Today: 16 May 2021 GMT   Tell Your Friend
Advertisements
സിംഗും രാംദേവും പിന്നെ ... 'രാംലീലാ' വിലാസങ്ങളും
Photo #1 - India - Samakaalikam - singandramdev

ഡല്‍ഹി കുറിപ്പ്

അതേ .. പറഞ്ഞിട്ടു കാര്യമില്ല. മടിശ്ശീലയില്‍ കനമുള്ളവന്‍ വഴിയാത്രയില്‍ പേടിക്കും. ഒരിലയനങ്ങിയാല്‍ മതി ഉള്‍ക്കിടിലം ഉണ്ടാകാന്‍. കേന്ദ്രത്തിലെ മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ അവസ്ഥയും ഏറക്കുറെ ഇങ്ങനെയെന്ന് ഇപ്പോള്‍ വ്യക്തമായി.

വഴിവിട്ട പലതും നടന്നു. ഇപ്പോഴതിന്റെ വിലയൊടുക്കുകയാണ് സര്‍ക്കാര്‍. 2ജി സ്-പെക്ട്രം തുടര്‍ച്ചകള്‍ ദയാനിധി മാരന്റെയും മറ്റും വേഷത്തില്‍ സര്‍ക്കാരിനെ വേട്ടയാടുകയാണ്. ജനങ്ങള്‍ പലതും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനിടയിലാണ് ഖാദിയുടെയും കാവിയുടെയും മറപറ്റി ജനങ്ങള്‍ തെരുവില്‍ കൂട്ടംകൂടിയേക്കുമെന്ന ശങ്ക. ഖാദിക്കൂട്ടത്തെ വലിയ കുഴപ്പം കൂടാതെ നേരത്തേ പിരിച്ചയച്ചതാണ്. ജനകീയ ലോക്പാല്‍ ആയിരുന്നു അവരുടെ ആവശ്യം. അതിനെ ഏതൊക്കെ നിലക്ക് അട്ടിമറിക്കാന്‍ കഴിയും എന്നായിരുന്നു തുടര്‍ന്നുള്ള ആലോചന.

അതിനിടയിലാണ് യോഗാചാര്യന്റെ നേതൃത്വത്തില്‍ കാവിക്കൂട്ടത്തിന്റെ രാംലീലാ രംഗപ്രവേശം.

ആദ്യഘട്ടം അനുനയത്തിന്റേതായിരുന്നു. ഉറക്കത്തില്‍ തിഹാര്‍ ജയിലും അധികാര നഷ്ടവും സ്വപ്-നം കാണുന്ന മന്ത്രിമാര്‍ ആരുമായും എവിടെ വെച്ചും ചര്‍ച്ച നടത്താന്‍ ഒരുങ്ങി പുറപ്പെടുന്നതില്‍ കുറ്റംപറഞ്ഞിട്ടു കാര്യമില്ല.

ജനാധിപത്യാനുരാഗംകൊണ്ടല്ല ഇതൊന്നും. അനുരഞ്ജന മന്ത്രം എന്നത് ഒരുതരം അഡ്ജസ്ററ്-മെന്റ് രാഷ്ട്രീയം മാത്രമാണിപ്പോള്‍ സര്‍ക്കാരിന്.

സത്യത്തില്‍ ആരാണ് ബാബാ രാംദേവ് ?

ആള്‍ദൈവ പരിവേഷമുള്ള ഒരു യോഗ ഗുരു. ശ്രീശ്രീ രവിശങ്കറുടെ കുറേക്കൂടി വികസിച്ച ഇന്ത്യന്‍ പതിപ്പ്. വിദേശ രാജ്യങ്ങളില്‍ വരെ സ്വാധീനം. ആയിരം കോടി രൂപ വിറ്റുവരവുള്ള വലിയൊരു വ്യാപാര ശൃംഖലയുടെ അധിപന്‍. അവിഹിതമായി കോടികളുടെ ആസ്തിയുള്ള കാവിധാരി. പുതിയ കാലത്ത് യോഗയും അഭ്യാസവും മെയ്-വഴക്കവും പാട്ടുകച്ചേരിയും ശ്വാസനിയന്ത്രണ വിദ്യകളുമൊക്കെയാണ് ഫാഷന്‍. ശാസ്ത്ര സാങ്കേതിക സൗകര്യങ്ങള്‍ പെരുകുമ്പോഴും മേലനങ്ങാതെ വന്നു ചേരുന്ന സമ്പത്തുണ്ട്്. അതു ചെലവിടാന്‍ ഒരു വിഭാഗത്തിന് മടിക്കേണ്ടതില്ല.

ആള്‍ദൈവങ്ങളും ആത്മീയ കേന്ദ്രങ്ങളും തളിര്‍ക്കുന്നത് ഈ പണം കൊണ്ടാണ്. 'വാസ്തു'വും അന്ധവിശ്വാസങ്ങളും പുതിയ ബ്രാന്‍ഡ് ഇമേജോടെയാണ് അവതരിക്കുന്നത്. നഗരങ്ങളില്‍ കൂട്ടയോട്ടവും മാരത്തണ്‍ നടത്തവും മെഴുകുതിരി അര്‍ച്ചനയും നടത്തിയാണ് മധ്യവര്‍ഗ വരേണ്യത സായുജ്യം കൊള്ളുന്നതും. ഉള്ളുറപ്പുള്ള നിലപാടുകളോ സാമൂഹിക പ്രതിബദ്ധതയോ ഒന്നും ഇതിനാവശ്യമില്ല. മാധ്യമ പ്രളയമുള്ളതിനാല്‍ ചുളുവില്‍ നല്ല കവറേജും കിട്ടും.

ഉപവാസം എന്നത് വലിയൊരു രാഷ്ട്രീയ സമരായുധമായിരുന്നു ഇന്നലെകളില്‍. ഗാന്ധിജി അതിന്റെ മൂര്‍ച്ച എത്രയെന്ന് തെളിയിച്ചു തന്നതുമാണ്. ഇവിടെയും ഇരട്ടത്താപ്പ് കാണാം. ആയിരങ്ങളെ ബാധിക്കുന്ന ജീവല്‍പ്രശ്-നങ്ങളുയര്‍ത്തി മേധാ പട്കര്‍ വഴിയോരത്ത് ദിവസങ്ങള്‍ നിരാഹാരം കിടന്നിട്ടും തിരിഞ്ഞു നോക്കാന്‍ അധികമാരെയും കണ്ടില്ല. ഒരൊറ്റ മന്ത്രിയും ചെന്നു നോക്കിയില്ല. എന്നാല്‍, രാംലീലാ മൈതാനിയിലെ ഹൈടെക് കാവി ഉത്സവം അവസാനിച്ചു കിട്ടാന്‍ എത്രവട്ടം ചര്‍ച്ചചെയ്യാനും തയാറാണെന്ന് പറഞ്ഞ ഒരു സര്‍ക്കാറിനെയാണ് ആദ്യഘട്ടത്തില്‍ കണ്ടത്.

ജനാധിപത്യ സമൂഹത്തില്‍ അനുരഞ്ജന ചര്‍ച്ചകള്‍ ആവശ്യം തന്നെ. തോക്കേന്തിയ തീവ്രവാദി വിഭാഗങ്ങളുമായി പോലും ചര്‍ച്ചയുടെ വഴി തേടുന്നതില്‍ അപാകതയില്ല. എന്നാല്‍, വിദേശ രാജ്യങ്ങളില്‍നിന്നുള്ള രാഷ്ട്ര തലവന്മാര്‍ക്കു പോലും നല്‍കാത്ത വിധം മുന്തിയ പരിഗണന ബാബാ രാംദേവിനു ഭരണകൂടം നല്‍കിയിരുന്നു. നാല് കാബിനറ്റ് മന്ത്രിമാരാണ് പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ രാംദേവിനെ എയര്‍പോര്‍ട്ടില്‍ കാത്തു കെട്ടി കിടന്നു സ്വീകരിച്ചത്. മന്‍മോഹന്‍ സിങ്ങിനെ പറഞ്ഞിട്ടു കാര്യമില്ല. ഇന്ദിര ഗാന്ധിയുടെ യോഗ ഗുരുവായിരുന്നു ധിരേന്ദ്ര ബ്രപ്മചാരി. ആ അടുപ്പത്തിലൂടെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ സന്ന്യാസി സ്വന്തമാക്കിയ ഭൂമിക്കും ആസ്തിക്കും കണക്കില്ല. ദേവ്-രഹ ബാബയുടെ പാദപൂജയില്‍ സായുജ്യം കണ്ടെത്തുകയായിരുന്നല്ലോ രാജീവ് ഗാന്ധിയും. തര്‍ക്കസ്ഥലത്ത് ശിലാന്യാസത്തിന് അനുമതി നല്‍കിയതും പള്ളി പൊളിക്കാന്‍ ഒത്താശ ചെയ്തതും ഇന്ത്യ കണ്ട ഏറ്റവും അപകടകരവും അശ്ളീലതയും നിറഞ്ഞതുമായ മറ്റൊരു അനുരഞ്ജനമായിരുന്നല്ലോ.

ബഹുസ്വര ഇന്ത്യയിലെ മത, ജാതി മുദ്രകളോട് ചേര്‍ന്നു നില്‍ക്കുന്നത് രാഷ്ട്രീയ നിലനില്‍പിന് ആവശ്യമായിരിക്കാം. എന്നാല്‍, സമീപകാലത്ത് ആള്‍ദൈവങ്ങള്‍ കൈവരിച്ച സംഘടിത സ്വഭാവം അപായകരമായ പല അജണ്ടകളുടെയും മറയാണെന്ന് കണ്ടെത്താന്‍ ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പരതേണ്ടതില്ല.

രാജ്യത്തിനകത്തും പുറത്തും വിപുലമായ ശൃംഖലകള്‍. എണ്ണമറ്റ സ്ഥാപനങ്ങളും കോര്‍പറേറ്റ് സംവിധാനങ്ങളും. രാഷ്ട്രീയ ശക്തി സംഭരിക്കാനുള്ള ഒളിയജണ്ഢകള്‍ -ഇതൊന്നും പുതിയ വിവരമല്ല. യോഗ പരിശീലിക്കാന്‍ എന്നുപറഞ്ഞ് ബുക്ക് ചെയ്ത രാംലീലാ മൈതാനം രാഷ്ട്രീയവേദിയാക്കി മാറ്റിയെന്നാണ് രാംദേവിനെതിരായ പ്രധാന കുറ്റം. ആര്‍.എസ്.എസ് ഉള്‍പ്പെടെ സംഘ് ശക്തികളുടെ വ്യക്തമായ പിന്തുണയോടെ അരങ്ങേറുന്ന ഉപവാസ പ്രക്ഷോഭമാണിതെന്ന് മാസങ്ങള്‍ക്കു മുമ്പെ വ്യക്തമായിരുന്നു. കൊണ്ടുപിടിച്ച പ്രചാരണമാണ് നടന്നത്. വലതുപക്ഷ മൂവ്-മെന്റിന്റെ ഗുണഫലത്തില്‍ ഒരു പങ്ക് തങ്ങള്‍ക്കും കിട്ടുമോ എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യനോട്ടം. ഉത്തര്‍പ്രദേശില്‍ മാത്രമല്ല ഉത്തരഖണ്ഡിലും പഞ്ചാബിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നു. യു.പിയിലെ ഭൂപ്രശ്-നത്തില്‍ എടുത്തുചാടി രാഹുല്‍ ഗാന്ധി രാഷ്ട്രീയ ഭൂമിക സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, താഴേതട്ടിലെ മാറുന്ന വികാരം തിരിച്ചറിഞ്ഞ മായാവതി തിരിച്ചടിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന് ഉയര്‍ന്ന നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്ന പുതിയ നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന്റെ ചീട്ട് കീറി. ഒടുവില്‍ സംഗതി കൈവിടുമെന്നു കണ്ടതോടെയാണ് ചര്‍ച്ച മാറ്റി പൊലീസിനെ വിട്ട് രാംദേവിനെ പൊക്കിയതും പ്രക്ഷോഭകാരികളെ ഒഴിപ്പിച്ചതും. ജനായത്ത എതിര്‍പ്പുകളെ പോലും ഭരണകൂട ഭീകരതയിലൂടെ സര്‍ക്കാര്‍ അമര്‍ച്ച ചെയ്യുന്നുവെന്ന തോന്നലാണ് രാംലീലാ പൊലീസ് നടപടിയിലൂടെ ഉണ്ഢായത്. എളുപ്പം തടിയൂരാന്‍ കഴിയാത്ത ഈ അവസ്ഥ സൃഷ്ടിച്ചതിന്റെ ബാധ്യത സര്‍ക്കാരിനു തന്നെ.

അഴിമതി സര്‍ക്കാറിന്റെ ദൗര്‍ബല്യം തന്നെയാണ് ഇവിടെ യഥാര്‍ഥ വില്ലന്‍. രാംദേവാദികള്‍ അതാണ് മുതലെടുക്കാന്‍ ശ്രമിച്ചതും. എന്തൊക്കെ പറഞ്ഞാലും ജനകീയ ലോക്പാല്‍ എന്ന കൃത്യലക്ഷ്യത്തില്‍ ഊന്നിയിരുന്നു അണ്ണാ ഹസാരെ. തനിക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലുമില്ലെന്ന് അദ്ദേഹം പരസ്യപ്പെടുത്തുകയും ചെയ്തു. ഗാന്ധിയന്‍ രീതിയോട് കുറച്ചൊക്കെ ചേര്‍ന്നു നില്‍ക്കാനും ഹസാരെ ശ്രമിച്ചു.

എന്നാല്‍, ഖാദിയില്‍നിന്ന് കാവിയിലെത്തുമ്പോള്‍ ഇതൊന്നും പൊടിക്കുപോലും കണ്ടില്ല. കോടികളുടെ ആസ്തിയും ബിസിനസ് സാമ്രാജ്യവും യോഗ കേന്ദ്രങ്ങളും അനുയായി വൃന്ദവും ചേര്‍ന്ന് ദല്‍ഹി രാംലീലാ മൈതാനിയിലെ ഹൈടെക് ഉപവാസം സ്-പോണ്‍സര്‍ ചെയ്തത് മറ്റു പലരുമായിരുന്നു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും അറിയാതെയാകില്ല മന്ത്രിമാര്‍ രാംദേവിനു മുന്നില്‍ ഏത്തമിടാന്‍ പോയത്. അവരറിയാതെ രാംലീലയിലെ പൊലീസ് ഇടപെടലും സാധ്യമല്ല. ആറു മണിക്കൂര്‍ നേരമായിരുന്നു രാംദേവുമായി വെള്ളിയാഴ്ച ചര്‍ച്ച. അപ്പോഴൊന്നും രാംദേവ് കപട നാട്യക്കാരന്‍ ആണെന്ന് സര്‍ക്കാരിന് അറിയുമായിരുന്നില്ലേ? ഉന്നയിച്ച പല വിഷയങ്ങളിലും ഉറപ്പു നല്‍കിയ സര്‍ക്കാറിന് ജനകീയ പ്രക്ഷോഭങ്ങളിലേക്ക് കാര്യങ്ങള്‍ വഴിമാറരുതെന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ.

തെരുവു ബ്ളാക്-മെയിലിനു സര്‍ക്കാര്‍ വഴങ്ങരുതെന്ന സ്വരം കോണ്‍ഗ്രസിനുള്ളില്‍ തന്നെ ശക്തമാണ്. അതല്ല ഇവിടെ പ്രശ്-നം. സുപ്രധാന നയങ്ങളും നിയമ നിര്‍മാണങ്ങളും ചര്‍ച്ച ചെയ്യേണ്ഢ പാര്‍ലമെന്റ് സംവിധാനത്തെ നോക്കുകുത്തിയാക്കാന്‍ മത്സരിക്കുന്ന ഒരു ഭരണകൂടമാണ് സുപ്രധാന വിഷയങ്ങളില്‍ രാംദേവുമായി മണിക്കൂറുകള്‍ ചര്‍ച്ച നടത്തിയതും ഉറപ്പുകള്‍ നല്‍കിയതും. ആദ്യം രാംദേവുമായി സര്‍ക്കാര്‍ ഒത്തുകളിച്ചു. ഒടുവില്‍ അനുനയം പാളിയപ്പോള്‍ കൈയൂക്കിന്റെ രാഷ്ട്രീയം പുറത്തെടുത്തു. അത്രയേ ഉള്ളൂ.

'സര്‍ക്കാര്‍ ഞങ്ങളെ തടഞ്ഞു നോക്കട്ടെ. അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല' -ധാര്‍ഷ്ട്യം കലര്‍ന്ന സ്വരത്തിലായിരുന്നു രാംദേവിന്റെ ആദ്യ മുന്നറിയിപ്പ്.

കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘ് ആവിഷ്-കരിച്ച പ്രക്ഷോഭമാണിതെന്ന് കോണ്‍ഗ്രസില്‍ തുടക്കം മുതല്‍ക്കെ ബോധ്യപ്പെട്ടത് ഒരാള്‍ക്കു മാത്രം. ദിഗ്-വിജയ് സിങ്ങിന്. ആരെയും കൂസാതെ സിങ് അത് തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു. 'അയാള്‍ ഒരു ബിസിനസുകാരന്‍. സന്ന്യാസിയെന്ന് അയാളെ വിളിക്കരുത്. എല്ലാം ത്യജിക്കുന്നവനാണ് സന്ന്യാസി. ഇവിടെ എല്ലാം വെട്ടിപ്പിടിക്കുന്ന ഒരാളെയല്ലേ നാം കാണുന്നത്.'

അനുരഞ്ജനം എന്ന മറക്കു പിന്നില്‍ അശ്ളീല വിധേയത്വമായിരുന്നു നടന്നത്. ഉപവാസത്തിന് ലക്ഷങ്ങളും കോടികളും സംഭാവന ചെയ്യുമ്പോള്‍ അതിന്റെ സ്രോതസ്സ് കണ്ടെത്താനെങ്കിലും സര്‍ക്കാറിന് കഴിയേണ്ടതല്ലേ? അയോധ്യാ മൂവ്-മെന്റിന്റെ പേരില്‍ പിരിച്ചെടുത്ത കോടികളുടെ ഉറവിടം കണ്ടെത്താന്‍ കേന്ദ്രം ശ്രമിച്ചിരുന്നില്ല. ബാബരി മസ്ജിദ് ധ്വംസനത്തിലെ മുഖ്യപ്രതികളിലൊരാളായ സാധ്വി ഋതംബരയുടെ സാന്നിധ്യം കൂടിയായതോടെയാണ് രാംദേവ് ഉപവാസത്തിന്റെ രാഷ്ട്രീയവര്‍ണം വ്യക്തമായത്.

പതാഞ്ജലി യോഗ പീഠത്തിനു വേണ്ടി ഹരിദ്വാറില്‍ രാംദേവ് ഏറ്റെടുത്ത ഭൂമി പോലും വിവാദത്തിലാണ്. സ്വന്തം നാട്ടില്‍തന്നെ ആളുകള്‍ സംശയത്തോടെ വീക്ഷിക്കുന്ന രാംദേവിന് അനര്‍ഹമായ മൈലേജ് നേടിക്കൊടുക്കുകയായിരുന്നു സര്‍ക്കാര്‍. ജനാധിപത്യ പ്രക്ഷോഭങ്ങളെ അമര്‍ച്ച ചെയ്യുന്നതിലൂടെ അടിയന്തരാവസ്ഥാ നാളുകള്‍ തിരിച്ചു വരുകയാണെന്ന പ്രചാരണത്തിന് ശക്തി പകരും. തളര്‍ന്നു കിടന്ന ബിെ.ജ.പി അവസരം മുതലെടുക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. പൗരസമൂഹം ഒന്നാകെ സര്‍ക്കാരിനെതിരെ രംഗത്തു വന്നിരിക്കുന്നു. എല്ലാം ചേര്‍ന്ന് രാഷ്ട്രീയ അസ്ഥിരതക്ക് കനം വെക്കുന്ന സാഹചര്യം സൃഷ്ടിച്ചു കഴിഞ്ഞു. ആത്യന്തികമായി ഇതിന്റെയൊക്കെ ഗുണം ആര്‍ക്കു ലഭിക്കും? അതേ ഇനി നോക്കാനുള്ളൂ

--

- dated 07 Jun 2011


Comments:
Keywords: India - Samakaalikam - singandramdev India - Samakaalikam - singandramdev,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12520211covid
മഹാമാരിക്കാലത്തെ മഹാപാപികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
29420211covid
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിനു പിന്നില്‍ എന്ത്
തുടര്‍ന്നു വായിക്കുക
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us