ഥാന ഗായകന്‍ എന്ന വിശേഷണത്തിനു അര്‍ഹനായ യേശുദാസിന് ഉഡുപ്പി, ശ്രിംഗേരി, രാഘവേന്ദ്ര മഠങ്ങളില്‍ ആസ്ഥാന വിദ്വാന്‍ സ്ഥാനവും ലഭിച്ചിട്ടുണ്ട്.1992 ല്‍ സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു. 1973ല്‍ പത്മശ്രീയും 2002 ല്‍ പത്മവിഭൂഷണവും നല്‍കി രാഷ്ട്രം ഗായകനെ അനുഗ്രഹിച്ചു. 2003ല്‍ കേരള സര്‍വകലാശാല ഡി.ലിറ്റ് നല്‍കി ആദരിച്ചു.

'സ്വരമാധുരിയുടെ ഗായകാ നിന്റെ പാട്ടുകളെല്ലാം മധുരതരം'.

മൃദുല കണ്ണന്‍

മലയാളികളുടെ ഏറ്റവും വലിയ ഭാഗ്യമെന്തെന്നു ചോദിച്ചാല്‍ പി ജയചന്ദ്രന് ഒരുത്തരമേയുള്ളൂ, യേശുദാസ് എന്ന ഗായകന്‍ നമുക്കുണ്ട് എന്നതു തന്നെ. യേസുദാസിനെക്കുറിച്ച് ജയചന്ദ്രന് പെട്ടെന്നു പറയാനുള്ളത് ഇത്രമാത്രം, ഭാഗ്യവാനായ പാട്ടുകാരനാണ് അദ്ദേഹം.യേശുദാസ് പതിപ്പിനു വേണ്ടി ന്യൂസിന് അനുവദിച്ച ടെലിഫോണ്‍ അഭിമുഖത്തിലാണ് ജയചന്ദ്രന്‍ തന്റെ യേസുദാസ് അനുഭവങ്ങള്‍ പങ്കുവച്ചത്. സ്വരമാധുരിയുടെ വശ്യതയാല്‍ ആസ്വാദകമനസ്സുകള്‍ കീഴടക്കിയ ഗായകനെ ഭാവചാരുതയുടെ പാട്ടുകാരന്‍ വിലയിരുത്തുകയാണിവിടെ.

യേശുദാസ് ആലപിച്ച എല്ലാ ഗാനങ്ങളും അതിമനോഹരങ്ങളാണെന്നു ജയചന്ദ്രന്‍ പറയുമ്പോള്‍ അതില്‍ നൂറുശതമാനം ആത്മാര്‍ത്ഥതയുണ്ട്. യേശുദാസ് പാടിയ പാട്ടുകളെല്ലാം മധുരതരമായതു തന്നെയാണ് അദ്ദേഹത്തെ തേടിയെത്താന്‍ ഇനിയൊരു പുരസ്കാരവും ബാക്കിയില്ലാത്തതതും- ജയചന്ദ്രന്‍ പറയുന്നു.

കര്‍ണാടക സംഗീതത്തെ കൂടുതല്‍ ലളിതവത്കരിച്ച് സംഗീത പ്രേമികള്‍ക്ക് എത്തിച്ചുകൊടുത്തതാണ് യേശുദാസിന്റെ ഏറ്റവും വലിയ മഹത്വമായി ജയചന്ദ്രന്‍ കാണുന്നത്. കര്‍ണാടക സംഗീതത്തെ ലളിതവത്കരിക്കുക എന്ന ദൗത്യത്തില്‍ യേശുദാസ് പൂര്‍ണവിജയമാണ്.

യേശുദാസിന്റെ എല്ലാ പാട്ടുകളും എനിക്കു പ്രിയങ്കരം തന്നെ. പക്ഷേ, ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ഏതെന്നു ചോദിച്ചാല്‍ എന്റെ ഉത്തരം, 'താമസമെന്തേ വരുവാന്‍...' എന്നാണ്. എന്തോ, ആ പാട്ടിനോട് എനിക്കു വല്ലാത്തൊരു ഇഷ്ടമുണ്ട്. എത്ര കേട്ടാലും മതിവരില്ല.

യേശുദാസിനൊപ്പം എത്രയോ സിനിമകളില്‍ പാടിയിട്ടുണ്ട് ജയചന്ദ്രന്‍. ഇരുവരും ഒരുമിച്ചു പാടിയ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. സമയരഥങ്ങളില്‍... (ചിരിയോ ചിരി), പാടാം പാടാം ആരോമല്‍ ചേകവര്‍ പണ്ടങ്കം വെട്ടിയ കഥകള്‍... (ആരോമലുണ്ണി), കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍... (അരക്കള്ളന്‍ മുക്കാക്കള്ളന്‍), ഇവിടമാണീശ്വര സന്നിധാനം (ബാബുമോന്‍), പൊന്നിന്‍ കട്ടയാണെന്നാലും... (കണ്ണപ്പനുണ്ണി), പരിപ്പുവട തിരുപ്പന്‍ കെട്ടിയ... (ദ്വന്ദ്വയുദ്ധം) തുടങ്ങിയ ഗാനങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷവും സംഗീതാസ്വാദകര്‍ക്ക് പ്രിയപ്പെട്ടവ തന്നെ.

ഓര്‍ക്കസ്ട്രകള്‍ക്കു വേണ്ടിയും നിരവധി തവണ ഒരുമിച്ചുപാടിയിട്ടുണ്ട് ഇരുവരും.നമുക്ക് അഭിമാനിക്കാന്‍ മറ്റൊരു യേശുദാസ് ഇല്ലെന്നു പറഞ്ഞ് ജയചന്ദ്രന്‍ വാക്കുകള്‍ അവസാനിപ്പിച്ചു.

സുജാത ഇന്നും സംഗീതം പഠിക്കുന്നു, ഗുരു യേശുദാസ്.

അഞ്ജു നായര്‍

സുജാതയ്ക്ക് യേശുദാസ് കുടുംബാംഗം തന്നെയാണ്. എത്രയെത്ര വേദികളില്‍ മഹാഗായകനൊപ്പം പാടിയെന്ന് സുജാതയ്ക്കു തന്നെ ഓര്‍മയില്ല.

സുജാതയുടെ എട്ടാം വയസിലാണ് യേശുദാസിനെ കാണുന്നത്. ഒന്‍പതാം വയസുമുതല്‍ ദാസുമൊത്ത് സുജാത ഗാനമേളകളില്‍ പാടിത്തുടങ്ങി. പത്താം വയസില്‍ കാമം ക്രോധം മോഹം എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചു പിന്നണി പാടി. ജീവിതത്തിലെ അവിസ്മരണീയ നിമിഷമായി ഇന്നും സുജാത മനസില്‍ സൂക്ഷിക്കുന്നു, സ്വപ്നം കാണും പെണ്ണേ... എന്നു തുടങ്ങുന്ന യുഗ്മഗാനം പാടിയ നിമിഷം. ആ ഗാനം അക്കാലത്തെ വലിയ ഹിറ്റുകളിലുമൊന്നായിരുന്നു. പിന്നെ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി സുജായ ഏറെക്കാലം സിനിമയില്‍നിന്നു വിട്ടുനിന്നു.

ഇന്നും യേശുദാസിനൊപ്പം പാടുന്നു സുജാത. 36 വര്‍ഷമായി അദ്ദേഹത്തോടൊപ്പം പാടാനായത് ഭാഗ്യമായി കാണുന്നു സുജാത. "ദാസേട്ടന്‍ എന്‍െറ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ്. കുടുംബത്തില്‍ എന്തു പ്രധാനപ്പെട്ട കാര്യം നടന്നാലും അത് ദാസേട്ടനെ അറിയിക്കും."താനിപ്പോഴും പാട്ട് പഠിച്ചു കൊണ്ട ിരിക്കുകയാണെന്നും അതില്‍ തന്‍െറ ഗുരു യേശുദാസാണെന്നും സുജാത പറഞ്ഞു.

സംഗീതജീവിതത്തിലെ വഴികാട്ടിയായ യേശുദാസ് ജീവിതത്തിലും വഴികാട്ടിയായ കഥയും സുജാത പറയുന്നു: എന്റെ ജീവിതപങ്കാളിയെ കണ്ടെത്തിത്തന്നത് യേശുദാസാണ്. എന്നെക്കാള്‍ പന്ത്രണ്ട് വയസ്-കൂടുതലുണ്ട് ഭര്‍ത്താവ് ഡോ. കൃഷ്മമോഹന്. അദ്ദേഹത്തെ എനിക്കു വേണ്ടി തിരഞ്ഞെടുത്തത് യേശുദാസാണ്. ദാസേട്ടന്റെ സെലക്ഷന്‍ മോശമായില്ല. അതിനുള്ള തെളിവ് എന്റെ ജീവിതം തന്നെയാണ്.

ഡോ. കൃഷ്ണമോഹനും സുജാതയും തമ്മിലുള്ള വിവാഹം 1981 ലായിരുന്നു. വിവാഹശേഷമാണ് സുജാത സിനിമയിലേക്ക് സജീവമായി തിരിച്ചെത്തിയതും.യേശുദാസിനോടൊപ്പം പാടിയ പാട്ടുകളില്‍ മീശമാധവനിലെ "എന്‍െറ എല്ലാമെല്ലാമല്ലേ...", നമ്മള്‍ തമ്മില്‍ എന്ന ചിത്രത്തിലെ "ജൂണിലെ നിലാമഴയില്‍...", പട്ടാളത്തിലെ "ആരൊരാള്‍ പുലര്‍മഴയില്‍..." എന്നിവയാണ് സുജാതയ്ക്കു പ്രിയങ്കരം.

ഓര്‍മ്മകളുടെ തരംഗിണി .

സീനാ ആന്റണി

'രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ...' (മയില്‍പ്പീലി)
'സംകൃതപമഗരി....', (മൈലാഞ്ചിപ്പാട്ടുകള്‍)
'യഹൂദിയായിലെ ഒരു ഗ്രാമത്തില്‍....' (സ്നേഹപ്രതീകം)
'മാമാങ്കം പല കുറി കൊണ്ടാടി...'(വസന്തഗീതങ്ങള്‍)


ലളിത-ഭക്തിഗാനശാഖകളിലെ നിത്യഹരിതഗാനങ്ങള്‍. ഈ ഗാനങ്ങള്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. മലയാളത്തിന്‍െറ അത്ഭുതമായ യേശുദാസിന്‍െറ സ്വന്തം സ്റ്റുഡിയോയിലാണ്-ഈ ഗാനങ്ങള്‍ ജന്മമെടുത്തത്. തിരുവനന്തപുരം വെള്ളയമ്പലത്തുണ്ടായിരുന്ന തരംഗിണി സ്റ്റുഡിയോയില്‍.

തരംഗിണിയുടെ പാട്ടുകള്‍ മൂളാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല. ഉത്രാടപൂനിലാവേ വാ..., എന്നും ചിരിക്കുന്ന സൂര്യന്‍െറ..., പദേ പദേ ശ്രീ പത്-മദളങ്ങള്‍..., നാലുമണിപ്പൂവേ..., അമാവാസി നാളില്‍..., പുല്‍ക്കുടിലില്‍... തുടങ്ങി എത്രയെത്ര ഗാനങ്ങള്‍. മലയാളത്തിന്‍െറ മണമുള്ള ഈ ഗാനങ്ങള്‍ പിറന്നു വീണത്-തരംഗിണിയുടെ വിശാലമായ സ്റ്റുഡിയോയിലായിരുന്നു. തരംഗിണി സ്റ്റുഡിയോ ഒരര്‍ത്ഥത്തില്‍ സംഗീതത്തിന്‍െറ തറവാടാണ്. പ്രഗല്‍ഭരായ സംഗീതസംവിധായകരും അതിപ്രവീണരായ വാദ്േയാപകരണവിദഗ്ദ്ധരും ഒരുമിച്ചിരുന്ന്-ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ, റെക്കോര്‍ഡ്-ചെയ്ത സംഗീതത്തിന്‍െറ തറവാട്.

റെക്കോര്‍ഡിംഗിന്-മദ്രാസിനെ ആശ്രയിക്കേണ്ട ഒരു കാലം മലയാളസിനിമയ്ക്കുണ്ടായിരുന്നു. ഇതില്‍ നിന്നൊരു മാറ്റം വേണമെന്ന്- ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച വ്യക്തിയായിരുന്നു യേശുദാസ്. സംഗീതത്തിലെ പ്രതിഭാധനരെയും പക്കമേളവിദഗ്ദ്ധരെയും കേരളത്തിലേക്ക്കൊണ്ടുവരാനും ഇവിടെയുള്ള സംഗീതപ്രതിഭകള്‍ക്ക്-അവസരങ്ങളും അനുഭവങ്ങളും നല്‍കുന്നതിനും ഒരു സ്റ്റുഡിയോ സ്ഥാപിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ്-തരംഗിണിയുടെ തുടക്കം.

1980 നവംബര്‍ 23ന് അന്നത്തെ ഗവര്‍ണറായിരുന്ന ജ്യോതി വെങ്കിടാചലം ഉദ്ഘാടനം ചെയ്ത തരംഗിണി മലയാളഗാനചരിത്രത്തില്‍ ഒരു പുതിയ അധ്യായത്തിന്-ആരംഭംകുറിച്ചു. ഒപ്പം യേശുദാസിന്‍െറ ഒരു സ്വപ്നം സാക്ഷാത്-കരിക്കപ്പെടുകയായിരുന്നു. സംഗീതത്തെ മാത്രം പ്രണയിച്ച, പൂജിച്ച അദ്ദേഹത്തിന്-സംഗീതത്തെക്കാള്‍ മഹത്തരമായി മറ്റെന്താണ്നല്‍കാന്‍ കഴിയുക!

ശബ്ദലേഖനത്തില്‍ ഏഷ്യയില്‍ അന്ന്ലഭ്യമായിരുന്ന നൂതന സാങ്കേതികവിദ്യ അദ്ദേഹം തരംഗിണിയില്‍ ലഭ്യമാക്കി. റെക്കോഡിംഗ്സ്റ്റുഡിയോ, ഡബിംഗ്സ്റ്റുഡിയോ, 60 ചാനല്‍ ഇന്‍പുട്ട്-മിക്സിംഗ്കണ്‍സോള്‍ എന്നിവയുള്‍പ്പടെ വിപുലമായ സംവിധാനങ്ങള്‍ തരംഗിണിയില്‍ ഉണ്ടായിരുന്നു. രാത്രിയും പകലും ഇടതടവില്ലാതെ റെക്കോര്‍ഡിംഗും മിക്സിംഗും ചിട്ടപ്പെടുത്തലുമായി തരംഗിണി എന്നും ഉണര്‍ന്നിരുന്നു.

അനലോഗില്‍ നിന്ന്സ്റ്റീരിയോയിലേയ്ക്ക്-ശബ്ദലേഖനം മാറുന്ന കാലഘട്ടത്തില്‍ സ്റ്റീരിയോ ടേപ്പില്‍ തരംഗിണിയില്‍ റെക്കോര്‍ഡ്-ചെയ്ത ഗാനത്തിന്‍െറ ഗുണം ഇന്നും നിലനില്‍ക്കുന്നു. 198ല്‍ സഞ്ചാരി എന്ന ചിത്രത്തിന്-ഗാനങ്ങള്‍ ഒരുക്കിക്കൊണ്ടായിരുന്നു തരംഗിണി 25വര്‍ഷം നീണ്ട സംഗീതസപര്യയ്ക്ക്തുടക്കം കുറിച്ചത്. എണ്‍പതുകള്‍ തരംഗിണിയുടെ സുവര്‍ണ്ണകാലമായിരുന്നു. കേരളകത്തിനകത്തും പുറത്തുമുള്ള സംഗീതപ്രതിഭകള്‍ തരംഗിണിയിലെത്തി, ഒരു തീര്‍ത്ഥാടനം പോലെ! വന്നവര്‍ ഏറ്റവും മികച്ച ഗാനങ്ങളുമായാണ്മടങ്ങിയത്. ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, എം കെ അര്‍ജുനന്‍, ഉഷാ ഖന്ന, ഇളയരാജ, എസ് പി വെങ്കിടേഷ്, എം എസ്വിശ്വനാഥന്‍, എം രവീന്ദ്രന്‍, വിദ്യാധരന്‍ എന്നിങ്ങനെ അക്കാലത്ത്-ജ്വലിച്ചു നിന്നിരുന്ന സംഗീതത്തിലെ മഹാരഥന്‍മാര്‍ പുതിയ ഈണങ്ങള്‍ ഒരുക്കിയത്-തരംഗിണിയുടെ പൂമുഖത്തിരുന്നായിരുന്നു.

'നീയെത്ര ധന്യ' എന്ന ചിത്രത്തിനു വേണ്ടി ഒ എന്‍ വിയുടെ വരികള്‍ക്ക്- ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട 'അരികില്‍ നീയുണ്ടായിരുന്നെങ്കില്‍...' എന്ന ഗാനം കേട്ട്യേശുദാസിന്‍െറ കണ്ണുകള്‍ നിറഞ്ഞതും 'എന്നും ചിരിക്കുന്ന സൂര്യന്‍െറ ചെങ്കതിര്‍...' എന്ന ഗാനം സമ്മാനിച്ചതിന്-പുനത്തില്‍ കുഞ്ഞബ്ദുള്ള നന്ദി പറയാനെത്തിയതും ഇവിടെയാണ്. അങ്ങനെയങ്ങങ്ങനെ ഒരായിരം അനര്‍ഘനിമിഷങ്ങള്‍ നെഞ്ചിലേറ്റി തരംഗിണി നിരവധി ലളിത-ഭക്തിഗാന കാസെറ്റുകളും മൈലാഞ്ചിപ്പാട്ടുകളും നഴ്-സറിപ്പാട്ടുകളും കവിതകളും മലയാളിക്ക്സമ്മാനിച്ചു. സ്വാതി തിരുനാള്‍, നഖക്ഷതങ്ങള്‍, സര്‍ഗം, കുടുംബസമേതം, പഞ്ചാഗ്നി, താളവട്ടം, ഗസല്‍ തുടങ്ങി ഒട്ടനവധി സിനിമകളിലെ ഗാനങ്ങളും തരംഗിണി വിപണിയിലെത്തിച്ചു.

യേശുദാസിന്തരംഗിണി ഒരു വ്യവസായ സംരംഭമായിരുന്നില്ല, മറിച്ച്- ഒരു സംഗീത കൂട്ടായ്മയായിരുന്നു. കേരളത്തിലെ മറ്റ്വ്യവസായ സ്ഥാപനങ്ങള്‍ക്ക്-നേരിടേണ്ടി വന്ന വെല്ലുവിളികളിലൂടെ തരംഗിണിയും കടന്നുപോയി. ജീവനക്കാരുടെ പ്രശ്നങ്ങളും തൊഴില്‍ പ്രശ്നങ്ങളും തരംഗണിയെ ബാധിച്ചു. അത്സൗഹൃദകൂട്ടായ്മയ്ക്ക്-മങ്ങലേല്‍പിച്ചു. അപ്പോഴേയ്ക്കും കേരളത്തില്‍ നിരവധി റെക്കോഡിംഗ്സ്റ്റുഡിയോകള്‍ സജീവമായിക്കഴിഞ്ഞിരുന്നു. വ്യാജ കാസെറ്റുകളുടെ വ്യാപനവും തരംഗിണിയുടെ വിപണിയെ പ്രതികൂലമായി ബാധിച്ചു. തൊണ്ണൂറുകളുടെ അവസാനത്തോടെ തരംഗിണിയുടെ സുവര്‍ണ്ണകാലഘട്ടത്തിന് തിരശ്ശീല വീണു.

ദൗത്യം പൂര്‍ത്തിയാക്കിയതിന്-ശേഷമായിരുന്നു തരംഗിണി നിലച്ചതെന്നാണ്-സ്റ്റുഡിയോയുടെ തുടക്കം മുതല്‍ അവസാനം വരെ ഉണ്ടായിരുന്ന കരുണാകരന്‍ മാഷുടെ വിലയിരുത്തല്‍. ഇപ്പോള്‍ സംഗീതരംഗത്ത്-പ്രശസ്തരായ പലരുടെയും ഉയര്‍ച്ചയ്ക്ക്-വഴി വച്ച തരംഗിണിയുടെ ഓരോ സ്പന്ദനവും അടുത്തറിഞ്ഞ ഇദ്ദേഹത്തിനായിരുന്നു തരംഗിണിയുടെ അവസാനത്തെ റെക്കോഡിങ്ങിന്സാക്ഷിയാകാനുള്ള നിയോഗം.2005ല്‍ ദേവരാജന്‍ മാഷ്ഈണമിട്ട 'ഗുരുദീപം' എന്ന
ഗുരുസൂക്തങ്ങളുടെ ആല്‍ബമായിരുന്നു അവസാനമായി തരംഗിണിയില്‍ റെക്കോര്‍ഡ്ചെയ്തത്. അതിനുശേഷം തരംഗിണി റെക്കോര്‍ഡിംഗ്- സ്റ്റുഡിയോ നിശ്ശബ്ദമായി. ഒരു കാലഘട്ടത്തിന്‍െറ ശബ്ദം മുഴുവന്‍ ആവാഹിച്ച തരംഗിണി ഒരു തലമുറയുടെ ഓര്‍മ്മയിലേക്ക്...

വെള്ളയമ്പലത്തുണ്ടായിരുന്ന തരംഗിണി സ്റ്റുഡിയോയുടെ സ്ഥാനത്ത് ഇന്ന് ഹൗസിംഗ് അപ്പാര്‍ട്ട്മെന്‍റാണ്ഉയര്‍ന്നു നില്‍ക്കുന്നത്. കെട്ടിടം ഓര്‍മ്മയില്‍ മറഞ്ഞെങ്കിലും തരംഗിണിയുടെ
ആത്മാവ് ഇന്നും നമ്മോടൊപ്പമുണ്ട്, അവിടെ ജനിച്ച മരിക്കാത്ത പാട്ടുകളായി.(കടപ്പാട്)

- dated 10 Jan 2010


Comments:
Keywords: India - Samakaalikam - birthday dr kjy special India - Samakaalikam - birthday dr kjy special,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us