ജനങ്ങള്‍ ഉറ്റുനോക്കിയിരുന്ന ആദ്യ ചാനല്‍ സംവാദം പരാജയപ്പെട്ടത് ബൈഡനെയും ഡെമോക്രാറ്റുകളെയും ഭീതിപ്പെടുത്തിയിരിക്കുകയാണ്. ആ ക്ഷീണം മാറ്റാന്‍ വിവിധ അഭിമുഖ പരമ്പരകളാണു ബൈഡനു വേണ്ടി ഡെമോക്രാറ്റ് പാര്‍ട്ടി ഒരുക്കിയിരിക്കുന്നത്. പാര്‍ട്ടിയില്‍ ഉയര്‍ന്നു വരുന്ന എതിര്‍പ്പ് ഇല്ലാതാക്കാന്‍ കൂടിയാണ് എബിസി ന്യൂസിന്‍റെ അഭിമുഖത്തിലൂടെ ബൈഡന്‍ ക്യാംപ് ശ്രമിച്ചത്. ട്രംപുമായുള്ള ആദ്യ സംവാദ ദിവസം താന്‍ ക്ഷീണിതനായിരുന്നെന്നും അസുഖബാധിതനായിരുന്നു എന്നുമാണു പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള അഭിമുഖത്തില്‍ ബൈഡന്‍ വിശദീകരിക്കുന്നത്. ഈ ലോകം നയിക്കുന്നത് താനാണെന്നും പ്രസിഡന്‍റാകാന്‍ തന്നേക്കാള്‍ യോഗ്യനായ മറ്റൊരാളില്ലെന്നും ബൈഡന്‍ അഭിമുഖത്തില്‍ അവകാശപ്പെടുന്നു.
അതേസമയം, മാനസിക ആരോഗ്യത്തെക്കുറിച്ചും മറ്റുമുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചതുമില്ല. ട്രംപുമായുള്ള സംവാദത്തിന്‍റെ തലേന്നു ക്ഷീണിതനായിരുന്നു. സംവാദത്തിനു തയാറാകുന്നതിനെ അതു ബാധിച്ചു. എനിക്കൊപ്പം ഡോക്റ്റര്‍മാര്‍ എപ്പോഴുമുണ്ട്. കൊവിഡ് പരിശോധന നടത്തിയോ എന്നു ഞാന്‍ അവരോടു ചോദിച്ചിരുന്നു. അണുബാധയുണ്ടെന്നു കണ്ടെത്തി. എന്നാല്‍ അതു വൈറസ് കാരണമായിരുന്നില്ല. കടുത്ത ജലദോഷമായിരുന്നു. ഡെമോക്രാറ്റ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കന്മാര്‍ ആരും മത്സരത്തില്‍ നിന്നു പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടില്ല. ദൈവം വന്നു പറഞ്ഞാലേ മത്സരത്തില്‍ നിന്നു പിന്മാറൂ. സംവാദത്തില്‍ ട്രംപ് 28 തവണ നുണ പറഞ്ഞു അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments: