Advertisements
|
എ എഫ് ഡി മുന്നേറ്റം വിദേശികള്‍ക്കു തിരിച്ചടിയാകും
ജോസ് കുമ്പിളുവേലില്‍
പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജര്‍മനിയില്‍ അഭിപ്രായ വോട്ടെടുപ്പുകളും പുരോഗമിക്കുകയാണ്. ജര്‍മനിയില്‍ താമസിക്കുന്ന വിദേശികളെ സംബന്ധിച്ച് അപകടകരമായൊരു പ്രവണതയാണ് അഭിപ്രായ സര്‍വേകളില്‍ പ്രകടമാകുന്നത്. തീവ്ര വലതുപക്ഷ പ്രസ്ഥാനമായ എ എഫ് ഡി ജര്‍മന്‍ തെരഞ്ഞെടുപ്പില്‍ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് സര്‍വേകളിലെ പ്രവചനം.
പ്രധാന മുഖ്യധാരാ പ്രസ്ഥാനങ്ങളായ കണ്‍സര്‍വേറ്റീവുകളും സോഷ്യല്‍ ഡെമോക്രാറ്റുകളും എ എഫ് ഡിയുമായി ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പ് ധാരണ്ക്കും തയാറാകില്ല എന്നുറപ്പാണ്. അതിനാല്‍, ഒരു തവണത്തേക്കു കൂടി അവരെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ സാധിച്ചേക്കും. എന്നാല്‍, ഈ നില തുടര്‍ന്നാല്‍, അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും എ എഫ് ഡി സര്‍ക്കാരിന്റെ ഭാഗമാകാന്‍ സാധ്യത ഏറെയാണ്.
നിലവില്‍ ജര്‍മനിയില്‍ ഇരുപതു ശതമാനം വോട്ടര്‍മാരുടെ പിന്തുണ എ എഫ് ഡിക്കുണ്ടെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരി 23നാണ് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ ജനപിന്തുണ കൂടുതലുള്ളതായി കാണുന്നത് ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന സി ഡി യുവിനാണ്. പക്ഷേ, എ എഫ് ഡിയെ അപേക്ഷിച്ച് 9 പോയിന്റ് മാത്രമാണ് അവര്‍ക്ക് കൂടുതലുള്ളത്.
ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ എസ് പി ഡിയെയും, കൂടാതെ ഗ്രീന്‍ പാര്‍ട്ടിയെയും അപേക്ഷിച്ച് വ്യക്തമായ മുന്‍തൂക്കം എ എഫ് ഡിക്ക് ഇപ്പോഴുണ്ട്. ഈ പിന്തുണ വോട്ടായും പാര്‍ലമെന്റിലെ സീറ്റുകളായും മാറിയാല്‍, അധികാരത്തിലെത്തിയില്ലെങ്കില്‍ പോലും രാജ്യത്തിന്റെ കുടിയേറ്റ നയത്തില്‍ വ്യക്തമായ സ്വാധീനം ചെലുത്താന്‍ എ എഫ് ഡിക്കു സാധിക്കും.
അഭയാര്‍ഥികളോടും കുടിയേറ്റക്കാരോടും മതന്യൂനപക്ഷങ്ങളോടുമുള്ള സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടില്‍ തന്നെ മാറ്റം വരാം. റെമിഗ്രേഷന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് എ എഫ് ഡി ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നതു തന്നെ. കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും അവരുടെ നാടുകളിലേക്ക് തിരിച്ചയയ്ക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജര്‍മനിയില്‍ ജനിച്ചു വളര്‍ന്നവരോ, ജര്‍മന്‍ പൗരത്വം നേടിയവരോ ആണെങ്കില്‍ പോലും, വിദേശത്ത് വേരുകളുള്ളവരെ യൂറോപ്യന്‍ വംശീയതയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നാണ് എ എഫ് ഡിയുടെ നിലപാട്.
ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ നേതാവ് മരീന്‍ ലെ പെന്നിനു പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്ര തീവ്രമായ നിലപാടുകളാണ് എ എഫ് ഡി സ്വീകരിച്ചുവരുന്നത്. ഇക്കാരണത്താല്‍ അവരെ യൂറോപ്യന്‍ പാര്‍ലമെന്റിലെ തന്റെ ബ്ളോക്കില്‍നിന്ന് മരീന്‍ പുറത്താക്കുക വരെ ചെയ്തിരുന്നു.
നാസി മുദ്രാവാക്യങ്ങള്‍ ഉപയോഗിച്ചതിന്, തുരുംഗിയയിലെ എ എഫ് ഡി നേതാവ് ബ്യോണ്‍ ഹോക്കെയ്ക്ക് ഇതിനകം രണ്ടു വട്ടം പിഴ ചുമത്തിക്കഴിഞ്ഞു.
യുക്രെയ്നെ ജര്‍മനി പിന്തുണയ്ക്കരുതെന്നു മാത്രമല്ല, ജര്‍മനി നാറ്റോ സഖ്യത്തില്‍ നിന്നു പിന്‍മാറണമെന്നു പോലും ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് എ എഫ് ഡി.
ഇവരോട് തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ മുഖ്യധാരാ പാര്‍ട്ടികളൊന്നും തയാറല്ല എന്നത് വസ്തുത തന്നെയാണ്. എന്നാല്‍, ഇവരുടെ വര്‍ധിച്ചു വരുന്ന സ്വാധീനം കണക്കിലെടുത്ത് സ്വന്തം നയങ്ങളില്‍ മാറ്റം വരുത്താന്‍ പരമ്പരാഗത പാര്‍ട്ടികള്‍ നിര്‍ബന്ധിതമാകും. കുടിയേറ്റക്കാരോടും അഭയാര്‍ഥികളോടും ജര്‍മന്‍ സര്‍ക്കാര്‍ സ്വീകരിച്ച ഉദാര നയസമീപനമാണ് എ എഫ് ഡിക്ക് വളമായതെന്ന് വ്യക്തമാണ്. ഇതിനെക്കുറിച്ചു നടത്തിയ വിദ്വേഷ പ്രചരണങ്ങളാണ് ഇപ്പോഴവര്‍ക്ക് ജനപിന്തുണയായി മാറിയിരിക്കുന്നത്. ഇതു കണക്കിലെടുത്ത് സ്വന്തം നയങ്ങളില്‍ മാറ്റം വരുത്തണമെന്നും അങ്ങനെ എ എഫ് ഡിയുടെ വളര്‍ച്ച തടയണമെന്നും മുഖ്യധാരാ പാര്‍ട്ടികള്‍ക്കുള്ളില്‍ ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. അതുകൊണ്ടു തന്നെ എ എഫ് ഡി അടുത്ത തെരഞ്ഞെടുപ്പില്‍ വ്യക്തമായ മുന്നേറ്റം നടത്തിയാല്‍, പരോക്ഷമായി അവരുടെ നയങ്ങളെ ഭാഗികമായെങ്കിലും സ്വീകരിക്കുന്ന നിലപാടുകളിലേക്ക് മറ്റു പാര്‍ട്ടികളും മാറും. സ്വാഭാവികമായും അത് ജര്‍മനിയിലെ വിദേശികളെ തന്നെയായിരിക്കും ഏറ്റവും മോശമായി ബാധിക്കുക.
|
|
- dated 24 Jan 2025
|
|
Comments:
Keywords: Germany - Samakaalikam - afd_threat_to_migrants_in_germany Germany - Samakaalikam - afd_threat_to_migrants_in_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|