Advertisements
|
റൗഫിന്റെ ഗുണ്ടും ശശിയുടെ ബോംബും പിന്നെ കേരളവും !!
സിപിആര്‍
പണ്ടൊക്കെ ഉത്സവപ്പറമ്പുകളില്‍ മത്സരക്കമ്പം എന്നൊരു ഏര്‍പ്പാടുണ്ടായിരുന്നു. ഒന്നിനൊന്നു വാശിയേറിയ കരിമരുന്നു പ്രയോഗമാണു പരിപാടി. പൂഴിക്കുന്ന് മണി, കോട്ടുക്കല്‍ ദേവദാസ് തുടങ്ങി ഒട്ടേറെ കമ്പക്കെട്ടുകാരുമുണ്ടായിരുന്നു. ഉത്സവങ്ങളും തിരുനാളുകളുമൊക്കെ വന്നാല്‍ ഇവര്‍ക്കൊന്നും ഇരിക്കപ്പൊറുതി ഉണ്ടാവില്ല. ലക്ഷങ്ങള്‍ ചെലവിട്ടാണ് അന്നൊക്കെ മത്സരക്കമ്പം. ഒരാള്‍ അഞ്ചു നില അമിട്ട് പൊട്ടിക്കുമ്പോള്‍ മറ്റേയാള്‍ ഏഴോ എട്ടോ നില പൊട്ടിക്കും. ഒരാള്‍ പത്തു പൂത്തിരി കത്തിച്ചാല്‍ മറ്റേയാള്‍ അമ്പതെണ്ണത്തിനു തീ കൊളുത്തും. ഒരാള്‍ താഴെ നിന്നു മേലോട്ടു വാണത്തില്‍ കോഴിയെ പറത്തിയാല്‍ മറ്റേയാള്‍ ആകാശത്തു നിന്നു കീഴോട്ടു പാരച്യൂട്ടില്‍ പരുന്തിനെ പറത്തും. ചുരുക്കത്തില്‍ നേരം പുലരുവോളം ആകെ ഒരു ജഗപൊക!
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാഷ്ട്രീയ കേരളത്തിലും ഇത്തരം മത്സരക്കമ്പങ്ങളാണ് അരങ്ങു തകര്‍ക്കുന്നത്. ആദ്യം പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് കമ്പക്കെട്ടിനു തീ കൊളുത്തി. മച്ചമ്പി റൗഫ് അതേറ്റുപിടിച്ചു. കുഞ്ഞാലിക്കുട്ടി ഒന്നു പറഞ്ഞാല്‍ റൗഫ് രണ്ടു പറയും. രണ്ടിനും ഇടയില്‍പ്പെട്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ വേറൊന്നു പറയും. അപ്പോഴേക്കും എം.കെ. മുനീര്‍ ഇടയ്ക്കുകയറും. ഓരോരുത്തരും കമ്പക്കെട്ടിന്റെ തീയതിയും സമയവും മുന്‍കൂട്ടി പറയുന്നതുകൊണ്ട്, ജോലിയുള്ളവര്‍ക്കു ലീവ് എടുത്തും ഇല്ലാത്തവര്‍ക്കു മറ്റ് എന്ഗെജ്മെന്റുകള് മാറ്റിവച്ചും ചാനലുകള്‍ക്കു മുന്നില്‍ അണിനിരക്കാം. ഒരു ഷക്കീലച്ചിത്രം കണ്ട അനുഭൂതിയോടെ ഉച്ചയുറക്കം നടത്താം. (ഇടയ്ക്കു കുട്ടികളൊന്നും വലിഞ്ഞു കയറി ടിവിക്കു മുന്നിലെത്താതെ ശ്രദ്ധിക്കണമെന്നു മാത്രം.)
കമ്പക്കെട്ടു കഴിഞ്ഞാല്‍ കാലാ പറക്കുക എന്നൊരു ഏര്‍പ്പാടുമുണ്ട് ചില നാടുകളില്‍. പൊട്ടാതെ കിടക്കുന്ന ഗുണ്ടുകള്‍, ഓലപ്പടക്കങ്ങള്‍ തുടങ്ങിയവ കണ്ടുപിടിച്ചു പിന്നീടു പൊട്ടിച്ചു രസിക്കുന്ന ഏര്‍പ്പാടാണിത്. റൗഫ് പൊട്ടിച്ച വെടിക്കോപ്പുകളുടെ കാലാ പറക്കുന്ന ജോലിയാണിപ്പോള്‍ കേരള പൊലീസിന്. തന്റെ ഭാര്യയുടെ സഹോദരീ ഭര്‍ത്താവ് കുഞ്ഞാലിക്കുട്ടി പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ടു, രക്ഷപ്പെടാന്‍ പിന്നീടു പണം കൊടുത്തു മൊഴികള്‍ മാറ്റി, ഇതിനു നിയമപരിരക്ഷ നല്കാന് ജുഡീഷ്യറിയെത്തന്നെ സ്വാധീനിച്ചു, താന്‍ കൂടി ഇടപെട്ട് ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്കി തുടങ്ങിയ ഡൈനമിറ്റുകളാണ് റൗഫ് പൊട്ടിച്ചത്.
റൗഫിന്റെ കമ്പപ്പുരയിലെ എല്ലാ വെടിക്കോപ്പുകളും സുപ്രീം കോടതി വരെ പരിശോധിച്ചതാണെന്നായി ബഷീര്‍. പലതും വെറും ഗുണ്ടാണെന്നു കണ്ടു കോടതി കേസ് അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ റൗഫിന്റെ വെടിക്കെട്ട് വെറുതേ വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറല്ല. പുകയടങ്ങും മുന്‍പു കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്ക്കെതിരേ നടപടി തുടങ്ങിക്കഴിഞ്ഞു. ഇത്ര തിടുക്കപ്പെട്ടു നടപടി സ്വീകരിക്കാന്‍ മാത്രം ഗൗരവമോ വിശ്വാസയോഗ്യമോ പുതിയതോ ആണോ റൗഫിന്റെ ആരോപണങ്ങളെന്ന സംശയം സ്വാഭാവികം. കുഞ്ഞാലിക്കുട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഭീകരന്, കള്ളക്കടത്തുകാരന്, സാമൂഹ്യവിരുദ്ധന്, കൊള്ളപ്പലിശക്കാരന്, ഫ്രോഡ്... ഇതൊക്കെയാണ് ഇപ്പറയുന്ന റൗഫ്. സാഹചര്യത്തെളിവുകള്‍ പരിശോധിച്ചാല്‍ ഇപ്പറഞ്ഞതില്‍ പലതിനും റൗഫിനെതിരേ തെളിവുമുണ്ട്.
അതിനേക്കാള്‍ വലിയ വേറൊന്നുകൂടിയുണ്ട്. കേരളത്തിന്റെ ഏതെങ്കിലും ഒരു പൊതു സമൂഹത്തിന്റെ വക്താവോ ഏതെങ്കിലും പാര്‍ട്ടിയുടെ നേതാവോ ഏതെങ്കിലും ഔദ്യോഗിക പദവി വഹിക്കുന്ന ആളോ, വഹിച്ചിട്ടുള്ള ആളോ അല്ല റൗഫ്. പിന്നെന്തിനാണ് ഐസ്ക്രീം കേസില്‍ റൗഫിന്റെ പ്രസ്താവന മാത്രം മുന്‍നിര്‍ത്തി ഇത്ര തിടുക്കത്തില്‍ കേസ് എടുത്തതെന്ന ചോദ്യത്തിലും കഴമ്പുണ്ട്. റൗഫ് ഒരു പൗരനാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥലത്തിരുന്ന ഒരാളെക്കുറിച്ചു മറ്റാരെയും പോലെ റൗഫിനും ആരോപണം ഉന്നയിക്കാം. അതില്‍ കഴമ്പുണ്ടോ, പറയുന്ന ആള്‍ക്കു വിശ്വാസ്യതയുണ്ടോ, പറയുന്ന കാര്യങ്ങള്‍ പൊതുസമൂഹത്തെ ബാധിക്കുന്നതാണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചു തുടര്‍നടപടിയും എടുക്കാം.
അങ്ങനെയെങ്കില്‍, റൗഫ് പൊട്ടിച്ചതിനെക്കാള് വലിയൊരു ബോംബ് പി. ശശിയെന്ന കണ്ണൂര്‍ സഖാവ് പൊട്ടിച്ചതിന്റെ കാലാ പോയിട്ടു പുക പോലും ആരും കാണാത്തതിലാണ് അതിശയം. നാല്പതിലധികം പേര് ഒറ്റയടിക്കു കൊല്ലപ്പെട്ട കൊല്ലം കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തത്തിലെ പ്രതികള്‍ക്കു വേണ്ടി അന്നു പ്രതിപക്ഷ നേതാവായിരിക്കേ ഇപ്പോഴത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വഴിവിട്ട് ഇടപെട്ടു എന്ന ഉഗ്രന്‍ കുഴിബോംബ് പൊട്ടിയിട്ടു പുക പോലും ഉയരാത്തതില്‍ പലതും സംശയിക്കണം.
റൗഫിനെപ്പോലെ അനാഥനല്ല ശശി. കല്ലുവാതുക്കല്‍ അപകടം നടക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നയാള്‍. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം, പാര്‍ട്ടി കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി. ആരോപണവും നിസാരമല്ല. അന്വേഷണ വേളയില്‍ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ജസ്ററിസ് മോഹന്‍ കുമാറിനെ വഴിവിട്ടു സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണു ശശിയുടെ വെളിപ്പെടുത്തല്‍. പ്രത്യേക ദൂതനെ വി.എസ് അന്വേഷണക്കമ്മിഷന്റെ അടുത്തേക്കയച്ചത്രേ. എന്നാല്‍ ജസ്ററിസ് മോഹന്‍ കുമാര്‍ വിട്ടുവീഴ്ചയ്ക്കു തയാറായില്ല. അതിന്റെ വിരോധം വി.എസ് പല പ്രാവശ്യം അദ്ദേഹത്തോടു കാട്ടിയിട്ടുമുണ്ട്.
കല്ലുവാതുക്കല്‍ വ്യാജമദ്യക്കേസില്‍ സിപിഎമ്മിന്റെ ട്രാക്ക് റെക്കോഡ് അത്ര നല്ലതല്ല. കേസുമായി ബന്ധപ്പടുത്തി പല നേതാക്കളുടെയും പേരുകള്‍ അന്നും പറഞ്ഞു കേട്ടിരുന്നു. മണിച്ചന്റെ മാസപ്പടി ഡയറിയില്‍ പേരുണ്ടായിരുന്നു എന്ന കാരണത്താല്‍ അന്നത്തെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം. സത്യനേശനു സ്ഥാനം നഷ്ടമായി.
വി.എസ് പക്ഷത്തുണ്ടായിരുന്ന പല പ്രമുഖര്‍ക്കും കല്ലുവാതുക്കല്‍ സംഭവത്തിലെ പ്രതികളുമായി പങ്കുണ്ടായിരുന്നു എന്ന പേരുദോഷം നിലനില്‍ക്കുമ്പോളാണ് അച്യുതാനന്ദന് അന്വേഷണ കമ്മിഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന പുതിയ വെളിപ്പടുത്തല്‍. അതിനു റൗഫിന്റെ ഗുണ്ടിനേക്കാള്‍ ചൂടും പുകയുമില്ലേ സര്?
റൗഫിന്റെ വെളിപ്പെടുത്തല്‍ വെറും അമിട്ടെങ്കില് ആറ്റം ബോംബിന്റെ പ്രഹര ശേഷിയുണ്ട് ശശിയുടെ വെളിപ്പെടുത്തലിന്. റൗഫിനെ മൂന്നു തവണ ചോദ്യം ചെയ്ത പൊലീസിന് ശശിയെ ഒരിക്കലെങ്കിലും ഒന്നു കണ്ടു സംസാരിക്കാമായിരുന്നു. അതിനു വി.എസ്. അച്യുതാനന്ദനെതിരേ ശശി എഴുതിത്തയാറാക്കി പ്രസിദ്ധീകരണത്തിനു നല്കിയ പരാതി മാത്രം മതി തെളിവ്. റൗഫിനെക്കാള് ഉത്തരവാദിത്തപ്പെട്ട പദവികള്‍ വഹിച്ചിട്ടുള്ളയാളാണു ശശി. കുഞ്ഞാലിക്കുട്ടിയെക്കാള്‍ ഉത്തരവാദിത്വം വഹിക്കുന്ന ആളാണ് അച്യുതാനന്ദന്. അങ്ങനെ നോക്കിയാലും ആദ്യം കേസ് രജസിറ്റര്‍ ചെയ്യേണ്ടതു കല്ലുവാതുക്കലില്‍ തന്നെ.
റൗഫ് ഉന്നയിച്ച ആരോപണങ്ങള്‍ ഉറ പൊട്ടിയതു മുഖ്യമന്ത്രിയുടെ ഓഫിസിലാണെന്ന ലീഗുകാരുടെ ആക്ഷേപവും കാര്യമാക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരമുള്ള ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയാണ് മുഖ്യമന്ത്രിയുടെ ഓഫിനെതിരേ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. അതേക്കുറിച്ചും വേണടേ സര്, സമഗ്രമായ ഒരന്വേഷണം?
ശശിയും ലീഗും ഉയര്‍ത്തിയ വ്യക്തമായ ആരോപണങ്ങളുടെ പേരില്‍ അച്യുതാനന്ദനെതിരേയും കേസ് എടുക്കേണ്ടതല്ലേ, കുഞ്ഞാലിക്കുട്ടിയെ കുടുക്കാന്‍ ധൃതിപ്പെടുന്നവര്‍? ഗൂഢാലോചനയുടെ കുന്തമുന മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ എന്നു പരോക്ഷമായി പറയുമ്പോള്‍ അതു ചെന്നുനില്ക്കുന്നത് ക്ളിഫ് ഹൗസില്‍ മുഖ്യമന്ത്രിയോളമോ, അതിനപ്പുറമോ ഉള്ള മറ്റൊരാളിലേക്കാണെന്ന അഭ്യൂഹവുമുണ്ട്. കൊച്ചിയില്‍ വൈറ്റില- അരൂര്‍ ബൈപാസിലെ ഒരു ഹോട്ടലിലാണത്രേ ഗൂഢാലോചന നടന്നത്. അവിടുത്തെ പ്രതിവാര സന്ദര്‍ശകനായ വിഐപി പുത്രനും ഈ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടെങ്കില്‍ അതും പുറത്തു വരേണ്ടതല്ലേ? രാഷ്ട്രീയ നേതാക്കള്‍ പ്രതിയോഗികളോടു പക തീര്‍ക്കുന്ന കരുനീക്കങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എന്തിനു പങ്കു ചേരണമെന്നതും അന്വേഷിക്കപ്പെടേണ്ടതല്ലേ, അതും ഒരു സത്യാന്വേഷി നാടു ഭരിക്കുമ്പോള്‍. !!!
|
|
- dated 07 Feb 2011
|
|
Comments:
Keywords: India - Samakaalikam - raufsasi India - Samakaalikam - raufsasi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|