ഒക്ടോബര്‍ 15 ന് രാവില 10.30നു വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 11 നു തട്ടാരമ്പലം, പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ മലങ്കര ഓര്‍ത്തഡോക്സ് മാവേലിക്കര രൂപത അധ്യക്ഷന്‍ എബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു സംസ്കാര കര്‍മ്മങ്ങള്‍ നടന്നത്. ചടങ്ങില്‍ ബന്ധുക്കളും മിത്രങ്ങളും നാട്ടുകാരുമടക്കം ഒരു വലിയ ജനാവലി പങ്കെടുത്തു.പള്ളിയിലെ അള്‍ത്താര സേവനത്തില്‍ വളരെ താല്‍പ്പര്യക്കാരനുംഎംഒസിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ആദം.
ബിസിഎ പഠനം പൂര്‍ത്തിയാക്കിയ ആദം ഒരു വര്‍ഷം മുന്‍പാണ് ഉന്നത പഠനത്തിനായി ജര്‍മനിയില്‍ എത്തിയത്.ബര്‍ലിന്‍ ആര്‍ഡേന്‍ സര്‍വകലാശാലയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ ഉപരിപഠനം നടത്തിയിരുന്ന ആദമിനെ സെപ്. 30 മുതലാണു കാണാതായത്. വൈകുന്നേരത്തെ പാര്‍ട്ടൈം ജോലി കഴിഞ്ഞ് സൈക്കിളില്‍ താമസ സ്ഥലത്തേക്കു പോയ ആദം വീട്ടിലെത്താതെ വന്നപ്പോള്‍ ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുകയും രണ്ടുദിവസങ്ങള്‍ക്കു ശേഷം ആദമിനെ ഒരു ആഫ്രിക്കന്‍ വംശജന്റെ വീട്ടിലെ കുളിമുറിയില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
കവര്‍ച്ചയ്ക്കിരയായ ആദമിനെ കൊലപ്പെടുത്തിയതാകാമെന്നാണ് ബര്‍ലിനിലെ ആദമിന്റെ സുഹൃത്തുക്കള്‍ കരുതുന്നത്. പോസ്ററ്മാര്‍ട്ടം റിപ്പോര്‍ട്ടും മറ്റു വിവരങ്ങള്‍ ഒന്നും തന്നെ പോലീസ് പുറത്തു വിട്ടിട്ടില്ല.
ബര്‍ലിന്‍ എംബസിയുടെ സഹായത്തോടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.ആദമിന് ഒരു വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചിരുന്നു. ആദമിന്റെ മാതാവ് ലില്ലി ഡാനിയേല്‍ ബഹറൈനില്‍ ഫാര്‍മസിസ്ററാണ്. ഒരു സഹോദരനുണ്ട് ആദമിന്.

Comments: