ബര്‍ലിന്‍: ചെറുപ്പമായിരിക്കുമ്പോള്‍ പെന്ഷന് സ്കീമുകളില്‍ ചേരുന്നത് വൈകാനുള്ള പ്രവണത ശക്തമായിരിക്കും. ചെറിയ പ്രായത്തില്‍ പെന്ഷന് സ്കീമില്‍ ഇടുന്ന തുക പിന്നെയൊരു മുപ്പതോ നാല്‍പ്പതോ വര്‍ഷത്തേക്ക് തൊടാന്‍ പോലും പറ്റില്ലെന്ന ബോധ്യമാണ് പലരെയും ഇതിനു പ്രേരിപ്പിക്കുന്നത്.
എന്നാല്‍, വാര്‍ധക്യത്തിലേക്ക് സ്വയം കരുതിവയ്ക്കാവുന്ന ഏറ്റവും മികച്ച സമ്മാനമാണ് പെന്ഷന് സ്കീമുകള്‍ എന്നതാണ് യാഥാര്‍ഥ്യം. ഇതില്‍ നിന്നു വിട്ടുനില്‍ക്കുന്നവരില്‍ പ്രവാസികളാണ് കൂടുതല്‍. ജര്‍മന്‍ സ്റേററ്റ് പെന്‍ഷനിലേക്ക് കോണ്ട്രിബ്യൂഷന് നല്കിവരുന്നതും പലരെയും ഇതില്‍ നിന്നു പിന്തിരിപ്പിക്കുന്നു.
എന്നാല്‍, സ്റേററ്റ് പെന്ഷന് സ്കീമിലേക്കുള്ള കോണ്ട്രിബ്യൂഷന് വാര്‍ധക്യത്തിലെ ചെലവുകള്‍ താങ്ങാന്‍ പര്യാപ്തമായിരിക്കില്ല എന്നതാണ് യാഥാര്‍ഥ്യം. അധികമായി എന്തെങ്കിലും വരുമാനം കൂടി പെന്ഷന് പ്രായത്തിലേക്കു കണ്ടുവച്ചില്ലെങ്കില് അക്കാലത്ത് ജീവിത നിലവാരം ഇടിയുന്നതായിരിക്കും ഫലം.
ലോകത്തു തന്നെ ആദ്യമായി സോഷ്യല്‍ സെക്യൂരിറ്റി സ്കീം നടപ്പാക്കിയ രാജ്യമാണ് ജര്‍മനി. 1889ലായിരുന്നു അത്. അക്കാലത്ത് നിശ്ചയിച്ചിരുന്ന വിരമിക്കല്‍ പ്രായം 70 വയസായിരുന്നു. അന്നത്തെ ശരാശരി ആയുര്‍ ദൈര്‍ഘ്യം അതില്‍ കുറവും. എന്നാല്‍, ഇന്നും പെന്ഷന് പ്രായത്തില്‍ വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല. പക്ഷേ, ആയുര്‍ ദൈര്‍ഘ്യം ഗണ്യമായി വര്‍ധിച്ചു. ഇതാണ് ഇപ്പോഴത്തെ സ്റ്റേറ്റ് പെന്ഷന് ഉപയോഗിച്ച് വാര്‍ധക്യം വൃത്തിയായി ജീവിച്ചു തീര്‍ക്കാന്‍ സാധിക്കില്ലെന്നു പറയാന്‍ പ്രധാന കാരണം.

Comments: