ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നടത്തുന്ന തീരുവ യുദ്ധത്തെ നേരിടാന്‍ ബദല്‍ വിപണികള്‍ തേടുന്ന ഇന്ത്യയിലേക്ക് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളെത്തുന്നു. സ്വതന്ത്ര വ്യാപാരക്കരാര്‍ സംബന്ധിച്ച് പതിമൂന്നാം വട്ടം ചര്‍ച്ചകള്‍ക്കാണു യൂറോപ്യന്‍ പ്രതിനിധികള്‍ ഇന്ത്യയിലെത്തുന്നത്.
ഇന്ത്യക്കെതിരേ തങ്ങള്‍ പ്രഖ്യാപിച്ച തീരുവയ്ക്കു സമാനമായ നടപടികളെടുക്കണമെന്ന് യൂറോപ്യന്‍ യൂണിയനോട് ട്രംപ് ആവശ്യപ്പെട്ടിരിക്കെ പ്രതിനിധി സംഘത്തിന്‍റെ സന്ദര്‍ശനം നിര്‍ണായകം. ഇതിനിടെ, ഖത്തറുമായുള്ള വ്യാപാര ഉടമ്പടി അടുത്തമാസം ഒപ്പുവയ്ക്കാനും നടപടികള്‍ പൂര്‍ത്തിയാകുകയാണ്. അടുത്തമാസം വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ ഖത്തര്‍ സന്ദര്‍ശിക്കും.
സ്വതന്ത്ര വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ കൂടുതല്‍ വേഗത്തിലാക്കാനും വര്‍ഷാന്ത്യത്തോടെ അന്തിമ രൂപം നല്‍കാനുമാണ് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ശ്രമിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ കാര്‍ഷിക കമ്മിഷണര്‍ ക്രിസ്റേറാഫ് ഹാന്‍സന്‍, വ്യാപാര മേധാവി മരോസ് സെഫ്കോവിക് എന്നിവരുടെ നേതൃത്വത്തില്‍ 30ലേറെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘം വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ കാര്‍ഷിക മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്നുള്ള അഞ്ചു മാസത്തിനിടെ 10 ചര്‍ച്ചകള്‍ കൂടിയുണ്ടാകും.
ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപം, ഡിജിറ്റല്‍ വ്യാപാരം തുടങ്ങിയ വിഷയങ്ങളിലാണ് സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് നേരത്തെ ചര്‍ച്ചകള്‍ നടന്നത്. കരാര്‍ യാഥാര്‍ഥ്യമായാല്‍ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലെ വിപണികള്‍ ഇന്ത്യയ്ക്ക് തുറന്ന് കിട്ടും. യൂറോപ്പിലെ പ്രധാന രാജ്യമായ യുകെയുമായി ഇന്ത്യ ഇതിനകം വ്യാപാര കരാര്‍ ഒപ്പുച്ചു.
യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ യാഥാര്‍ഥ്യമായാല്‍ മരുന്നുകള്‍, ടെക്സ്റൈ്റല്‍, വാഹനങ്ങള്‍ എന്നിവയ്ക്ക് പുതിയ വിപണി ലഭിക്കും. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യന്‍ യൂണിയന്‍. 2023~24ല്‍ 135 ബില്യണ്‍ ഡോളറിന്‍റെ ഉഭയകക്ഷി വ്യാപാരമാണ് യൂറോപ്യന്‍ യൂണിയനും ഇന്ത്യയുമായി നടന്നത്.

Comments: