
പല സ്കൂളുകളിലും ആവശ്യത്തിന് അധ്യാപകരില്ല എന്നത് ജര്‍മനിയില്‍ ഒരു യാഥാര്‍ഥ്യമാണ്. ഇതിനൊപ്പം വിഭവശേഷിയുടെയും സൗകര്യങ്ങളുടെയും കുറവും രാജ്യത്തെ വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
പങ്കാളിത്തം എന്നാണ് മിറ്റാര്‍ബീറ്റ് എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം. 1950കള്‍ മുതല്‍ ജര്‍മന്‍ സ്കൂളുകള്‍ പിന്തുടരുന്ന രീതിയാണിത്. ഏകാധിപത്യ പ്രവണഥകള്‍ ഉന്മൂലനം ചെയ്യാനും വിദ്യാര്‍ഥികളില്‍ ജനാധിപത്യബോധം വര്‍ധിപ്പിക്കാനുമൊക്കെ ഉപകരിക്കുമെന്ന ബോധ്യത്തില്‍ ആരംഭിച്ച പദ്ധതി.
എന്നാല്‍, 1970കള്‍ മുതലാണ് ഇത് മൂല്യനിര്‍ണയത്തില്‍ സുപ്രധാന ഘടകമായി മാറിയത്. പങ്കാളിത്തത്തിന്റെ ഉത്തരവാദിത്വം അടിസ്ഥാനപമാരിയ അധ്യാപകരില്‍നിന്നു മാറി വിദ്യാര്‍ഥികളിലേക്ക് എത്തിച്ചേരുകയായിരുന്നു. നിലവില്‍ വിദ്യാര്‍ഥിയുടെ ഗ്രേഡിങ്ങില്‍ 30 ശതമാനം മുതല്‍ 50 ശതമാനം വരെ മിറ്റാര്‍ബീറ്റിനെ ആശ്രയിച്ചിരിക്കുന്നു.
സാധാരണ പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് 1 നേടുന്ന കുട്ടികള്‍ക്കു പോലും മിറ്റാര്‍ബീറ്റില്‍ ഗ്രേഡ് 4 ആയിരിക്കും ചിലപ്പോള്‍ കിട്ടുക. ഇതോടെ കുട്ടിയെ ഓവറോള്‍ ഗ്രേഡ് 3 ആയി മാറുന്നു. കുട്ടികളുടെയെല്ലാം പേരെഴുതിയ ഒരു ചാര്‍ട്ട് ടീച്ചറുടെ മേശയിലുണ്ടാകും. ടീച്ചര്‍ ചോദ്യം ചോദിക്കുന്നു, ഉത്തരമറിയുന്ന കുട്ടികള്‍ കൈപൊക്കുന്നു, അതിലൊരാള്‍ക്ക് ടീച്ചര്‍ അവസരം നല്‍കുന്നു. ഈ ഒരാള്‍ക്കു മാത്രം മിറ്റാര്‍ബീറ്റ് പോയിന്റും കിട്ടുന്നു.
ഇത്തരത്തില്‍ ക്ളാസിന്റെ മുന്‍നിരയില്‍ ഇരിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ പോയിന്റ് കിട്ടിയേക്കും. ഒപ്പം, ജര്‍മനിക്കാര്‍ അല്ലാത്ത കുട്ടികള്‍ തീര്‍ത്തും അവഗണിക്കപ്പെടാനും സാധ്യത വര്‍ധിക്കുന്നു. ചോദ്യം ചോദിക്കലും ഉത്തരം പറയും ഒരു ഉദാഹരണം മാത്രമാണ്. കുട്ടികള്‍ പിന്‍നിരയില്‍ ഇരിക്കുന്നതു പോലും ചിലപ്പോള്‍ കുറഞ്ഞ പങ്കാളിത്തമായി കണക്കാക്കി പോയിന്റ് കുറയ്ക്കാന്‍ ഇടയാക്കുന്നുണ്ടെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
കുടിയേറ്റക്കാരുടെ കുട്ടികള്‍ എത്ര നന്നായി പഠിക്കുന്നവരായാലും എത്ര കഠിനാധ്വാനികളായാലും പങ്കാളിത്ത പരിപാടികളില്‍ മുന്നോട്ടു കയറി ശ്രദ്ധ പിടിച്ചുപറ്റാന്‍ മാത്രം ആത്മവിശ്വാസം കാണിക്കണമെന്നില്ല. ഇങ്ങനെയുള്ള കുട്ടികള്‍ക്ക് എഴുത്തു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കിട്ടുമ്പോഴും മിറ്റാര്‍ബീറ്റ് പോയിന്റ് കുറയുന്നതു കാരണം ഗ്രേഡിങ് കുത്തനെ കുറയുകയാണ് ചെയ്യുന്നത്.

Comments: