
ജൂലൈ 29 ന് തിങ്കളാഴ്ച ലാത്വിയയുടെ തലസ്ഥാനമായ റിഗയില്‍ നിന്നും ടര്‍ക്കിഷ് എയര്‍വേയ്സില്‍ ഈസ്ററാംബൂള്‍ വഴി ഓഗസ്ററ് മൂന്നിനു രാവിലെ ബംഗളുരുവില്‍ കൊണ്ടുവന്ന ഭൗതിക ശരീരം ഇടുക്കി രൂപതാ പ്രവാസി അപ്പസതോലേറ്റ് ഡയറക്ടര്‍ ഫാ.ജോബി പുളിക്കകുന്നേലിന്റെ നേതൃത്വത്തില്‍, ചങ്ങനാശേരി അതിരൂപതാംഗം ഫാ. ലിബിന്‍ തുണ്ടിയിലിന്റെ സാന്നിദ്ധ്യത്തില്‍ ആല്‍ബിന്റെ കുടുംബം ഏറ്റുവാങ്ങി, തുടര്‍ന്ന് ഒപ്പീസും നടത്തി. നോര്‍ക്കയുടെ സഹായത്തോടെയാണ് റോഡുമാര്‍ഗ്ഗം സ്വദേശത്ത് എത്തിയ്ക്കുന്നത്.
വെള്ളത്തൂവല്‍, ആനച്ചാല്‍ അറയ്ക്കല്‍ ഷിന്റോയുടെയും എല്ലക്കല്‍ എല്‍ പി സ്കൂള്‍ ടീച്ചറായ റീനയുടെയും മകനാണ് ആല്‍ബിന്‍. ആല്‍ബിന് ഒരു സഹോദരിയുണ്ട്.
ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, ഇന്‍ഡ്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, കേരള സര്‍ക്കാരിന്റെ നോര്‍ക്ക,ആല്‍ബിന്റെ യുകെയിലുള്ള ബന്ധു ജോര്‍ജ്ജ് ജോസഫ്, ലാത്വിയയിലെ സുഹൃത്തുക്കള്‍, ലാത്വിയയുടെ ചുമതലയുള്ള സ്വീഡനിലെ ഇന്‍ഡ്യന്‍ എംബസിയിലെ സെക്കന്റ് സെക്രട്ടറി (കോണ്‍സുലര്‍) പവന്‍കുമാര്‍, ലാത്വിയന്‍ പൊലീസ്, ലോക കേരളസഭാംഗം ജോസ് കുമ്പിളുവേലില്‍ എന്നിവരുടെ സമയോജിതമായ ഇടപെടല്‍ മൂലമാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലായത്.
റിഗയിലെ തടാകത്തിന്റെ മറുകരയിലേക്കു നീന്തി പോയ സുഹൃത്തുക്കള്‍ക്കു പിന്നാലെ നീന്തിയ ആല്‍ബിന്‍ മറുകരയെത്താറായപ്പോള്‍ കുഴഞ്ഞു പോവുകയും ഒഴുക്കില്‍ പെടുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷപെടുത്താന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ആല്‍ബിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ജൂലൈ 17 നാണ് അപകടം സംഭവിച്ചത്. മറൈന്‍ ടെക്നോളജി പഠിക്കാന്‍ എട്ടു മാസം മുന്‍പാണു ആല്‍ബിന്‍ ലാത്വിയയില്‍ എത്തിയത്.

Comments: