Advertisements
|
കോട്ടയ്ക്കല് ശിവരാമന് അന്തരിച്ചു
സ്വന്തം ലേഖകന്
പാലക്കാട്: കഥകളി അരങ്ങില് സ്ത്രീ വേഷങ്ങള്ക്ക് അനശ്വരഭാവം പകര്ന്ന കോട്ടയ്ക്കല് ശിവരാമന് അന്തരിച്ചു. 74 വയസായിരുന്നു. കാറല്മണ്ണയിലെ വീട്ടില് ഇന്നലെ രാത്രി 10.15ഓടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നുച്ചയ്ക്കു 2.30ന് വീട്ടുവളപ്പില്.
2008നു ശേഷം അരങ്ങിലെത്തിയിട്ടില്ല. കുറച്ചു നാളായി പൂര്ണ വിശ്രമത്തിലായിരുന്നു. രണ്ടു മാസത്തോളമായി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. മരുന്നുകളോടു പ്രതികരിക്കാതായതിനെത്തുടര്ന്നു രണ്ടാഴ്ച മുന്പു വീട്ടിലേക്കു മാറ്റി.
പാലക്കാട് ജില്ലയില് കാറല്മണ്ണയിലെ കോട്ടയ്ക്കലാണു ജനനം. രാജ്യത്തിനകത്തും പുറത്തുമുള്ള അറിയപ്പെടുന്ന വേദികളില് സ്ത്രീ വേഷങ്ങള്ക്കു പുതിയ മാനങ്ങള് നല്കി. ദമയന്തി, മാലിനി, ചിത്രലേഖ തുടങ്ങി പ്രണയവിഷാദ നായികമാരുടെ യാഥാസ്ഥിതിക സ്വഭാവ സവിശേഷതകള് തന്മയത്വത്തോടെ പകര്ന്നാടി. പിംഗള എന്ന പുതിയ ആട്ടക്കഥയ്ക്കു രംഗ ചലനങ്ങള് ചിട്ടപ്പെടുത്തിയ അദ്ദേഹം 1988ല് ഭാരത സര്ക്കാരിന്റെ സംഗീത നാടക അക്കാഡമി പുരസ്കാരത്തിനും അര്ഹനായി.
ഭാര്യ ഭവാനി. മക്കള് സുജാത, കലാമണ്ഡലം അമ്പിളി, ഗിരീഷ്.
കീചകവധത്തിലെ സൈരന്ധ്രിയായി, നളചരിതത്തിലെ ദമയന്തിയായി, രുഗ്മാംഗദ ചരിതത്തിലെ മോഹിനിയായി അരങ്ങില് ശൃംഗാരം പകര്ന്നാടാന് ഇനി കോട്ടയ്ക്കല് ശിവരാമനില്ല. കുടമാളൂര് കരുണാകരന് നായരുടെ പ്രതാപകാലത്തു പോലും കളിവിളക്കിനു മുന്നിലെ സ്െ്രെതണ ചൈതന്യമായി സാന്നിധ്യറിയിക്കാന് കഴിഞ്ഞിരുന്നു ശിവരാമന്. അരങ്ങില് വെറും നിഴലായിപ്പോയ സ്ത്രീകഥാപാത്രങ്ങള്ക്ക് ഊര്ജം പകര്ന്നു നല്കാന് ഈ കാറല്മണ്ണക്കാരനായി. സ്ത്രീകഥാപാത്രങ്ങളെ കണ്ടു സ്ത്രീകള്പോലും അസൂയ പൂണ്ടു.
തൊട്ടേനേ കൈകള്കൊണ്ടു... നള ദൂതുമായി പറന്നെത്തിയ ഹംസത്തെക്കണ്ടു കൗതുകം പൂണ്ട ദമയന്തി (നളചരിതം മൂന്നാം ദിവസം, ഒന്നാം രംഗം). കബളിപ്പിച്ചേ അടങ്ങൂവെന്ന വാശിയുമായി ഹംസം. കൈയ്ക്കല് കിട്ടിയാല് കേളി ചെയ്വാന് നന്നാകുമായിരുന്നുവെന്നാണു ഭൈമി പറയുന്നത്. രാജകുമാരിയുടെ മനസു പഠിച്ചെത്തിയ ഹംസമാകട്ടെ, ഒരടി കൂടി നടന്നാല് കിട്ടുമെന്ന ബാലിശ ചിന്തയോടെ പിന്നാലെ. അഥബത ദമയന്തീം ആളിമാരോടു വേറാമതു പൊഴുതരയന്ന പ്രൗഢനൂചേ സഹാസം... തോഴിമാരില് നിന്ന് അകന്ന ദമയന്തിയെ ഹംസം കാര്യങ്ങള് പറഞ്ഞു ബോധ്യപ്പെടുത്തുന്നു.
യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം. അതെ, യൗവനം വന്നിട്ടും ബാല്യം വിടാത്ത ദമയന്തിയെ അരങ്ങില് അവിസ്മരണീയമാക്കാന് ഒരു ശിവരാമനേ ഉണ്ടായിരുന്നുള്ളൂ. ചില്ലറയല്ല, 12000ത്തോളം ദമയന്തീ വേഷങ്ങളാണു ശിവരാമന് പകര്ന്നാടിയത്. അവിടേക്കു പകരം വയ്ക്കാന് മറ്റൊരു പേരുമുണ്ടായിരുന്നില്ല. മിക്ക അരങ്ങുകളിലും നളവേഷം കലാണ്ഡലം ഗോപിക്കായിരുന്നു. സൈരന്ധ്രിയെ ഭയപ്പെടുത്തിയ കീചകനായി, പദ്മ ഭൂഷണ് കലാമണ്ഡലം രാമന്കുട്ടി നായരായിരുന്നു അരങ്ങില് നിറഞ്ഞത്.
കുടമാളൂരിന്റെ സൈന്ധ്രിക്കും പിന്തുടര്ച്ച ശിവരാമനിലൂടെയായിരുന്നു. വിരാടന്റെ കൊട്ടാരത്തില് കീചകനെ ഭയന്നു കഴിഞ്ഞ സൈരന്ധ്രിയുടെ കണ്ണിലെ ഭാവം കണ്ട് ആസ്വാദകര് ആശങ്കപൂണ്ടു. വിരാട സഹോദരനെ അന്തഃപുരത്തിലേക്കു വിളിച്ചുവരുത്തി ഭീമന്റെ കൈയിലേക്കു വിട്ടുകൊടുത്തപ്പോള് ശൃംഗാരത്തില്നിന്ന് ഒന്നു വ്യതിചലിച്ചുവോ? ഇല്ല, മഹാചാര്യനു ജന്മസിദ്ധമായിരുന്നു ആ രസം.
പതിമൂന്നാം വയസില് ലവണാസുരവധത്തിലെ ലവനായി തുടങ്ങി ഇടയ്ക്കെപ്പൊഴോ നളചരിതത്തിലെ പുഷ്കരനും സന്താനഗോലപാലത്തിലെ കൃഷനുമായി, അങ്ങനെ ചില പുരുഷ കഥാപാത്രങ്ങള്. അമ്മാവന് വാഴേങ്കട കുഞ്ചു നായരുടെ കൈപിടിച്ചു കല്ലുവഴി ചിട്ടയിലൂടെയായിരുന്നു അരങ്ങിലെത്തിയത്.
കോട്ടയ്ക്കല് പിഎസ്വി നാട്യസംഘമാണു ശിവരാമന്റെ കഥകളി ജീവതത്തില് വഴിത്തിരിവായത്. കഥകളിയോടുള്ള താത്പര്യത്തെക്കാളേറെ ശമ്പളവും ഭക്ഷണവുമായിരുന്നു അന്നത്തെ ആകര്ഷണം എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടു പലപ്പോഴും. പക്ഷേ, ദാരിദ്യ്രത്തില്നിന്നു രക്ഷാമാര്ഗമായി കണ്ടെത്തിയ സംഘം അദ്ദേഹത്തെ പ്രശസ്തിയുടെ പടവുകളിലേക്കു നടത്തി, അദ്ദേഹം സംഘത്തെയും. പിന്നെ അനവധി വിദേശ പര്യടനങ്ങള്, സ്ത്രീയും പച്ചയുമായി നിരവധി വേഷങ്ങള്.
അരങ്ങു വാണ മഹാചാര്യന്റെ ജീവതമാകട്ടെ ഏറെ എളിയതായിരുന്നു. പ്രശസ്തിക്കു പിന്നാലെ സഞ്ചരിച്ചിട്ടില്ല അദ്ദേഹം, പ്രശസ്തി അദ്ദേഹത്തെ പിന്തുടരുകയായിരുന്നു എന്നും. ശിവരാമന്റെ ജീവതം അടുത്തറിയാന് വരും തലമുറയ്ക്കുള്ള ഈടുവയ്പ്പായി എം.ആര്. രാജന് മിനുക്ക് എന്ന ഡോക്യുമെന്ററി നിര്മിച്ചിട്ടുണ്ട്. |
|
- dated 20 Jul 2010
|
|
Comments:
Keywords: India - Samakaalikam - july20lst India - Samakaalikam - july20lst,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|