Today: 06 May 2021 GMT   Tell Your Friend
Advertisements
ഗുന്തര്‍ ഗ്രാസ് ; യുദ്ധാനന്തര ജര്‍മനിയുടെ മനഃസാക്ഷി
Photo #1 - Germany - Arts-Literature - gunther_grass
ബര്‍ലിന്‍:യുദ്ധാനന്തര ജര്‍മനിയുടെ മനഃസാക്ഷിയായിരുന്നു ഗുന്തര്‍ ഗ്രസ്. ജര്‍മനിയുടെ ഏറ്റവും വിഖ്യാത എഴുത്തുകാരനും. കവിതയും നാടകവും ഒരേപോലെ ആ നോവലിസ്ററിനു വഴങ്ങി. ലാറ്റിനമേരിക്കന്‍ മാജിക്കല്‍ റിയലിസത്തിനുള്ള യൂറോപ്യന്‍ മറുപടി ഗ്രസിന്റെ രചനകളായിരുന്നു. ശില്പിയായും ചിത്രകാരനായും കൂടി അദ്ദേഹം തിളങ്ങി.

നിരായുധീകരണത്തിനുവേണ്ടി അഗ്നിയില്‍ മുക്കിയ വരികള്‍ എഴുതിയ ഗ്രസ് ആഗോളതലത്തില്‍ ശ്രദ്ധേയമായ ഇടപെടലുകളും നടത്തിയിട്ടുണ്ട്. 1959~ല്‍ എഴുതിയ തകരച്ചെണ്ട (ദ ടിന്‍ ഡ്രം) എന്ന നോവലിലൂടെ അദ്ദേഹം ജര്‍മനിയുടെ അതിരുകള്‍ക്കപ്പുറത്തേക്കു വളര്‍ന്നു. 1999~ല്‍ ആ പുസ്തകത്തിന്റെ പേരിലാണു ഗ്രസിനു നൊബേല്‍ പുരസ്കാരം ലഭിച്ചത്.

അദ്ദേഹത്തിന്റെ ആത്മകഥ (ഉള്ളിയുടെ തൊലി പൊളിക്കുന്നു) പ്രസിദ്ധീകരിച്ച 2006 ഗ്രസിന്റെ ജീവിതത്തില്‍ വലിയ മാറ്റത്തിന്റെ വര്‍ഷമായിരുന്നു. ഗ്രസിനെപ്പറ്റിയുള്ള ലോകത്തിന്റെ കാഴ്ചപ്പാടും അതോടെ മാറി. നാസിബന്ധം സംബന്ധിച്ച വെളിപ്പെടുത്തലായിരുന്നു കാരണം. 1927 ല്‍ ജനിച്ച ഗ്രസ്, താന്‍ നിര്‍ബന്ധിത സൈനികസേവനത്തിനു നിയോഗിക്കപ്പെട്ട ഒരാള്‍ മാത്രമായിരുന്നു എന്നാണു മുമ്പു പറഞ്ഞിരുന്നത്. ഹിറ്റ്ലറുടെ ജര്‍മന്‍പടയില്‍ ഒരു സഹായിയുടെ പണി മാത്രമെന്ന്. പക്ഷേ, ആത്മകഥയില്‍ സത്യം വെളിപ്പെടുത്തി.

ഹിറ്റ്ലറുടെ തെരഞ്ഞെടുക്കപ്പെട്ട സേനാവിഭാഗമായ വാഫന്‍ എസ്എസില്‍ ഗ്രസ് പ്രവര്‍ത്തിച്ചു. ആര്യന്‍ വംശജര്‍ക്കു മാത്രം അംഗത്വം നല്‍കിയിരുന്ന ഇതു നാസിപാര്‍ട്ടിയുടെ സായുധ വിഭാഗമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മന്‍ സൈന്യത്തിനു സമാന്തരമായി പല സവിശേഷ ദൗത്യങ്ങളും ഈ വിഭാഗത്തെ ഏല്പിച്ചിരുന്നു.

മുന്‍കാല രചനകളില്‍ തന്റെ മാതാപിതാക്കള്‍ ഹിറ്റ്ലറുടെ മായിക സ്വാധീനത്തില്‍പ്പെട്ടുപോയതിനെപ്പറ്റി വിലപിക്കുകയും നിസഹായമായ യൗവനത്തില്‍ രാക്ഷസീയ ക്രൂരതയുടെ ഉപകരണമാകേണ്ടിവരികയും ചെയ്തതിനെപ്പറ്റി ഗ്രസ് ഏറെ വാചാലനായിരുന്നു. തകരച്ചെണ്ട മുതലുള്ള കൃതികളിലെ ഈ ആഖ്യാനങ്ങളില്‍ പറയുന്ന ആളായിരുന്നില്ല ഗ്രസ് എന്നതു വായനക്കാരെ ഞെട്ടിച്ചുകളഞ്ഞു.

2012~ല്‍ ഗ്രസ് മറ്റൊരു വിവാദത്തില്‍പ്പെട്ടു. വാട്ട് മസ്ററ് ബി സെഡ് (പറയേണ്ടത്) എന്ന കവിതയില്‍ ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഇസ്രയേലിന്റെ നിലപാടിനെ വിമര്‍ശിച്ചു. ഇറാന്റെ ആണവ പദ്ധതിയെ തകര്‍ക്കാനായി ആക്രമണം നടത്താന്‍ തങ്ങള്‍ക്കവകാശമുണ്ടെന്ന പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയ്ക്കെതിരേ ആയിരുന്നു കവിത. നെതന്യാഹു ഗ്രസിന് ഇസ്രയേലില്‍ പ്രവേശനം നിരോധിച്ചു. ജൂതസംഘടനകള്‍ ഗ്രസിനെ വിമര്‍ശിച്ചു. വീണ്ടും ഗ്രസിന്റെ നാസിഭൂതകാലത്തെപ്പറ്റിയുള്ള ചര്‍ച്ചകളിലെത്തി. ഗ്രസിന്റേതു കള്ളനിലപാടുകളായിരുന്നെന്ന വിമര്‍ശനം ഉയര്‍ന്നു.

തകരച്ചെണ്ടയെ ഇരുപതാം നൂറ്റാണ്ടിലെ അനശ്വര രചനകളിലൊന്നായാണു നൊബേല്‍ കമ്മിറ്റി വിശേഷിപ്പിച്ചത്. ഒരിക്കല്‍ തങ്ങള്‍ വിശ്വസിച്ചിരുന്നതുകൊണ്ടു മറക്കാനാഗ്രഹിക്കുന്ന നുണകളെ തുറന്നുപറഞ്ഞും സമകാലിക ചരിത്രത്തെ വിമര്‍ശന ദൃഷ്ട്യാ കണ്ടു വിസ്മരിക്കപ്പെട്ടവരെ യും തള്ളിപ്പറയേണ്ടവരെയും ഓര്‍മയിലേക്കു തിരികെ കൊണ്ടുവന്നും ആ കൃതിയില്‍ ഗ്രസ് ജര്‍മന്‍ മനഃസാക്ഷിയെ കുറ്റവിചാരണ ചെയ്തു. ഉച്ചത്തിലുള്ള ശബ്ദംകൊണ്ടു ജനാലച്ചില്ലുകള്‍ പൊട്ടിക്കുന്ന ബാലനും കര്‍ഷകസ്ത്രീയുടെ പാവാടയടുക്കുകളി ല്‍ ഒരു കുറ്റവാളി ഒളിച്ചിരിക്കുന്നതും കുതിരയുടെ വേര്‍പെട്ട ശിരസില്‍ പുഴുക്കള്‍ നുരയുന്നതും പോലുള്ള മായികചിത്രങ്ങള്‍ തകരച്ചെണ്ടയെ ഗ്രസിന്റെ മാസ്ററര്‍ പീസ് ആക്കി. ധര്‍മച്യുതി നിറഞ്ഞ ലോകത്ത് മൂന്നുവയസിനപ്പുറം വളരില്ലെന്നു വാശിപിടിക്കുന്ന ഭ്രാന്തന്‍ ഓസ്കാര്‍ മാട്സെറാത്തിന്റെ കഥയാണ് തക രച്ചെണ്ട. ആത്മകഥാംശം നിറഞ്ഞ തകരച്ചെണ്ടയുടെ തുടര്‍ക്കഥകളാണു ക്യാറ്റ് ആന്‍ഡ് മൗസ്, ഡോഗ് ഇയേഴ്സ്. ഇവ മൂന്നും ചേര്‍ത്തു ഡാന്‍സ്ക് ത്രയം എന്നാണു വിശേഷിപ്പിക്കപ്പെടുന്നത്. (ഇപ്പോള്‍ പോളണ്ടിലുള്ള ഡാന്‍സ്കിലാണു ഗ്രസ് ജനിച്ചത്). ലോക്കല്‍ അനാസ്തെറ്റിക്, ദ ഫ്ളൗണ്ടര്‍, ദ കോള്‍ ഓഫ് ദ ടോഡ് തുടങ്ങിയവയാണു മറ്റു പ്രധാന കൃതികള്‍.

സഹോദരന്മാരുടെ ഒരു യക്ഷി ക്കഥയുടെ പുനരാഖ്യാനമായ മുക്കുവനും ഭാര്യയും എന്ന കൃതിയിലൂടെ ഗ്രസ് വിശ പ്പ്, ലൈംഗിക രാഷ്ട്രീയം, നാഗരികതയുടെ ഉദയം തുടങ്ങിയ വലിയ വിഷയങ്ങള്‍ അവതരിപ്പിച്ചത് 1977 ലാണ്. 1986~ല്‍ പ്രസിദ്ധീകരിച്ച"എലിഎന്ന കൃതി ലോകാവസാന ത്തെപ്പറ്റിയുള്ള ഭാ വന അവതരിപ്പിക്കുന്നു. 2002~ല്‍ ഇറങ്ങിയ ഞണ്ടുയാത്ര (ക്രാബ് വാക്ക്) ആണ് അവസാനത്തെ നോവല്‍. ജര്‍മന്‍ യാത്രക്കപ്പലായ വില്യം ഗുസ്ട്ലോഫ് 1945~ല്‍ മുങ്ങിയതാണ് അതിലെ പ്രമേയം.

കോല്‍ക്കത്തയെ വെറുപ്പോടെ സ്നേഹിച്ച കലാകാരന്‍

കോല്‍ക്കത്ത നഗരവുമായി അടുത്ത ബന്ധം സ്ഥാപിച്ച എഴുത്തുകാരനാണു ഗുന്തര്‍ ഗ്രസിന്റെ നിര്യാണത്തിലൂടെ വിടവാങ്ങുന്നത്. എണ്‍പതുകളില്‍ ആറു മാസം അദ്ദേഹം അവിടെ ചെലവഴിച്ചു. ഒരു നീണ്ട ഉപന്യാസവും ഏതാനും ചിത്രങ്ങളുമാണു കോല്‍ക്കത്തയുടെ പ്രചോദനത്താല്‍ ഗ്രസിന്റെ തൂലികയില്‍ നിന്നു പിറന്നത്.

ചിത്രരചനയ്ക്കു പുരസ്കാരങ്ങളൊന്നും നേടിയിട്ടില്ലെങ്കിലും വാക്കുകളും ചിത്രങ്ങളും ഇഴചേര്‍ത്തു ശക്തമായ അര്‍ഥതലങ്ങളൊരുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞെന്നു വേണം പറയാന്‍. ഊരിപ്പിടിച്ച വാളുമായി അട്ടഹസിക്കുന്ന കാളി അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിരുന്നു. ഒരേസമയം കോല്‍ക്കത്തയെ സ്നേഹിക്കുകയും നഗരത്തിന്റെ അവസ്ഥയെക്കുറിച്ചു ആശങ്കപ്പെടുകയും ചെയ്തിരുന്നു അദ്ദേഹം.

നാണക്കേടാണു നഗരത്തെക്കുറിച്ചു തോന്നിയിരുന്ന പ്രധാന വികാരം. ഇതു തന്നെയാണു പുസ്തകത്തിന്റെ പേരിലും നിഴലിക്കുന്നത്. ഷോ യുവര്‍ ടംഗ് എന്ന പേരു വന്ന വഴി രസകരമാണ്. നാണക്കേടു തോന്നുമ്പോള്‍ നാക്കു നീട്ടി കാണിക്കുന്നതു ബംഗാളികളുടെ ശരീരഭാഷയില്‍ അലിഞ്ഞുചേര്‍ന്ന ഒന്നാണ്.

മധ്യവര്‍ഗത്തിന്റെയും ഭരണകര്‍ത്താക്കളായ കമ്യൂണിസ്ററ് പാര്‍ട്ടിയുടെയും ഉദാസീനത നഗരത്തെ മുരടിപ്പിച്ചതായി അദ്ദേഹത്തിനു തോന്നിയിരുന്നു. വെള്ളവും വെളിച്ചവും കടന്നുചെല്ലാത്ത കെട്ടിടങ്ങളും മാലിന്യക്കൂമ്പാരങ്ങളും തെരുവില്‍ അന്തിയുറങ്ങുന്ന കുടുംബങ്ങളുമെല്ലാം അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഇടംപിടിച്ചു. പശുക്കളും ചിതകളും സര്‍വവ്യാപിയായ ദുര്‍ഗന്ധവും എന്നിങ്ങനെ ഒന്നിനെയും ഒഴിവാക്കിയില്ല.

ചില രംഗങ്ങള്‍ ജര്‍മന്‍ എഴുത്തുകാരന്‍ ഫ്രാന്‍സ് കാഫ്കയെ ഓര്‍മപ്പെടുത്തുന്നതായിരുന്നു. റൈറ്റേഴ്സ് ബില്‍ഡിംഗില്‍ (കോല്‍ക്കത്തയിലെ സംസ്ഥാന സെക്രട്ടേറിയറ്റ്) കുന്നുകൂട്ടിയിട്ട ഫയലുകള്‍ക്കു മുന്നില്‍ അലസനായി കിടന്നുറങ്ങുന്ന ഉദ്യോഗസ്ഥന്റെയും പുറത്തു കാത്തുനിന്നു മടുക്കുന്ന ജനത്തിന്റെയും ചിത്രവും അദ്ദേഹം കോറിയിടുന്നുണ്ട്.

ജര്‍മനിക്കും ഇന്ത്യയ്ക്കുമിടയിലുള്ള വ്യത്യാസവും വിരോധാഭാസമായി അദ്ദേഹത്തിനു തോന്നിയിരുന്നു. ജര്‍മനി അതിന്റെ പതനത്തിനുശേഷം വെട്ടിമുറിക്കപ്പെട്ടുവെങ്കില്‍ ഇന്ത്യ സ്വാതന്ത്ര്യാനന്തരം അതിനു വിധേയമായി. അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞ മറ്റൊരു വ്യക്തിത്വമാണു ബംഗാളികളുടെ ഹീറോയായ നേതാജി സുഭാഷ് ചന്ദ്രബോസ്.

ഗാന്ധിജിയുടെ സഹിഷ്ണുതയിലൂന്നിയ ആശയങ്ങളെ പാടേ തള്ളുകയും ഏകാധിപത്യത്തിലാണു ഇന്ത്യയുടെ ഭാവിയെന്നു വിശ്വസിക്കുകയും ഹിറ്റ്ലറോടൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യുകയും വരെ ചെയ്ത ബോസില്‍ ഇറ്റലിയിലെ ബെനിറ്റോ മുസോളിനിയെയാണു ഗ്രസ് ദര്‍ശിച്ചത്. പുച്ഛമായിരുന്നു ബോസിനോട് അദ്ദേഹത്തിനു തോന്നിയിരുന്നതെങ്കിലും ചിതകളും മാലിന്യക്കൂമ്പാരവുമെന്നപോലെ തന്നെ പുസ്തകത്തിലെ നിറസാന്നിധ്യമായിരുന്നു നേതാജിയും.

പിന്നീട്, നീണ്ട പതിനെട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കോല്‍ക്കത്തയില്‍ മടങ്ങിയെത്തിയ അദ്ദേഹത്തെ അടുത്ത സുഹൃത്തും പെയിന്ററുമായ സുവ പ്രസന്ന ഹൃദ്യമായി സ്വീകരിക്കുകയുണ്ടായി. ഇക്കാലയളവില്‍ കോല്‍ക്കത്തയ്ക്കു വന്ന മാറ്റങ്ങള്‍ അദ്ദേഹത്തിനു കാട്ടിക്കൊടുക്കുകയായിരുന്നു സുഹൃത്തിന്റെ ലക്ഷ്യം. സിനിമാപ്രവര്‍ത്തകരും മറ്റു പ്രമുഖരും അണിനിരന്ന സദസിനു മുന്നില്‍ ഗ്രസ് വാചാലനായി.

തിരികെയെത്തിയതില്‍ അതീവസന്തോഷമുണ്ടെന്നു പറഞ്ഞ ഗ്രസ് കോല്‍ക്കത്തയുടെ തനതായ വ്യക്തിത്വത്തെ കാത്തുസൂക്ഷിക്കണമെന്ന ആഹ്വാനവും നല്‍കാന്‍ മറന്നില്ല. മണ്ണിന്റെ മണമുള്ള വ്യവസായങ്ങളും ജീവിതരീതികളും ഉണ്ടിവിടെ.

ഉപഭോക്തൃസംസ്കാരത്തിന്റെ ചുഴിയില്‍ നിപതിക്കാതെ വ്യക്തിത്വത്തെ നെഞ്ചോടു ചേര്‍ക്കണം. കലയും വ്യവസായവും സമന്വയിക്കുന്ന ഒന്നാണു ബുക്ക് ബൈന്‍ഡിംഗ്. ഇത് അടച്ചുപൂട്ടാതെ കാക്കണമെന്ന നിര്‍ദേശവും സദസിന്റെ കൈയടി നേടി.

ഗ്രസിന്റെ ജീവചരിത്രകാരനായ മാര്‍ട്ടിന്‍ കെംപ്ചെനും തദവസരത്തില്‍ സന്നിഹിതനായിരുന്നു. ഇത്തവണത്തെ സന്ദര്‍ശനം അദ്ദേഹത്തെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ടതാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് അനുഭവിച്ചറിഞ്ഞ ഈ നഗരത്തെ ഒരിക്കല്‍ക്കൂടി കാണാനും വന്നിട്ടുള്ള മാറ്റങ്ങള്‍ നേരില്‍ക്കണ്ട് ആനന്ദിക്കാനുമാണ് അദ്ദേഹം എത്തിയിരിക്കുന്നത്, എന്ന കെംപ്ചെനിന്റെ വാക്കുകളില്‍ എല്ലാം ഉള്‍ക്കൊള്ളുന്നു.

"തകരച്ചെണ്ട' നിലച്ചു; ഗുന്തര്‍ ഗ്രാസിനു വിട

വിഖ്യാത ജര്‍മന്‍ സാഹിത്യകാരനും നൊബേല്‍ ജേതാവുമായ ഗുന്തര്‍ ഗ്രാസ് (87) അന്തരിച്ചു. ലൂബെക്കിലെ ആശുപത്രിയില്‍ ഇന്നലെ രാവിലെയായിരുന്നു മരണം. ജര്‍മനിയുടെ നാസിയുഗ നിശബ്ദചരിത്രത്തിന്റെ മഷി ചാലിച്ച് നോവലും നാടകവും കവിതയും രചിച്ച ഗ്രാസ് 1959ല്‍ "ദ് ടിന്‍ ഡ്രം (തകരച്ചെണ്ട) എന്ന കൃതിയിലൂടെയാണ് ലോകപ്രശസ്തനായത്. 1999 ല്‍ നൊബേല്‍ സമ്മാനം നേടി.

നാസി ഭരണത്തിന്‍കീഴിലെ ഭീകരാന്തരീക്ഷത്തില്‍ ബാല്യം ചെലവഴിച്ച ഗ്രാസിന്റെ രചനകളുടെ മുഖമുദ്ര കടുത്ത നാസിവിമര്‍ശനമായിരുന്നു. എന്നാല്‍, 2006 ല്‍, ആത്മകഥയായ "പീലിങ് ദി ഒനിയനില്‍ സ്വന്തം നാസി ബന്ധം അദ്ദേഹം വെളിപ്പെടുത്തിയതു ലോകത്തെ നടുക്കി. ഒന്‍പതാം വയസില്‍ "ഹിറ്റ്ലര്‍ കബ്സിലും പിന്നീട് ഹിറ്റ്ലറുടെ യുവജനവിഭാഗത്തിലും ചേരേണ്ടി വന്നത് അദ്ദേഹം ആത്മകഥയില്‍ എഴുതി. ജര്‍മനിയില്‍ മാത്രമല്ല, ലോകമെങ്ങും അതു വിവാദവിഷയമായി. 2012ല്‍ ഒരു ഗദ്യകവിതയുടെ പേരില്‍ ഇസ്രയേല്‍ അദ്ദേഹത്തെ അനഭിമതനായി പ്രഖ്യാപിച്ചത് മറ്റൊരു വിവാദം. രണ്ടാം ലോകയുദ്ധത്തിനുശേഷം ജര്‍മന്‍ സംസ്കാരത്തിന്റെ തിരിച്ചുവരവിനു വഴിയൊരുക്കിയ പ്രതിഭയെന്ന നിലയിലാണ് അദ്ദേഹം എക്കാലവും ആദരിക്കപ്പെടുന്നത്. ഗ്രാസിന്റെ സാഹിത്യ സംഭാവനകള്‍ നിസ്തുലമാണ്.

പോളണ്ടിലെ തുറമുഖനഗരമായ ഡാന്‍സിഗില്‍ 1927 ഒക്ടോബര്‍ 16ന് ജനനം. ശില്‍പകലയും ചിത്രകലയും പഠിച്ച ഗ്രാസ് കല്ലാശാരി, ശില്‍പി, ഗ്രാഫിക് ആര്‍ടിസ്റ്റ്, ഖനിത്തൊഴിലാളി, നിശാക്ളബുകളിലെ ചെണ്ടക്കാരന്‍, കൃഷിക്കാരന്‍ തുടങ്ങി പല ജോലികള്‍ ചെയ്തു. നിര്‍ബന്ധിത സൈനിക സേവനവും അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം രണ്ടാംലോകമഹായുദ്ധ കാലത്ത് യുദ്ധത്തടവുകാരനുമായി.

ജന്മനാടായ ഡാന്‍സിഗിനെക്കുറിച്ചാണ് ഗ്രാസ് എഴുതിയതേറെയും. ടിന്‍ ഡ്രമും പിന്നാലെ പുറത്തിറങ്ങിയ ക്യാറ്റ് ആന്‍ഡ് മൗസ്, ഡോഗ് ഇയേഴ്സ് എന്നിവയുമുള്‍പ്പെട്ട "ഡാന്‍സിഗ് നോവല്‍ത്രയം മാത്രം മതി ഈ എഴുത്തുകാരനെ അനശ്വരനാക്കാന്‍. ഇന്ത്യയുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം എണ്‍പതുകളില്‍ കൊല്‍ക്കത്തയില്‍ ഒരു വര്‍ഷത്തോളം ചെലവഴിച്ചു. കേരളത്തില്‍ കൊച്ചിയിലെത്തിയ അദ്ദേഹം മഹാരാജാസ് കോളജില്‍ പ്രസംഗിക്കുകയും ചെയ്തു.

ഇല്ലാസഞ്ചാരങ്ങളുടെ ഭാവനായാത്രികന്‍

കുട്ടിക്കാലത്തു താന്‍ നുണകളുടെ രാജകുമാരനായിരുന്നെന്ന് ഗുന്തര്‍ ഗ്രാസ് കാല്‍ നൂറ്റാണ്ടു മുന്‍പൊരു അഭിമുഖത്തില്‍ തമാശയായി പറഞ്ഞിരുന്നു. ഗ്രാസിന്റെ അമ്മയ്ക്ക് ആ നിറം പിടിപ്പിച്ച നുണകള്‍ അത്രമേല്‍ ഇഷ്ടമായിരുന്നു. ഒരിക്കലും നടത്തിയിട്ടില്ലാത്ത യാത്രകളെപ്പറ്റി പ്രിയപ്പെട്ട മകന്‍ പ്രായത്തെ വെല്ലുന്ന മനോഹര കഥകള്‍ മെനഞ്ഞപ്പോള്‍ ആ അമ്മ അവനെ വാല്‍സല്യത്തോടെ വിളിച്ചു~ "പിയര്‍ ഗിന്‍ജ്! നോര്‍വീജിയന്‍ നാടകകൃത്ത് ഹെന്റിക് ഇബ്സന്റെ ലോകസഞ്ചാരിയായ കഥാപാത്രം.

പില്‍ക്കാലത്ത് എഴുത്തുകാരനായി പേരെടുത്തപ്പോള്‍ ഗ്രാസ് ക്രൂശിക്കപ്പെട്ടതും ഇതേ നുണ പറച്ചിലിനാണ്. നുണ പറഞ്ഞെന്നതിലുപരി സത്യം മറച്ചുവച്ചു എന്ന കാരണത്തിന്. ബോധമുദിക്കാത്ത കൗമാരത്തില്‍ താന്‍ നാത്സിപ്പടയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി ഇറങ്ങിയ ഗ്രാസിന്റെ ആത്മകഥ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് വെള്ളിടിയായി. ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ വാഫന്‍ എസ്എസ് എന്ന നാസിപ്പടയിലെ മുന്‍ പോരാളിയുടെ ധാര്‍മികമായ പ്രതിജ്ഞാബദ്ധത ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയത് അന്നു മുതലാണ്. തന്റെ ഇരുണ്ട ഭൂതകാലത്തിലേക്കു നോക്കി കുറ്റബോധം കൊണ്ടു വീര്‍പ്പു മുട്ടിയ ഗ്രാസ് ആ കുമ്പസാരത്തിലൂടെ ഒരു വലിയ ഭാരം മനസില്‍നിന്നു പറിച്ചെടുത്ത് കശക്കിയെറിയുകയായിരുന്നു.

രണ്ടാം ലോകയുദ്ധത്തില്‍ ജര്‍മന്‍ സേനയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ സൈന്യം തടവുകാരനാക്കിയെന്നും മാത്രം പറഞ്ഞ്, ഗ്രാസ് പറയാതെ വിട്ട അപ്രിയസത്യങ്ങള്‍ ഒരു പക്ഷേ ആ രചനാവൈഭവത്തിന്റെ കന്മതിലില്‍ തട്ടി തകര്‍ന്നേക്കാം. കാരണം, യുദ്ധാനന്തര ജര്‍മന്‍ മനഃസാക്ഷിയുടെ തീവ്രാനുഭവങ്ങള്‍ ഇത്രയേറെ സുന്ദരമായും പരുഷമായും എഴുതിഫലിപ്പിച്ച എഴുത്തുകാര്‍ വേറെയില്ല.
തന്റെ ചുറ്റുമുള്ള തീക്ഷ്ണദുഃഖങ്ങളോടു തകരച്ചെണ്ട കൊട്ടി കലഹിച്ച്, മൂന്നു വയസ്സിനുമേല്‍ വളരില്ല എന്നു തീരുമാനിച്ച ഓസ്കര്‍ മാറ്റ്സേരത്തിനെ "ടിന്‍ ഡ്രമില്‍ വായിച്ചനുഭവിച്ചവര്‍ അതിന്റെ ആഘാതത്തില്‍നിന്ന് പിന്നീടൊരിക്കലും പുറത്തുവന്നില്ല. പിളര്‍ന്ന ജര്‍മനികളുടെ ഉച്ചത്തിലുള്ള നിലവിളികള്‍ മതിലുകളെല്ലാം ഭേദിച്ച് ലോകമെങ്ങും മുഴങ്ങി.

പശ്ചിമ ജര്‍മനിയുടെ ആദ്യത്തെ സോഷ്യല്‍ ഡെമോക്രാറ്റിക് ചാന്‍സലറായിരുന്ന വില്ലി ബ്രാന്‍ഡ്റ്റിന്റെ മുഖ്യ പ്രസംഗമെഴുത്തുകാരനായിരുന്നു ഗുന്തര്‍ ഗ്രാസ്. ഈ ഇടതുസഹയാത്രികന്റെ രാഷ്ട്രീയജീവിതവും വിവാദകലുഷിതം. ജര്‍മനിയുടെ ഏകീകരണവുമായി ബന്ധപ്പെട്ട ഗ്രാസിന്റെ നിലപാടുകള്‍ വന്‍കൊടുങ്കാറ്റുയര്‍ത്തിയിട്ടുണ്ട്. ബാലെ നര്‍ത്തകി അന്ന ഷ്വാസായിരുന്നു ഗ്രാസിന്റെ ആദ്യഭാര്യ. പിന്നീട് യൂറ്റ് ഗ്രൂനേര്‍റ്റിനെ വിവാഹം ചെയ്തു.
- dated 13 Apr 2015


Comments:
Keywords: Germany - Arts-Literature - gunther_grass Germany - Arts-Literature - gunther_grass,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us